വീട് നിർമാണവും വിശ്വാസങ്ങളും

ആഹാരം പോലെ തന്നെ, മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ആവാസത്തിന്നൊരു കേന്ദ്രമെന്നത്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യന്‍ വ്യതിരിക്തനാകുന്ന ഒരു ഘടകമാണ്‌ വീട്‌ എന്ന സങ്കല്‌പം. വീട്‌ കുടുംബത്തിന്റെ ആവാസകേന്ദ്രമാണ്‌. മുസ്‌ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ജലലഭ്യത, യാത്രാസൗകര്യം, പള്ളി സൗകര്യം, മക്കളുടെ വിദ്യാഭ്യാസത്തിന്‌ പ്രാഥമിക വിദ്യാലയങ്ങളുടെ സാമീപ്യം, ഒരുവിധം നല്ല അയല്‍പക്കം. ഏതാണ്ടിത്രയൊക്കെ ഉണ്ടെങ്കില്‍ അനുയോജ്യമായ സ്ഥലം ആണെന്ന്‌ പറയാം. കൂടുതല്‍ അധ്വാനം കൂടാതെ തറകെട്ടാന്‍ പറ്റുന്നത്‌ എവിടെയാണോ അവിടെ വീടുവയ്‌ക്കാം.

 ഇനി വീട്‌ എങ്ങനെയായിരിക്കണം? തന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചേ നിര്‍മാണപദ്ധതി പാടുള്ളൂ. മുറികള്‍ക്കകത്ത്‌ കാറ്റും വെളിച്ചവും കിട്ടണം. ആറുമാസം മഴ പെയ്യുന്ന കേരളത്തിന്റെ നിര്‍മിതിയല്ല മണല്‍കാറ്റടിക്കുന്ന മരുഭൂമിയിലും ഹിമപാതമുള്ള ഗിരിശൃംഗങ്ങളിലും ഭൂകമ്പസാധ്യതകളുള്ള ജപ്പാന്‍ പോലുള്ള പ്രദേശങ്ങളിലും വീടിനു വേണ്ടത്‌. വീടുനിര്‍മാണത്തിലും ധൂര്‍ത്ത്‌ പാടില്ല. ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്‌. വീടിനുള്ളില്‍ നമസ്‌കാരത്തിന്‌ പ്രത്യേകം ഇടം കരുതിവയ്‌ക്കുന്നത്‌ അഭികാമ്യമാണ്‌. വീടിനകത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാതെ വീട്‌ ശ്‌മശാനമാക്കരുത്‌. ദൈവത്തില്‍ ഭരമേല്‍പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും വീടെന്ന അഭയകേന്ദ്രത്തിന്‌ അനുഗ്രഹം ചൊരിയണമെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. (ഗൃഹപ്രവേശമല്ല; നിത്യപ്രവേശം). ഇതെല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദകളാണ്‌. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്‌ലാമിനന്ന്യമാണ്‌.

സ്ഥാനം നോക്കല്‍, കുറ്റിയടിക്കല്‍, കട്ടിലവയ്‌ക്കല്‍ തുടങ്ങിയവ ആത്മീയ പ്രധാനമായ കര്‍മങ്ങളായി കാണുകയും അവയ്‌ക്കൊക്കെ കാര്‍മികന്മാരെ കണ്ടെത്തുകയും ചെയ്യുന്നത്‌ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. അതിന്‌ പ്രമാണങ്ങളുടെയോ ശാസ്‌ത്രീയ തത്വങ്ങളുടെയോ പിന്‍ബലമില്ല. കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ? അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍.

 ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക. നന്മതിന്മകള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന വിധിവിശ്വാസമുള്ള മുസ്‌ലിമിന്‌ ആശാരിക്കണക്കിലെ ചെകുത്താന്‍ ദോഷത്തെ ഭയക്കേണ്ടതില്ല എന്ന്‌ തിരിച്ചറിയുക. ഇസ്‌ലാമിക വിശ്വാസമേത്‌, കടന്നുകൂടിയതേത്‌ എന്ന്‌ വിവേചിച്ചറിയുക. ഇല്ലെങ്കില്‍ പനി വരുമ്പോഴേക്ക്‌ ആശങ്കയാല്‍ മനസ്സ്‌ തളരും.

കക്കൂസിന്റെ സ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ടത്‌ സാനിറ്റേഷന്‍ ശരിയായ വിധത്തിലാണോ, വെയ്‌സ്റ്റ്‌ ടാങ്ക്‌ കിണറില്‍ നിന്ന്‌ ആവശ്യമായ അകലത്തിലായിട്ടില്ലേ എന്നൊക്കെയാണ്‌. കന്നിമൂലയിലോ അഗ്നിമൂലയിലോ എവിടെയാണ്‌ സൗകര്യമെങ്കില്‍ അവിടെ കക്കൂസ്‌ നിര്‍മിക്കാം. കിണറിന്റെ കാര്യവും തഥൈവ. ശാസ്‌ത്രീയമായി ജലലഭ്യത കണ്ടെത്താന്‍ ഇന്ന്‌ സംവിധാനമുണ്ട്‌. ചില പ്രത്യേക രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ജലലഭ്യത അറിയാന്‍ കഴിയുമത്രേ. ചിരപരിചിതമായി വിദഗ്‌ധര്‍ക്ക്‌ ഭൂമിയുടെ കിടപ്പുകണ്ടാല്‍ കുറേയൊക്കെ ജലലഭ്യത ഊഹിക്കാന്‍ കഴിയൂ. എന്നാല്‍ തങ്ങള്‍ക്കും പൂജാരിക്കും അതില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. ചില നാട്ടിലൊക്കെ `കുറ്റിയടി തങ്ങന്മാര്‍' ഉണ്ട്‌. ഓരോ കുറ്റിയടിക്കും അഞ്ഞൂറും ആയിരവും വീമ്പുവാക്കും; വെള്ളം കണ്ടാലും കണ്ടില്ലെങ്കിലും. അന്ധവിശ്വാസം കൈവെടിയുക. ഇസ്‌ലാമിന്റെ ലളിതവും സുതാര്യവുമായ സംസ്‌കാരവും അന്യൂനമായ ഏകദൈവവിശ്വാസവും കൈമുതലാക്കി ജീവിക്കുക. അതിലാണ്‌ വിജയം.

 By അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ് വാരിക