നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങൾ

1. അസർ നമസ്കാരത്തിനു ശേഷം 

 അസർ നമസ്കാരത്തിനു ശേഷം സുന്നത്ത്‌ നമസ്കരിക്കുന്നതിനെ നബി (സ) ശക്തിയായി വിരോധിച്ച ധാരാളം ഹദീസുകൾ ഇബ്നു അബ്ബാസ്‌ (റ), ഉമർ (റ), അബൂഹുറൈറ (റ), മുആവിയ (റ) തുടങ്ങിയ സ്വഹാബി വര്യന്മാരിൽ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്‌. അസർ നമസ്കാരശേഷം സുന്നത്ത്‌ നമസ്കരിക്കുന്നവരെ ഉമർ (റ) ചാട്ടവാർ കൊണ്ട്‌ അടിക്കാറുണ്ടെന്നും ഇബ്നു അബ്ബാസ്‌ (റ) വടി കൊണ്ട്‌ അടിക്കാറുണ്ടെന്നും ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

 എന്നാൽ നബി (സ) അസർ നമസ്കാര ശേഷം രണ്ട്‌ റകഅത്ത്‌ സുന്നത്തു നമസ്കരിക്കാറുണ്ടെന്ന് ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസുകളിൽ പ്രസ്താവിക്കുന്നുണ്ട്‌ [ബുഖാരി]. എന്നാൽ അത്‌ നബി (സ)ക്ക്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും മറ്റുള്ളവർക്ക്‌ നിഷിദ്ധമാണെന്നും ആയിശ (റ) തന്നെ വ്യക്തമാക്കിയത്‌ സഹീഹായ ഹദീസുകളിൽ ഉദ്ധരിക്കുന്നുണ്ട്‌. അതിനാൽ പരസ്പര വൈരുദ്ധ്യം ഇവിടെ ഇല്ല.

 2. സുബ്‌ഹ്‌ നമസ്കാരത്തിനു ശേഷം 

 നബി (സ) സുബ്‌ഹ്‌ നമസ്കാരത്തിന്ന് ശേഷം സുന്നത്ത്‌ നമസ്കാരം ശക്തിയായി വിരോധിച്ച ധാരാളം ഹദീസുകൾ മുകളിൽ ഉദ്ധരിച്ച സ്വഹാബികളിൽ നിന്നു തന്നെ ഇമാം ബുഖാരിയും മുസ്‌ലിമും ഏകോപിച്ചു കൊണ്ട്‌ ഉദ്ധരിക്കുന്നു. എന്നാൽ സുബ്‌ഹിന്റെ മുമ്പുള്ള സുന്നത്ത്‌ നമസ്കാരം നഷ്ടപ്പെട്ടാൽ സുബ്‌ഹിനു ശേഷം നമസ്കരിക്കാമെന്ന് പറയുന്ന ചില ഹദീസുകൾ ഇമാം തുർമുദിയും മറ്റും ഉദ്ധരിക്കുന്നുണ്ട്‌. എന്നാൽ അവയെല്ലാം തന്നെ വിമർശ്ശിക്കപ്പെട്ട നിവേദകന്മാർ സ്ഥലംപിടിച്ച പരമ്പരകളിൽ നിന്ന് ഉദ്ധരിക്കുന്നവയാണ്. പുറമേ സൂര്യൻ ഉദിച്ച ശേഷമായിരുന്നു നബി (സ) അത്‌ വീട്ടിയിരുന്നതെന്ന് അത്തരം ഹദീസുകളിൽ കൂടുതൽ പ്രബലമായവയിൽ പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്‌.

 3. സൂര്യന്റെ ഉദയാസ്തമന വേളയിൽ 

 സൂര്യൻ ഉദിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലും അസ്തമിക്കുന്ന സന്ദർഭത്തിലും നമസ്കരിക്കുന്നതിനെ നബി (സ) വിരോധിക്കുന്നു [ബുഖാരി, മുസ്‌ലിം]. മറ്റൊരു റിപോർട്ടിൽ സൂര്യൻ ആകാശ മാധ്യത്തിൽ നിൽക്കുന്ന സന്ദർഭത്തിലും നമസ്കരിക്കുന്നതിനെ നബി (സ) വിരോധിക്കുന്നുണ്ട്‌ [മുസ്‌ലിം].

by അബ്ദുസ്സലാം സുല്ലമി @ സുന്നത്ത് നമസ്കാരങ്ങൾ