വിവാഹം ഇസ്‌ലാമിൽ

ഇബ്നു മസ്ഊദ് (റ )നിവേദനം.
നബി (സ ) പറഞ്ഞു :

"ഓ,യുവാക്കളെ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹം ചെയ്യുവാൻ  കഴിവുണ്ടെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ. കാരണം, വിവാഹം അവന്റെ ദൃഷ്ടിയെ താഴ്ത്തിക്കളയുന്നതും ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധ്യമല്ലെങ്കിൽ അവൻ നോമ്പനുഷ്ഠിക്കട്ടെ. കാരണം അത് അവനു ഒരു പരിചയാണ്. "

(📚ബുഖാരി )

വിവാഹത്തിന് കഴിവും ആഗ്രഹവുമുണ്ടാവുകയും അതോടൊപ്പം വ്യഭിചാരത്തിൽ അകപ്പെടുമെന്ന്‌ ഭയപ്പെടുകയും ചെയ്താൽ അവന്ന് വിവാഹം കഴിക്കൽ നിർബന്ധമാണ്. കാരണം, മനസ്സിനെ നിഷിദ്ധങ്ങളിൽനിന്ന് പരിരക്ഷിക്കേണ്ടതും പരിശുദ്ധമാക്കിവെക്കേണ്ടതും നിർബന്ധമാണ്.ഇതാകട്ടെ വിവാഹത്തിലൂടെയ ല്ലാതെ സാധ്യമാവുകയില്ല.

ഖുർത്തുബി പറയുന്നു :"വിവാഹത്തിനു സാധ്യതയുള്ളവൻ  വിവാഹത്തിൽ നിന്നകന്നു നിൽക്കുന്നതുകൊണ്ട് തന്റെ ശരീരത്തിനും ദീനിനും തകരാറു സംഭവിക്കുമെന്നും വിവാഹം മാത്രമേ ഇതിനു പ്രതിവിധിയുള്ളുവെന്നും കാണുകയാണെങ്കിൽ വിവാഹം കഴിക്കുന്നത്‌ നിർബന്ധമാണ്.എന്നാൽ അവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ഭാര്യക്ക് ചെലവ് കൊടുക്കാൻ സാധ്യമാവാതെ വരികയുമാണെങ്കിൽ  അവനെകുറിച്ച് അല്ലാഹു പറയുന്നത് :
"വിവാഹം കഴിക്കാൻ കഴിവ് ലഭിക്കാത്തവർ അവർക്ക് അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന്‌ സ്വാശ്രയത്വം നൽകുന്നതുവരെ സന്മാർഗനിഷ്ഠ നിലനിർത്തട്ടെ" (നൂർ 33). ഇങ്ങനെയുള്ളവർ നോമ്പനുഷ്ഠിക്കണം എന്നാണ് ആദ്യം സൂചിപ്പിച്ച ഹദീസിൽ പറഞ്ഞിട്ടുള്ളത്".

വധുവിനെ തിരഞ്ഞെടുക്കൽ

അബൂഹുറൈറ (റ)നിന്ന് നിവേദനം. നബി (സ) പറഞ്ഞു :

"നാല് കാര്യങ്ങൾവേണ്ടി സ്ത്രീയെ വിവാഹം ചെയ്യാറുണ്ട്. അവളുടെ പണത്തിനു വേണ്ടി, കുല മഹിമക്കുവേണ്ടി, സൗന്ദര്യത്തിനു വേണ്ടി, ദീനിന് വേണ്ടി. എന്നാൽ നീ  ദീനുള്ളവളേ തിരഞ്ഞെടുത്തുകൊള്ളുക. അല്ലാത്ത പക്ഷം നിനക്ക്  നാശം. "

(📚ബുഖാരി, മുസ്ലിം )

വധുവിനെ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് അവളിലുള്ള ദീനിനെ കുറിച്ചുള്ള അറിവാണ്. ഇസ്‌ലാമികമായ സ്വഭാവവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും  അവൾ പഠിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദാമ്പത്യ  ജീവിതത്തിൽ വഴക്കുകളും  വിവാഹമോചനത്തിനും കാരണം ഈ ദീനിനെ കുറിച്ചുള്ള അറിവില്ലായ്‌മയാണ്.

ഭാര്യ ഭർത്താവിന്റെ പാർപ്പിടവും കൃഷി സ്ഥലവുമാണ്;ജീവിതപങ്കാളിയും ഗൃഹനാഥയും സന്താനങ്ങളുടെ മാതാവും  ഹൃദയത്തിന്റെ ആശാകേന്ദ്രവും രഹസ്യങ്ങളുടെ സങ്കേതവുമാണ്.

കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരംഗമാണവൾ.കാരണം, സന്താനങ്ങളെ പരിചരിക്കുന്നത് അവളാണ്. പല സ്വഭാവങ്ങളും പ്രത്യേകതകളും അവളിൽ നിന്നാണവർ പഠിച്ചെടുക്കുന്നത്.കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നത് മാതാവിന്റെ മടിത്തട്ടിൽ വെച്ചാണ്. അവർ കഴിവുകൾ വളർത്തുന്നതും ഭാഷകൾ സ്വായത്തമാക്കുന്നതും ആചാരസമ്പ്രദായങ്ങൾ സ്വംശീകരിക്കുന്നതും ദീൻ അറിയുന്നതും സാമൂഹിക സമ്പ്രദായങ്ങൾ ശീലിക്കുന്നതുമെല്ലാം അവളുടെ മടിത്തട്ടിൽ നിന്നു തന്നെ.

ഇക്കാരണത്താൽ സദ് വൃത്തയായ വധുവിനെ തിരഞ്ഞെടുക്കുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അവളെ അന്വേഷിക്കപ്പെടുകയും ആഗ്രഹികപ്പെടുകയും ചെയ്യുന്ന ഒരു സദ് വിഭവമാക്കിവെയ്ക്കുകയും  ചെയ്തിരിക്കുന്നു.

സദ് വൃത്തി എന്നാൽ മതനിഷ്‌ഠപാലിക്കുക, ശ്രേഷ്ഠഗുണങ്ങൾ മുറുകെ പിടിക്കുക, ഭർത്താവിനോടുള്ള ബാധ്യത നിറവേറ്റുക, സന്താനങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയല്ലതെ മറ്റൊന്നുമല്ല. അതുതന്നെയാണ് പരിഗണിക്കപ്പെടേണ്ടതും.

എന്നാൽ ജനങ്ങൾ അധികവും അന്വേഷിക്കാറുള്ളത് കൂടുതൽ പണം, സൗന്ദര്യം, പ്രൗഢി, തറവാടിത്തം അല്ലെങ്കിൽ പിതാക്കന്മാരുടെ മറ്റു യോഗ്യതകൾ എന്നിവയാണ്. ആത്മീയമായ വിശുദ്ധിയോ നല്ല ശിക്ഷണമോ അവർ പരിഗണിക്കാറില്ല. അതിനാൽ വിവാഹം തിക്തമായിത്തീരുകയും വിനാശകരമായ പരിണതിയിലെത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ രീതിയിലുള്ള വിവാഹത്തെ കുറിച്ച് നബി (സ) മുന്നറിയിപ്പ് നൽകിയത്.

വരനെ തിരഞ്ഞെടുക്കൽ

🔹നബി (സ)പറഞ്ഞു :

"തന്റെ പ്രിയപ്പെട്ടവളെ ഒരു തെമ്മാടിക്ക് വിവാഹം ചെയ്തു കൊടുത്തവൻ  അവളുമായുള്ള രക്തബന്ധം മുറിച്ചു കളഞ്ഞു "

🔹ഹസനുബ്നു അലി (റ)യോട് ഒരാൾ ചോദിച്ചു : "എനിക്ക് ഒരു മകളുണ്ട്. അവളെ ഞാൻ ആർക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നാണ് താങ്കളുടെ അഭിപ്രായം ?.അദ്ദേഹം പറഞ്ഞു :അല്ലാഹുവിനെ ഭയപ്പെടുന്നവന്ന് വിവാഹം ചെയ്തു കൊടുക്കുക. കാരണം, അവൻ ഇഷ്ടപ്പെട്ടാൽ അവളെ ആദരിക്കും. കോപിച്ചാൽ അവളെ അക്രമിക്കുകയില്ല."

🔹ആയിശ (റ)പറഞ്ഞു : "വിവാഹം അടിമത്തമാണ്. അതിനാൽ, തന്റെ പ്രിയപ്പെട്ടവളെ എവിടെയാണ് ഏൽപ്പിക്കുന്നതെന്ന് ഓരോരുത്തരും ആലോചിക്കണം. "

രക്ഷിതാവിനാണ് തന്റെ കീഴിലുള്ള പെൺകുട്ടികൾക്ക് വരനെ തിരഞ്ഞെടുക്കാനുള്ള ചുമതല. ( പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്താൻ പാടുള്ളതല്ലായെന്ന് നബി (സ )കല്പ്പിച്ചതായി ബുഖാരിയിലും മറ്റു ഹദീസുകളിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. )

മതനിഷ്‌ഠയും സൽസ്വാഭാവവും മാന്യതയും ഉത്തമചര്യയുമുള്ള ഒരാൾക്കല്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. അവൻ അവളുമായി ബന്ധപെടുകയാണെങ്കിൽ  മര്യാദപൂർവ്വം ബന്ധപ്പെടണം.

ഇമാം ഗസ്സാലി (റ) തന്റെ 'ഇഹ്‌യാഇ 'ൽ പറയുന്നു :അവളുടെ ഭാഗം സൂക്ഷ്മതയോടെ പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്....അതിനാൽ ഒരാൾ തന്റെ മകളെ ഒരാക്രമിക്കോ തെമ്മാടിക്കോ ബിദ്‌അത്തുകാരനോ കള്ളുകുടിയനോ വിവാഹം ചെയ്തുകൊടുക്കുകയാണെങ്കിൽ അവൻ തന്റെ ദീനിനോട് തെറ്റ് ചെയ്തു.കുടുംബബന്ധം മുറിച്ചതിലൂടെയും തെറ്റായ    വരനെ തിരഞ്ഞടുത്തതിലൂടെയും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു."""

(📚ഫിഖ്ഹുസുന്ന)

By സൽമാൻ സുയൂത്തി