തിന്മകൾ പരസ്യപ്പെടുത്തരുത്‌

"തിന്മകൾ പറഞ്ഞ്‌ പരസ്യമാക്കുന്നത്‌ അല്ലാഹുവിനു ഇഷ്ടമില്ലാത്തതാകുന്നു; മർദ്ദിദനൊഴികെ. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ." [അദ്ധ്യായം 4 നിസാഅ് 148]

ഉൽകൃഷ്ട സ്വഭാവങ്ങളുള്ള ഒരു സമൂഹത്തേയാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്‌. നന്മകളും സദാചാരങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു മാതൃകാ സമൂഹത്തെ. മനുഷ്യന്റെ പ്രത്യേകത, നന്മകളെപ്പോലെത്തന്നെ തിന്മകളും അവനു ചെയ്യാൻ കഴിയും എന്നതാണല്ലോ. എന്നാൽ തിന്മകൾ സംഭവിച്ചു പോയാൽ പശ്ചാതപിക്കുകയും ആത്മാർത്ഥമായി ആ തെറ്റിൽ നിന്നും മടങ്ങുകയുമാണ് വേണ്ടത്‌.

തെറ്റുകുറ്റങ്ങൾ സ്വയം ചെയ്തുപോയാലും മറ്റാരെങ്കിലും ചെയ്യുന്നത്‌ കണ്ടാലും അതിനു അനാവശ്യമായ പ്രചാരണം നൽകി സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ മുഴുകാൻ പാടില്ല. തെറ്റുകൾ തിരുത്താനും തിരുത്തിക്കാനും ശ്രമിക്കുകയും സമൂഹത്തിന്റെ നല്ല ഇമേജ്‌ കാത്തുസൂക്ഷിക്കുകയുമാണ് വേണ്ടത്‌.

ഒരാൾ ഒരു തിന്മ ചെയ്ത്‌ അത്‌ മറ്റുള്ളവരുടെ മുന്നിൽ പരസ്യപ്പെടുത്തുമ്പോൾ തെറ്റിനോടുള്ള മറ്റുള്ളവരുടെ മനോഭാവത്തിൽ മാറ്റം വരാം. തെറ്റുകൾ ചെറുതായി തോന്നാനും സാമാന്യവൽക്കരിച്ചു കൊണ്ട്‌ ഗൗരവമില്ലാതെയാവാനും അത്‌ ഇടവരുത്തും. മറ്റൊരാളുടെ തെറ്റുകൾ അയാളോട്‌ പറഞ്ഞ്‌ തിരുത്തുകയാണ് വേണ്ടത്‌. മറിച്ച്‌ അത്‌ പാടി നടക്കുന്നതായാൽ പരദൂഷണം എന്ന മഹാപാപത്തിന്റെ വാക്താക്കളാവുകയാണ് ചെയ്യുക. സഹോദരന്റെ ശവത്തിൽ നിന്ന് മാംസം തിന്നുന്നതിനോടാണ് അല്ലാഹു ഇതിനെ ഉപമിച്ചത്‌. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞന്വേഷിക്കുന്നത്‌ ഇസ്‌ലാം വിലക്കിയതുമാണ്.

കുറ്റകൃത്യങ്ങൾ ദൃശ്യവൽക്കരിച്ചു കൊണ്ട്‌ വാർത്താമാധ്യമങ്ങളിൽ നിരന്തര ചർച്ചകളായപ്പോൾ കുറ്റകൃത്യങ്ങളോട്‌ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നതായും അവയുടെ എണ്ണം കൂടിയതായും ആധുനിക ലോകം ലാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ എന്തനീതിയും അക്രമവും നടന്നാലും അതിനെതിരെ പ്രതികരിക്കരുതെന്നോ അത്‌ പുറത്തുകൊണ്ടു വരരുതെന്നോ ഇതിനർത്ഥമില്ല. മർദ്ദിക്കപ്പെട്ടവനും അക്രമത്തിനിരയായവനും നീതി ലഭിക്കേണ്ടതുണ്ട്‌. അതിനു നിയമപാലകരുടെ മുന്നിലും ചിലപ്പോൾ ജനമധ്യത്തിലും അവ വെളിപ്പെടുത്തേണ്ടി വരും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുവാനും ഇത്തരം ക്രൂരതകളും തിന്മകളും ചെയ്താൽ ഇഹലോകത്തിൽ തന്നെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ചിലപ്പോൾ ഇതാവശ്യമായി വരും. അല്ലാഹുവിനു നമ്മുടെ ഉദ്ദേശ്യം അറിയാമല്ലോ.

by പി അബ്ദു സലഫി @ Pudava Monthly