പിശാചിന്റെ വാഗ്ദാന ലംഘനം

"കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌ : 'തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു.' തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌." [അദ്ധ്യായം 14 ഇബ്രാഹിം 22]

മഹത്തായ തത്വങ്ങളിലേക്ക്‌ മേൽ സൂക്തം വെളിച്ചം തൂകുന്നു.

1. ഇമാം റാസി (റ) എഴുതുന്നു : "മനുഷ്യനെ മറിച്ചിടുവാനും അവന്റെ അവയവങ്ങൾക്ക്‌ വൈകല്യങ്ങൾ ഉണ്ടാക്കുവാനും അവന്റെ ബുദ്ധിയെ മാറ്റിമറിക്കുവാനും ഉള്ള കഴിവ്‌ പിശാചിനു ഇല്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. സാധാരണക്കാരായ ജനങ്ങളും വിജ്ഞാനമില്ലാത്ത പാമരന്മാരും വിശ്വസിക്കുന്ന വിശ്വാസമാണിത്‌.

2. പിശാചിനു രോഗം ഉണ്ടാക്കുവാനും രോഗം പകർത്തുവാനുമുള്ള കഴിവ്‌ അല്ലാഹു നൽകിയിട്ടില്ല. ഈ കഴിവ്‌ അവനുണ്ടായിരുന്നുവെങ്കിൽ വിശ്വാസികളെ മുഴുവൻ അവൻ നിരന്തരമായി രോഗത്തിനു വിധേയമാക്കി വഴിതെറ്റിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

3. മനുഷ്യന്റെ മേൽ തിന്മ നിർബന്ധിപ്പിക്കുവാനുള്ള കഴിവും പിശാചിനില്ല. വസ്‌വാസിലൂടെ തിന്മയിലേക്ക്‌ ക്ഷണിക്കുവാനുള്ള കഴിവ്‌ മാത്രമാണ് പിശാചിനുള്ളത്‌. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഉണ്ടായാൽ തന്നെ  ആ വസ്‌വാസ്‌ നീങ്ങുന്നതാണ്.

4. ഇമാം റാസി (റ) പറയുന്നു : "ഈ സൂക്തം അടിസ്ഥാനപരമായ പിശാച്‌ മനുഷ്യന്റെ ദേഹേച്ഛയാണെന്ന് അറിയിക്കുന്നു. കാരണം മനുഷ്യന് തന്റെ ദേഹേച്ഛക്ക്‌ കീഴ്പ്പെടുന്ന സ്വഭാവമില്ലായിരുന്നെങ്കിൽ പിശാചിനു യാതൊന്നും ചെയ്യുവാൻ സാധിക്കുമായിരുന്നില്ല."

5. പരലോകമില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ പലരുടേയും ശുപാർശ്ശ കൊണ്ട്‌ അവിടന്ന് രക്ഷപ്പെടാൻ കഴിയും എന്നെല്ലാമുള്ള വികല വിശ്വാസങ്ങൾ മനുഷ്യരിൽ പിശാച്‌ ഉണ്ടാക്കിയതാണ് ഈ സൂക്തത്തിൽ പിശാച്‌ ചെയ്തതായി പറയുന്ന വാഗ്ദാനം.

6. ഇമാം ഖുർതുബി (റ) തന്റെ ത്ഫ്സീറിൽ ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇങ്ങനെ എഴുതുന്നു : "അനുസരണത്തിൽ അല്ലാഹുവിന്റെ കൂടെ പിശാചിനേയും പങ്കു ചേർത്തു എന്നർത്ഥം." അതായത്‌ അല്ലാഹുവിന്റെ നിയമത്തേക്കാൾ എനിക്ക്‌ തോന്നുന്നതാണ് ഞാൻ അനുസരിക്കേണ്ടത്‌ എന്ന് വിചാരിച്ച്‌ ഒരാൾ തിന്മ ചെയ്യുകയാണെങ്കിൽ തന്റെ ഇച്ഛയേയും പിശാചിനേയും അവൻ അല്ലാഹുവിൽ പങ്കുചേർക്കുകയാണ് ചെയ്യുന്നത്‌. അതോടെ അത്‌ ശിർക്കും റുബൂബിയ്യത്തിൽ പങ്കുചേർക്കലുമാകുന്നു.

By അബുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം