വിജയത്തിലേക്കുള്ള യഥാർത്ഥ ഘടകങ്ങൾ


"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം." [അദ്ധ്യായം 5 മാഇദ 35]

പാരത്രിക ജീവിതത്തിൽ ശാശ്വതവിജയം നേടുക എന്നതാവണം ഒരു വിശ്വാസിയുടെ പ്രധാന ലക്ഷ്യം. വളരെ പ്രാധാന്യമുള്ള മൂന്നു കാര്യങ്ങളാണ് ആ വിജയം യാഥാർത്ഥ്യമാക്കിത്തരുന്നത്‌. സ്രഷ്ടാവായ അല്ലാഹുവിനെ സൂക്ഷിച്ചും ഭയന്നും പ്രവർത്തിക്കുകയാണ് ഒന്നാമത്തെ കാര്യം. അല്ലാഹു അറിയാതെ നമുക്കൊന്നും ചെയ്യാനാവില്ല. മനസ്സിൽ കരുതുന്നതും മറക്കകത്തിരുന്നു ചെയ്യുന്നതും നാലാൾ കാൺകെ പ്രവർത്തിക്കുന്നതുമെല്ലാം വളരെ വ്യക്തമായി കാണുന്നവനും അറിയുന്നവനുമാണ് പ്രപഞ്ചനാഥൻ. അതിനാൽ അവൻ അനുവദിച്ചതേ ചെയ്യാവൂ.

അവനിലേക്കടുക്കുവാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് രണ്ടാമത്തെ കാര്യം. അല്ലാഹുവിന് വഴിപ്പെട്ട്‌, അവൻ നിർദ്ദേശിച്ച കാര്യങ്ങൾ കൂടുതൽ പ്രവർത്തിച്ച്‌ അവന്റെ സാമീപ്യം നേടിയെടുക്കലാണത്‌. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്യുന്ന അടിമകളിലേക്ക്‌ അല്ലാഹു അടുത്തുകൊണ്ടിരിക്കും. കൂടുതൽ പുണ്യകർമ്മങ്ങൾ ചെയ്യുന്നവരെ അല്ലാഹു വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യും.

അല്ലാഹുവിലേക്ക്‌ സമീപന മാർഗ്ഗം തേടുക എന്നതിന്റെ വിവക്ഷ, അല്ലാഹു പഠിപ്പിച്ച സൽകർമ്മങ്ങൾ ചെയ്യുക എന്നത്‌ മാത്രമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. മരണപ്പെട്ട വ്യക്തികളോ മഖ്‌ബറകളോ ഇടയാളന്മാരായി അല്ലാഹുവിലേക്ക്‌ അടുക്കാമെന്ന് ചിലർ ഈ വചനത്തെ ദുർവ്യാഖ്യാനം ചെയ്ത്‌ സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്‌. ഇസ്‌ലാം പഠിപ്പിച്ച അടിസ്ഥാനാശയമായ ഏകദൈവ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്ന സമീപനമാണിത്‌.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ് വിശ്വാസികളെ വിജയത്തിലേക്ക്‌ നയിക്കുന്ന മൂന്നാമത്തെ ഘടകം. അവന്റെ മതം ആചരിക്കുന്നതിനും അത്‌ പ്രബോധനം ചെയ്യുന്നതിനും ഓരോരുത്തരും നടത്തുന്ന ത്യാഗപരിശ്രമങ്ങളാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്‌. തന്നിഷ്ടങ്ങൾക്കും ദേഹേച്ഛകൾക്കുമെതിരെ പോരാടി, മനസ്സിനെ തെറ്റിൽ നിന്ന് തടുത്ത്‌ നിർത്തി, അല്ലാഹു ഇഷ്ടപ്പെടുന്ന വഴികളിലേക്ക്‌ മാത്രം തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മ സമരത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യം. ചുരുക്കത്തിൽ സൂക്ഷമ, സൽകർമ്മം, ത്യാഗം ഇവയാണ് വിജയത്തിന്റെ യഥാർത്ഥ ഘടകങ്ങൾ.

By പി അബ്ദു സലഫി @ പുടവ കുടുംബ മാസിക