ഏറ്റവും നല്ലതിൽ നിന്ന് ചിലവഴിക്കുക

"സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ നാം ഉല്‍പാദിപ്പിച്ച്‌ തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ ( ദാനധര്‍മ്മങ്ങളില്‍ ) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന്‌ നിങ്ങള്‍ അറിഞ്ഞു കൊള്ളുക." [അദ്ധ്യായം 2 ബഖറ 267]

ചിലവഴിക്കുന്ന വസ്തു താണതരത്തില്‍പെട്ടതോ, കേടുപാടുള്ളതോ, നിഷിദ്ധമായതോ, ആയിരിക്കരുത് എന്നത്രെ നല്ല വസ്തുക്കളില്‍ ( طَيِبَات ) നിന്ന് ചിലവഴിക്കണം എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ദാനധര്‍മങ്ങള്‍ക്ക് ചീത്തയായതും താണതരത്തില്‍പ്പെട്ടതുമായ വസ്തുക്കളെ ഉപയോഗിക്കുന്ന സമ്പ്രദായം പലരിലും കാണാം. ഇത് അല്ലാഹു വിരോധിക്കുന്നു. അങ്ങനെയുള്ള വസ്തുക്കളെ ഇങ്ങോട്ടാരെങ്കിലും തരുമ്പോള്‍- വിട്ട് വീഴ്ച ചെയ്ത് കണ്ണടച്ചു കൊണ്ടല്ലാതെ-അത് സ്വീകരിക്കുവാന്‍ ആരും മടിക്കുമല്ലോ. അതുപോലെ അങ്ങോട്ട് കൊടുക്കുന്നവസ്തുക്കളും നല്ലതും മുന്തിയതുമായിരിക്കേണ്ടതാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ കല്‍പിക്കുന്നതും ഉപദേശിക്കുന്നതും മനുഷ്യന്‍റെ തന്നെ ഗുണത്തിനു വേണ്ടിയാണ്. അല്ലാഹുവിന് അതിലൊന്നും യാതൊരാവശ്യമോ നേട്ടമോ ഇല്ല. അവന് ആരുടെയും ഒരുവിധത്തിലുള്ള ആശ്രയവും വേണ്ടാ. അവന്‍റെ ഗുണങ്ങളിലും പ്രവൃത്തികളിലുമെല്ലാം അവന്‍ പരിപൂര്‍ണമായും സ്തുതികീര്‍ത്തനങ്ങള്‍ക്ക് അര്‍ഹനാകുന്നു എന്നൊക്കെയാണ് اللَّهَ غَنِيٌّ حَمِيدٌ(അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമാണ്) എന്ന വാക്യം സൂചിപ്പിക്കുന്നത്. 

കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ കുടുങ്ങിപ്പോകും. സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ കഷ്ടപ്പെടും എന്നിങ്ങനെയുള്ള വിചാരവും ഭയവുമാണ് മനുഷ്യനെ പിശുക്കനാക്കുന്നത്. അതേ സമയത്ത് നല്ല വഴിയില്‍ ചിലവഴിക്കുവാന്‍പിശുക്ക് തോന്നുന്ന അതേ വസ്തുക്കളെ ചിലപ്പോള്‍ ദുര്‍വൃത്തികളിലും തോന്നിയവാസങ്ങളിലും അവന്‍ ചിലവഴിച്ചെന്നും വരും. പിശാചില്‍നിന്നുണ്ടാകുന്ന ഭീഷണികളുടെയുംദുഷ്‌പ്രേരണകളുടെയും ഫലമാണിത്. മനുഷ്യമനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴിപിഴപ്പിക്കലാണ് പിശാചിന്‍റെ ജോലി. അവനാണ് ആ വിചാരങ്ങള്‍ മനുഷ്യമനസ്സുകളില്‍ കുത്തിച്ചെലുത്തുന്നത്. നേരെമറിച്ച് അല്ലാഹുവും മനുഷ്യരോട് ചില വാഗ്ദാനങ്ങളൊക്കെ ചെയ്യുന്നുണ്ട്. വല്ലതും ചിലവഴിച്ചാല്‍ ഉടനെത്തന്നെ അതിലധികം അവന്പകരം ലഭിക്കുമെന്നല്ല അത്. അതിനെക്കാള്‍ മഹത്തരമത്രെ അവന്‍റെ വാഗ്ദാനം. പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും, അനുഗ്രഹവും ദയവും നല്‍കുമെന്നുമാണത്. ഈ ജീവിതത്തില്‍ വെച്ച് ലഭിക്കാവുന്ന ഏത് നേട്ടത്തെക്കാളും വമ്പിച്ചത് അതാണ്

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം