ശപിക്കപ്പെടാതിരിക്കാൻ

"ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.  അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല.അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ." [അദ്ധ്യായം 5 മാഇദ 78,79]

അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങൾ ലഭിച്ച ഒരു സമൂഹമായിരുന്നു ഇസ്‌റാഈൽ സന്തന്തികൾ. എന്നാൽ അവരിലേക്ക്‌ നിയോഗിക്കപ്പെട്ട പ്രഗൽഭരായ രണ്ട്‌ പ്രവാചകന്മാരുടെ നാവിനാൽ തന്നെ അവർ ശപിക്കപ്പെടുകയുണ്ടായി. മൂന്ന് കാരണങ്ങളായിരുന്നു അതിന്റെ പിന്നിൽ.

ഒന്ന് : ദൈവിക നിർദ്ദേശങ്ങളേയും പ്രവാചകന്മാരുടെ അധ്യാപനങ്ങളേയും അവർ അനുസരിച്ചില്ല.

രണ്ട്‌ : സമാധാനവും നീതിയും നാട്ടിൽ നിലനിർത്താൻ നിർദ്ദേശിക്കപ്പെട്ടിട്ടും അതിക്രമങ്ങളുടെ വഴിയാണ് അവർ തിരഞ്ഞെടുത്തത്‌.

മൂന്ന് : ദുരാചാരങ്ങളും നികൃഷ്ട പ്രവർത്തനങ്ങളും കാണുമ്പോൾ എതിർക്കുകയോ തടയുകയോ ചെയ്യാതെ മൗനസമ്മതം നൽകി അവയെ നിസ്സാരവൽക്കരിച്ചു.

ആധുനിക മുസ്‌ലിം സമൂഹം ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ. ഇത്തരം സ്വഭാവങ്ങൾ ആരിലുണ്ടായാലും അവർക്ക്‌ അല്ലാഹുവിന്റെ ശാപവും ശിക്ഷയും വരുമെന്നുറപ്പാണ്. അല്ലാഹുവിന്റെ കൽപനകളും ഖുർആനിന്റെ നിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാൽ നബി (സ)യുടെ ഉപദേശങ്ങളെ അവഗണിച്ചാൽ ഇരു ലോകത്തും നാശം ഉറപ്പാണ്. തന്നിഷ്ടത്തിനനുസരിച്ച്‌ പ്രവർത്തിക്കുകയും അക്രമത്തിന്റേയും അനീതിയുടേയും വഴി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്‌ സ്വന്തം നാശത്തിലേക്ക്‌ നയിക്കും.

തിന്മകളിൽ നിന്ന് പൂർണമായും വിട്ട് നിൽക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിന്മകൾക്കെതിരെ പ്രതികരിച്ച് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപിനായി പണിയെടുക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. തെറ്റുകൾ വന്നുപോയാൽ പശ്ചാത്തപിച്ച് അതിൽ നിന്ന് മാറി നിൽക്കാൻ കഴിയണം. നന്മ കൽപിക്കലും തിന്മ വിരോധിക്കലും വിശ്വാസികളുടെ ഒഴിച്ച് കൂടാനാവാത്ത കർമമായി നിശ്ചയിക്കപ്പെട്ടതാണ്. ഇത് അവഗണിക്കുന്നവർക്ക് അല്ലാഹുവിന്റെ ശിക്ഷ വരുമെന്ന് നബി (സ) മുന്നറിയിപ്പ് നൽകുന്നുണ്ട്. അബൂ സഈദ് ഖുദരി (റ) നിവേദനം : നബി (സ) പറഞ്ഞു : "നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം കണ്ടാൽ അവൻ അത് അവന്റെ കൈകൊണ്ട് തടയട്ടെ. അതിന് സാധിക്കാത്ത പക്ഷം തന്റെ നാവ് കൊണ്ടും അതിനും കഴിയാത്ത പക്ഷം തന്റെ മനസ്സ് കൊണ്ടും തടയട്ടെ. ഈമാനിന്റെ അതി ദുർബല വശമത്രെ അത്." (മുസ്‌ലിം)

by അബ്ദു സലഫി @ പുടവ മാസിക