പാപഭാരം ചുമക്കൽ

"ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം." [അദ്ധ്യായം 6 അൻആം 164]

ഓരോ ആളും അവരവരുടെ കര്‍മങ്ങള്‍ക്ക്‌ ഉത്തരവാദിയായിരിക്കും كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ (എല്ലാ ഓരോരുത്തനും അവന്‍ സമ്പാദിച്ചുവെച്ചതിന്‌ പണയമാകുന്നു - 52:21). ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയില്ല. وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ وَلَوْ كَانَ ذَا قُرْبَىٰ (ഭാരം പിടിപെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുവാന്‍ -മറ്റൊരാളെ- വിളിച്ചാല്‍, അടുത്ത ബന്ധമുള്ളവനായാലും ശരി, അതില്‍നിന്ന്‌ ഒന്നും തന്നെ വഹിക്കപ്പെടുകയില്ല - 35:18) ഇത്‌ അല്ലാഹുവിന്‍റെ ഖണ്ഡിതമായ ഒരു നിയമ തത്വമാകുന്നു. ആരാധ്യവസ്‌തുക്കളുടെയോ, ശുപാര്‍ശകന്മാരുടെയോ ഇടപെടലുകളൊന്നും അവിടെ നടക്കുകയില്ല. നന്മയെങ്കില്‍ നന്മ, തിന്മയെങ്കില്‍ തിന്മ. അതതിന്‍റെ കര്‍ത്താവ്‌ തന്നെ അതതിന്‍റെ ഫലം തികച്ചും അനുഭവിക്കും.

 എന്നാല്‍, ഒരാള്‍ ഒരു നല്ല കാര്യം നടപ്പില്‍ വരുത്തിയാല്‍ അതിന്‍റെയും, അത്‌ പ്രവര്‍ത്തിച്ചവരുടെയും, പ്രതിഫലം -അവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരാതെ- അവന്‌ ലഭിക്കുമെന്നും, ഒരാള്‍ ഒരു ചീത്ത കാര്യം നടപ്പില്‍ വരുത്തിയാല്‍ അതിന്‍റെയും, അത്‌ പ്രവര്‍ത്തിച്ചവരുടെയും കുറ്റം -അവരുടെ കുറ്റത്തില്‍ ഒരു കുറവും വരാതെ- അവനുണ്ടാകുമെന്നും നബി(സ) അരുളിച്ചെയ്‌തിട്ടുണ്ട്‌ (മു). ഇത്‌ ആ തത്വത്തിന്‌ എതിരോ വിരുദ്ധമോ ആകുന്നില്ല. ആ പ്രതിഫലവും, ആ കുറ്റവും അവന്‍ നടപ്പാക്കിയതിന്‍റെ ഫലമാണല്ലോ. അതു കൊണ്ടാണ്‌ `അവരുടെ പ്രതിഫലത്തിലും കുറ്റത്തിലും ഒരു കുറവും വരാതെ' എന്ന്‌ നബി(സ) പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. അവര്‍ ചെയ്‌തതിന്‍റെ പ്രതിഫലവും കുറ്റവും അവര്‍ക്ക്‌ തന്നെ. അവന്‍ നടപ്പാക്കിയതിന്‍റെയും അത്‌ നടന്നുകൊണ്ടിരിക്കുന്നതിന്‍റെയും പ്രതിഫലവും കുറ്റവുമാണ്‌ അവന്‌ ലഭിക്കുന്നത്‌ എന്നര്‍ത്ഥം.

By അമാനി മൗലവി