സുഹൃദ് ബന്ധങ്ങളുടെ സൗന്ദര്യം

"ചീത്ത കൂട്ടുകാരനേക്കാള്‍ നല്ലത് ഏകാന്തതയാണ്. നല്ല കൂട്ടുകാരനുണ്ടാകുകയാണ് ഏകാന്തതയേക്കാള്‍ നല്ലത്. മൗനത്തേക്കാള്‍ ഗുണകരം നല്ലത് പറയലാണ്. മൗനമായിരിക്കും മോശമായ സംസാരത്തേക്കാള്‍ നല്ലത്." [ബൈഹഖി]

ഇഹപര ജീവിതം വിജയം വരിക്കുവാന്‍ ഇസ്‌ലാമിക അന്തരീക്ഷം എല്ലാ തലങ്ങളിലും നിലനിര്‍ത്തണം. ഇതിന്നാവശ്യമായ വിധത്തിലാണ് പ്രവാചകന്‍ നല്‍കുന്ന ശിക്ഷണ ശീലങ്ങള്‍ (തര്‍ബിയത്ത്). വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം വിശ്വാസ ആരാധനകളില്‍ കൃത്യത പാലിക്കുന്ന പലരും വഴിതെറ്റുന്നതും ജീര്‍ണസംസ്‌കാരം സ്വീകരിക്കുന്നതും സുഹൃദ്‌വലയങ്ങളിലൂടെയാണ്. രണ്ട് കാര്യങ്ങളാണ് ഈ ഹദീസിന്റെ മുഖ്യ പ്രമേയം.

ഒന്ന്, നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും നല്‍കുന്നവരായിരിക്കും. ഒറ്റക്കിരിക്കുന്നതിനേക്കാള്‍ ഇത്തരം സുഹൃത്തുക്കളെ നാം കണ്ടെത്തണം. നമ്മുടെ ഈമാനും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ സുഹൃദ് ബന്ധങ്ങള്‍ സഹായിക്കും. നാം കാരണം അത്തരം നേട്ടങ്ങള്‍ അവര്‍ക്കുമുണ്ടാകും. ഇവരെ നബി(സ) ഉപമിച്ചിരിക്കുന്നത് സുഗന്ധവ്യാപാരിയോടാണ്. അയാളുടെ സാമീപ്യം തന്നെ നമുക്ക് അത്തറിന്റെ പരിമളം നല്‍കും. വിലകൊടുത്ത് അത് വാങ്ങുകയും ചെയ്യാം. മോശമായ കൂട്ടുകെട്ട് കൊല്ലന്റെ അടുപ്പിനടുത്ത് ഇരിക്കുന്നതിന് സമമാണ്. എത്ര സൂക്ഷിച്ചാലും അതിലെ കരിയും പുകയും കാരണം ശരീരവും വസ്ത്രവും മുഷിയും. ഒരാളെ ക്കുറിച്ച് അറിയാന്‍, അയാളുടെ ആത്മസുഹൃത്ത് ആരാണെന്ന് അന്വേഷിച്ചാല്‍ മതി എന്ന് അറബി കവി പറയുന്നു. കാരണം ആരുമായാണോ ചങ്ങാത്തം, അയാളുടെ സ്വഭാവഗുണങ്ങള്‍ രണ്ടാമനിലും ഉണ്ടായിരിക്കും.

പ്രസിദ്ധ ചിന്തകനായ ലുഖ്മാനുല്‍ഹകീം മകന് നല്‍കുന്ന ഉപദേശത്തിലും ഈ ഭാഗം പരാമര്‍ശിക്കുന്നു. ഈമാന്‍ കഴിഞ്ഞാല്‍ പ്രധാനം സദ്‌വൃത്തനായ സുഹൃത്തിന്റെ സാന്നിധ്യമാണ്. അയാള്‍ വടവൃക്ഷമായിരിക്കും. ചുവട്ടില്‍ ഇരുന്നാല്‍ തണല്‍ കൊലഌം. മുകളിലെ പഴങ്ങള്‍ ഭക്ഷിക്കുകയും ചെയ്യാം. ഇത് രണ്ടുമില്ലെങ്കിലും വൃക്ഷം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നുമില്ല. ഭക്തിയും ധര്‍മബോധവും നഷ്ടപ്പെടുത്തുന്ന ചീത്ത സൗഹൃദങ്ങള്‍ പരലോകത്ത് വലിയ ദുരന്തമായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (25:27-29). സുഹൃത്തുക്കളെ കണ്ണി ചേര്‍ക്കുന്ന ഘടകങ്ങള്‍ ഈമാനും ആരാധനാനിഷ്ഠയും സൂക്ഷ്മതാബോധവുമായിരിക്കണം. അതിന്റെ അഭാവത്തില്‍, മോശമായ സൗഹൃദങ്ങളിലേക്ക് പോകാതെ, തനിച്ച് കഴിയുകയെന്നതാണ് അഭികാമ്യം. അവനവന്റെ ഈമാനിനോടും ധര്‍മനിഷ്ഠയോടും സൗഹൃദം പുലര്‍ത്തി ജീവിക്കുമ്പോള്‍, മറ്റു സൗഹൃദങ്ങള്‍ നേടിത്തരുന്നതിനേക്കാളേറെ  ആനന്ദം ലഭിക്കുമെന്നത് ഉറപ്പാണ്.

സംസാരത്തില്‍ പാലിക്കേണ്ട മര്യാദയാണ് ഹദീസിന്റെ രണ്ടാം ഭാഗം. നല്ലത് പറയുകയെന്നത് ഈമാനിന്റെ ഏറ്റവും നല്ല ഉല്‍പന്നമാണ്. മനസ്സും ചിന്തകളും നന്മയില്‍ നിലകൊള്ളുമ്പോള്‍ മാത്രമേ നാവിലൂടെ പുറത്തുവരുന്നത് നല്ല സംസാരമാവുകയുള്ളൂ. ഖുര്‍ആന്‍ നല്‍കുന്ന ശിക്ഷണശീലങ്ങളിലും സംസാര മര്യാദകള്‍ ഊന്നിപ്പറയുന്നുണ്ട്. നിങ്ങള്‍ സംസാരിക്കുമ്പോള്‍ നീതി പാലിക്കുക (6:52). ജനങ്ങളോട് നല്ലത് പറയുക (2:82) തുടങ്ങിയ വചനങ്ങള്‍ ഇതില്‍പെട്ടതാണ്. സംസാരം ദുഷിക്കുന്നതും ജീര്‍ണമാകുന്നതും മരണസമാനമാണെന്ന് ഉമര്‍(റ) പറയുന്നു. സംസാരം, അധികരിക്കുമ്പോള്‍ അബദ്ധങ്ങള്‍ വര്‍ധിക്കുന്നു. അബദ്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ ലജ്ജാശീലം കുറയുന്നു. ലജ്ജാശീലം കുറയുമ്പോള്‍ ഭക്തിയും ക്ഷയിക്കുന്നു. ഭക്തി ക്ഷയിക്കുമ്പോള്‍ മനസ്സ് മരിക്കുന്നു”.

മൗനമവലംബിക്കുന്നതിനേക്കാള്‍ നല്ലത് ധര്‍മനിഷ്ഠമായ സംസാരം തന്നെയാണ്. ചിലപ്പോള്‍ അത് അനിവാര്യവുമാകും. സമൂഹത്തില്‍ അനീതിയും അതിക്രമങ്ങളും വ്യാപകമാകുമ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ യുക്തിഭദ്രമായി നീതിബോധത്തില്‍ അധിഷ്ഠിതമായി സംസാരിക്കേണ്ടി വരും. അന്നേരം മൗനിയാകുന്നത് കുറ്റകരമായിരിക്കും. എന്നാല്‍ സംസാരം കേവലം ശബ്ദമാലിന്യമാകുന്ന ഇടങ്ങളില്‍ ചാടിക്കയറി സംസാരിക്കുന്നത് അപകടകരമായിരിക്കും. നമ്മുടെ വ്യക്തിത്വവും ധര്‍മാധിഷ്ഠിത സമീപനവും അവിടെ അപമാനിക്കപ്പെടും. ‘മൗ നം വിദ്വാനം ഭൂഷണം’ എന്നതായിരിക്കണം ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ടത്. ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയട്ടെ. അതില്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ” എന്ന പ്രവാചക വചനവും ഇതാണ് പഠിപ്പിക്കുന്നത്.
   -
By ജമാലുദ്ദീന്‍ ഫാറൂഖി
© ശബാബ്‌ വാരിക