കാറ്റും മഴയും

അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്ന മഴയുടെ മുന്നോടിയായി കാറ്റുകള്‍ വീശുന്നു. അവ കാര്‍മേഘങ്ങളെ ഇളക്കി വിടുന്നു. വെള്ളം വറ്റി നിര്‍ജ്ജീവമായി വരണ്ടു കിടക്കുന്ന നാട്ടിലേക്ക്‌ അവ നീങ്ങുന്നു. അവിടെ മഴ വര്‍ഷിക്കുന്നു. അങ്ങനെ ആ നാട്‌ പുനര്‍ജ്ജീവിച്ചു പച്ച പിടിക്കുന്നു. കായ്‌കനികളും വിളകളും ഉല്‍പാദിതമാകുന്നു. ഇതിന്‍റെയെല്ലാം കര്‍ത്താവ്‌ അല്ലാഹുവാകുന്നു.

അല്ലാഹു പറയുന്നു : "ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച." (അദ്ധ്യായം  2 ബഖറ 164)

"അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം." (അദ്ധ്യായം 7 അഅ്റാഫ്‌ 57)

"മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല." (അദ്ധ്യായം 15 ഹിജ്‌ർ 22)

"തന്‍റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു." (അദ്ധ്യായം 25 ഫുർഖാൻ 48)

"(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്‍റെ കാരുണ്യത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്‍റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത്‌ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ." (അദ്ധ്യായം 30 റൂം 46)

"അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട്‌ അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത്‌ പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന്‌ മഴപുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു." (അദ്ധ്യായം 30 റൂം 48)

"അല്ലാഹുവാണ്‌ കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക്‌ നാം തെളിച്ചുകൊണ്ട്‌ പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌." (അദ്ധ്യായം 35 ഫാത്വിർ 9)

മഴവെള്ളം ഇറക്കി നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ വീണ്ടും ഉല്‍പാദന യോഗ്യമാക്കി ജീവിപ്പിക്കുന്നതിനെപറ്റി ഓര്‍മിപ്പിച്ചു കൊണ്ട്‌ അതുപോലെ മനുഷ്യന്‍റെ മരണശേഷമുള്ള പുനര്‍ജീവിതവും ഉണ്ടാകുമെന്ന്‌ ചൂണ്ടിക്കാട്ടുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന ഒരു പതിവാകുന്നു. നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഏത്‌ സാധാരണക്കാരനും മനസ്സിലാക്കാവുന്ന ഒരു ദൃഷ്‌ടാന്തവുമാണത്‌. അതുപോലെതന്നെ, മഴ പെയ്യുന്നതിനെയും, മഴമൂലം സസ്യലതാദികള്‍ ഉല്‍പാദിക്കുന്നതിനെയും സംബന്ധിച്ച്‌ പറയുമ്പോള്‍ -അതുവരെയുള്ള സംസാര ശൈലിയനുസരിച്ച്‌ `അവന്‍ ഇറക്കി' എന്നും `അവന്‍ ഉല്‍പാദിപ്പിച്ചു' എന്നും (انزل، اخرج) പറയാതെ-ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട്‌ `നാം ഇറക്കി' എന്നും `നാം ഉല്‍പാദിപ്പിച്ചു' (انزلنا، اخرجنا)എന്നുമൊക്കെയുള്ള പ്രയോഗവും സാധാരണ കാണാവുന്നതാണ്‌. അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹങ്ങളും, അവന്‍റെ ശക്തിമാഹാത്മ്യത്തെ കുറിക്കുന്ന ദൃഷ്‌ടാന്തങ്ങളുമാണവ എന്ന്‌ ഓര്‍മിപ്പിക്കുവാന്‍ വേണ്ടിയാണത്‌. واللّه اعلم

© വിശുദ്ധ ഖുർആൻ വിവരണം
© മലയാളം ഖുർആൻ സെർച്ച്