ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുക

സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌. 

📖 അദ്ധ്യായം 5 മാഇദ 105

ഓരോ മനുഷ്യനും സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവുമുണ്ട്‌. ഏകനായി പിറന്നു വീഴുന്നതു പോലെ ഓരോരുത്തരും അവരുടെ ഖബറിലേക്ക്‌ നയിക്കപ്പെടുകയും ചെയ്യുന്നു. ജനന-മരണങ്ങൾക്കിടയിലെ കുറഞ്ഞ കാലത്തെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. തന്റെ അനന്തമായ ജീവിതം സുഖകരമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ട കാലമാണത്‌. അതിൽ ഏറ്റവും പ്രധാനം സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ബോധമാണ്. പരലോക ജീവിതത്തിൽ വിചാരണ ചെയ്യപ്പെടുന്നത്‌ ഓരോരുത്തരേയുമാണ്. തന്റെ വിശ്വാസം ശരിയാവണം, കർമ്മങ്ങൾ കറയറ്റതാവണം, ലക്ഷ്യങ്ങൾ നന്നാവണം, ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിരിക്കണം. കാരണം പരലോകത്ത്‌ എല്ലാവരും അവനവന്റെ കർമ്മഫലം തന്നെയാണ് അനുഭവിക്കേണ്ടത്‌.

മറ്റുള്ളവർക്ക്‌ വഴി കാണിച്ചു കൊടുക്കുക എന്നതും നമ്മുടെ സ്വന്തം ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അതിനാൽ സ്വയം നന്നാവുക എന്നതും തന്നിലർപ്പിതമായ ചുമതലകൾ നിർവ്വഹിച്ചു നീങ്ങുക എന്നതും ബാധ്യതയാണ്. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിങ്ങൾ നിർവ്വഹിച്ചുവെങ്കിൽ നിങ്ങൾക്ക്‌ ഒഴിവുകഴിവ്‌ പറയാം. പ്രവാചകരുടെ പോലും ചുമതല സന്ദേശം കൈമാറുക എന്നതാണ്. സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും ഉണ്ടാകാം. നിങ്ങൾ യഥാർത്ഥ സദ്പന്ഥാവിൽ നീങ്ങുന്നുവെങ്കിൽ വഴി തെറ്റിയവരുടെ ചെയ്തികൾ നിങ്ങൾക്ക്‌ പ്രശ്നം സൃഷ്ടിക്കുകയില്ല. നമ്മുടെ പ്രവർത്തനങ്ങളെല്ലാം നോക്കിക്കണ്ടുകൊണ്ടിരിക്കുന്ന റബ്ബിലേക്കാണല്ലൊ എല്ലാവരും തിരിച്ചു ചെല്ലുന്നത്‌. നാം മറന്നത്‌ പോലും അവൻ നമ്മെ അന്ന് തെളിവ്‌ സഹിതം ഓർമ്മപ്പെടുത്തുന്നതുമാണ്.

അബൂബക്കർ (റ) ഒരിക്കൽ പറഞ്ഞു : "ഈ ഖുർആൻ വചനത്തെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്‌. എന്നാൽ റസൂൽ (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌ : "ഒരു നിരോധിക്കപ്പെട്ട കാര്യം കണ്ടിട്ട്‌ ജനങ്ങൾ അതിന്ന് മാറ്റം വരുത്താതിരിക്കുന്ന പക്ഷം അല്ലാഹു അവരിൽ പൊതുവായ ശിക്ഷ ഏർപ്പെടുത്തുവാൻ ഇടയാക്കുന്നതാണ്." [അബൂദാവൂദ്‌, തുർമുദി]

നബി (സ) പറഞ്ഞു : "നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം. എന്നിട്ടും അവർ ലുബ്ധനാവുന്നതും തന്നിഷ്ടക്കാരനാവുന്നതും ഐഹികതയിൽ മുഴുകുന്നതും സ്വാഭിപ്രായം നീങ്ങുന്നതും കണ്ടാൽ നീ നിന്റെ കാര്യം നോക്കുക. അവരെ വിട്ടേക്കുക. ഒരു കാലം വരും; അന്ന് ക്ഷമിക്കുന്നവൻ തീക്കട്ട പിടിച്ചവനെപ്പോലെയാവും. അന്ന് സൽകർമ്മിക്ക്‌ അമ്പതിരട്ടി പ്രതിഫലം ലഭിക്കും." [തുർമുദി]

✍പി അബ്ദു സലഫി
📖 പുടവ മാസിക