എല്ലാം അവസാനിക്കുന്നില്ല

"അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്‌.  അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക."

📖അദ്ധ്യായം 6 അൻആം 29,40

ഐഹിക ജീവിതത്തിനപ്പുറം ഒന്നുമില്ലെന്ന് ചിന്തിച്ചിരുന്നവർ എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. തങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നും തങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ത്‌ എന്നും മരണത്തിനപ്പുറം എന്ത്‌ സംഭവിക്കുമെന്നും ആലോചിക്കുന്നവർക്ക്‌ ഈ ലോകത്തെ കുറഞ്ഞ ജീവിതകാലം കൊണ്ട്‌ എല്ലാം തീർന്നു പോകുന്നു എന്ന് വിശ്വസിക്കാനാവില്ല. 

മരണത്തോടെ എല്ലാം ഒടുങ്ങുന്നുവെങ്കിൽ മനുഷ്യന്റെ ത്യാഗങ്ങളും ധർമ്മചിന്തകളും ഫലശൂന്യമായിത്തീരുന്നു. ആത്മാർത്ഥമായി സൽപ്രവർത്തനങ്ങളിൽ മുഴുകുന്നവർക്ക്‌ അർഹമായ പ്രതിഫലം ഇവിടെ ലഭിക്കുന്നില്ല. കൊടുംക്രൂരത കാണിക്കുന്നവർക്ക്‌ കൃത്യമായ ശിക്ഷ നൽകാനുള്ള സംവിധാനവും ഇവിടെ ഇല്ല. എന്നാൽ ഇതെല്ലാം പൂർണ്ണമായി ലഭിക്കുന്ന ഒരു ലോകമാണ് മരണാനന്തര ജീവിതത്തിന്റേത്‌.

എന്നാൽ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട്‌ മനസ്സിലാവുന്നതിനപ്പുറം ഒന്നുമില്ലെന്ന് ധരിക്കുന്നവരും ധിക്കാരപൂർവ്വം പെരുമാറുന്നവരുമുണ്ട്‌. തങ്ങൾ ആഗ്രഹിക്കാതെയാണ് ഈ ലോകത്തേക്ക്‌ അവർ വന്നതെങ്കിൽ അവർക്കിഷ്ടമില്ലെങ്കിലും ഇവിടെ നിന്ന് അവർ പോകേണ്ടിയും വരും. നാളെ റബ്ബിന്റെ മുമ്പിൽ അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ട്‌ ഹാജറാക്കപ്പെടുകയും ചെയ്യും.

അന്ന് അവരോട്‌ റബ്ബ്‌ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അവർ അനുസരണപൂർവ്വം മറുപടി പറയുന്നതാണ്. തങ്ങൾ ഭൗതിക ജീവിതത്തിൽ കാണിച്ച ധിക്കാരത്തിന്റേയും നിഷേധത്തിന്റേയും ദുരന്തഫലം അവർ നേരിൽ കാണുകയും ചെയ്യുന്നു. വീണ്ടും ഒരു ജീവിതം തന്നാൽ തങ്ങൾ സൽകർമ്മങ്ങൾ ചെയ്ത്‌ വിശ്വാസമുള്ളവരായി തിരിച്ചു വന്നുകൊള്ളാമെന്ന് അവർ റബ്ബിനോട്‌ പറഞ്ഞു നോക്കുന്നു. എന്നാൽ കിട്ടിയ ജീവിതത്തെ ഉപയോഗപ്പെടുത്താത്തവർക്ക്‌ മറ്റൊരു ജീവിതത്തിന്ന് എന്ത്‌ അർഹതയാണുള്ളത്‌? നിഷേധത്തിന്റെ അനന്തരഫലമായ കടുത്ത ശിക്ഷയനുഭവിക്കുക മാത്രമാണ് അവർക്ക്‌ ഇനി ചെയ്യാനുള്ളത്‌.

✍ പി. അബ്ദു സലഫി
📖 പുടവ മാസിക