കൊതുകു മുതൽ കൊറോണ വൈറസ് വരെ!


ദൃഷ്ടാന്തങ്ങളെയും ഖുർആനിക സൂചനകളെയും അവഗണിക്കരുത്!
----------------------------------------

ഈ മഹാപ്രപഞ്ചത്തിൽ ഇടക്കിടെയുണ്ടാകുന്ന പല അസാധാരണ സംഭവങ്ങളും മനുഷ്യന്റെ നിസ്സാരതയെയും നിസ്സഹായതയെയും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മഹത്വത്തെയും അതിരുകളില്ലാത്ത അവന്റെ കഴിവിനെയും സൂചിപ്പിക്കുന്ന  ദൃഷ്ടാന്തങ്ങളാണ്.
പക്ഷെ അധിക മനുഷ്യരും ഇക്കാര്യം ചിന്തിച്ചു മനസ്സിലാക്കുന്ന കാര്യത്തിൽ അശ്രദ്ധയും അവഗണനയും കൈകൊള്ളുകയാണ്!
ഇക്കാര്യം ഖുർആൻ തന്നെ സൂചിപ്പിച്ചു എന്ന കാര്യവും ശ്രദ്ധേയം.
(സൂചന:യൂസുഫ് 105)

മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുന്ന 10 പ്രസക്ത ചോദ്യങ്ങൾ അല്ലാഹു ധിക്കാരികളായ മനുഷ്യരോട് ചോദിക്കുന്നത് ഖുർആനിലുള്ളതിന്റെ സംക്ഷേപം ഇപ്രകാരം :

*👉1-ഉപ്പു മഴ പെയ്താൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:വാഖിഅ 68,69,70)

*👉2- കൃഷി മുഴുവൻ തുരുമ്പായാൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:വാഖിഅ 63- 67)

*👉3- മരങ്ങൾക്ക് തീപിടിച്ചാൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:വാഖിഅ 71 -73)

*👉4-നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:മുൽക് 30)

*👉5-നിങ്ങളെയവൻ ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞാൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:മുൽക് 16)

*👉6- നിങ്ങളുടെ മേൽ ചരൽ മഴ വർഷിക്കുകയില്ലെന്ന് നിങ്ങൾക്കുറപ്പുണ്ടോ?*
(സൂചന:മുൽക് 17)

*👉7-നിങ്ങൾ ഉറങ്ങുമ്പോൾ വിപത്ത് വരില്ലെന്നുറപ്പുണ്ടോ?*
(സൂചന:അഹ്റാഫ് 97)

*👉8- പകലിൽ 'കളിച്ചു കൊണ്ടിരിക്കെ' നിങ്ങൾ വിപത്തിൽ പെടില്ലെന്നുറപ്പുണ്ടോ?*
(സൂചന:അഹ് റാഫ് 93,94)

*👉9-രാത്രി പുലരാതെ നിന്നു പോയാൽ നിങ്ങളെന്ത് ചെയ്യും?*
(സൂചന:ഖസ്വസ് 71)

*👉10- പകൽ അസ്തമിക്കാതെ നിന്നു പോയാൽ നിങ്ങളെന്തു ചെയ്യും?*
(സൂചന:ഖസ്വസ് 72,73)

അലസമായും അശ്രദ്ധമായും ജീവിക്കുന്ന മനുഷ്യ മനസ്സിനെ പ്രതിരോധത്തിലാക്കുകയും ഉത്തരം മുട്ടിക്കുകയും ചെയ്യുന്ന ചോദ്യങ്ങളാണിവ എന്ന കാര്യം വ്യക്തം. ഇത്തരം ജീവിത സത്യങ്ങൾ അഥവാ അനിഷേധ്യ സാധ്യതകൾ പ്രപഞ്ചനാഥനായ അല്ലാഹു ധിക്കാരികളായ മനുഷ്യരോട് ചോദിക്കുമ്പോൾ അതിനെ ആറാം നൂറ്റാണ്ടിലെ ഒരു മതഗ്രന്ഥത്തിലെ പഴം പുരാണ ചോദ്യങ്ങളല്ലേ എന്ന ഭാവത്തിൽ പുറം തിരിയുകയും മുഖം ചുളിക്കുകയും ചെയ്യുന്നുവെങ്കിൽ അത്തരം ചിന്താഗതിക്കാർ തങ്ങളുടെ ജീവിതം എല്ലാ നിലക്കും 100 ശതമാനം സുരക്ഷിതം(Secure) ആണെന്ന് പറയാൻ കഴിയുന്നവർ ആരാണ് തങ്ങളിലുള്ളത് എന്നെങ്കിലും വ്യക്തമാക്കട്ടെ! ചിന്തയെ തട്ടിയുണർത്തുന്ന ഖുർആന്റെ ചോദ്യങ്ങളെയും സമകാലീന ജീവിതാനുഭതാനുഭവങ്ങളെയും പറ്റി ചിന്തിച്ചാൽ തന്നെ മനുഷ്യന് നേർവഴിയിൽ ജീവിക്കാനാകും. *നിസ്സാര ജീവിയായ കൊതുകിനെ പറ്റിയുള്ള ഖുർആനിന്റെ പ്രത്യേക രീതിയിലുള്ള വിശകലനവും (2/26) കൊറൊണ വൈറസ് ദുരന്തവും ചേർത്ത് വായിച്ചാലും ഇരുട്ടിൽ തപ്പുന്ന മനുഷ്യന് കുറച്ചൊക്കെ വെളിച്ചം കിട്ടും, തീർച്ച!*
പക്ഷെ ചിന്താശുന്യരായ മനുഷ്യർ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ഖുർആന്റെ ചോദ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയുമാണ്!

ഗുണപാഠം:

അവർ തീർച്ചയായും മരിക്കാൻ വേണ്ടിയായിരുന്നില്ല പാതിരാത്രിയിൽ കടലിലിറങ്ങിയത്.
പിന്നെയോ?
അന്ന് അവരുടെ വിവാഹ വാർഷികമായിരുന്നു.വിവാഹ വാർഷികം ആരും ആഘോഷിക്കാത്ത ഒരു വ്യത്യസ്തതയിൽ ആഘോഷിക്കണമെന്നേ അവർ കരുതിയുള്ളൂ! അങ്ങനെയാണവർ രാത്രി 12 മണിക്ക് കടലിലിറങ്ങി വെള്ളത്തിനടിയിൽ വെച്ച് മോതിരം കൈമാറി വിവാഹവാർഷികാഘോഷത്തിനൊരുങ്ങിയത്.പക്ഷെ ഇരമ്പിയടുത്ത തിരമാലയിൽ പ്രിയതമയെ കടൽ കൊണ്ടു പോയി!( 'കടലിലിറങ്ങി പ്രിയതമനെ മോതിരമണിയിച്ചു തിരയായി മരണമെത്തി' എന്ന പേരിൽ വന്ന 9/2/2020 ന്റെ മാധ്യമ വാർത്തയോട് കടപ്പാട്)

'കളിച്ചു കൊണ്ടിരിക്കെ' വിപത്ത് വന്ന് മൂടുകയില്ലെന്ന് നിങ്ങൾക്കുറപ്പുണ്ടോ? - എന്ന് ഖുർആൻ (7/97) ചോദിച്ചത് എത്ര ചിന്താർഹം!

By Shamsudheen Palakkod

Popular Posts