ഓണ്‍ലൈന്‍ വിവാഹങ്ങള്‍

*ഓണ്‍ലൈന്‍ വിവാഹങ്ങള്‍ മതപരമായി സാധുവാണ്*

കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് നടന്ന ഓണ്‍ലൈന്‍ നികാഹുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് പലവിധ ഫത്‌വകളും വന്നു കൊണ്ടിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് ഏതു കാര്യവും ഇസ്‌ലാം വളരെ ലളിതമായാണ് നിശ്ചയിച്ചിട്ടുള്ളത്. *”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല”* (2:185) എന്നു നോമ്പിനെക്കുറിച്ചാണ് അല്ലാഹു സൂചിപ്പിച്ചതെങ്കിലും, ഈ തത്വം മതത്തിലെ മറ്റു വിഷയങ്ങളിലും ബാധകമാണ്. ഇത്തരത്തില്‍, മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ നികാഹിനും ലളിതമായ, പ്രയാസരഹിതമായ മാര്‍ഗമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്.
നികാഹിനെക്കുറിച്ച് *”ആ സ്ത്രീകള്‍ നിങ്ങളില്‍ നിന്ന് അതിശക്തമായ ഒരു കരാര്‍ വാങ്ങിയിരിക്കുന്നു”* (4:21) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്ത്രീകളെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍ ഇങ്ങനെ പറയുന്നുണ്ട്: *”നിങ്ങള്‍ അവരെ അല്ലാഹുവിന്റെ അമാനത്തായി സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ വചനമനുസരിച്ച് അവരുടെ ജനനേന്ദ്രിയങ്ങള്‍ നിങ്ങള്‍ അനുവദനീയമാക്കി എടുക്കുകയും ചെയ്തിരിക്കുകയാണ്.”* (മുസ്‌ലിം) ഇവിടെ നികാഹിനെക്കുറിച്ചുള്ള വചനം തന്നെയാണ് ഉദ്ദേശ്യം എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസിന്റെ വിശദീകരണത്തില്‍, *”നിങ്ങള്‍ക്ക് നന്നായി തോന്നിയ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്തു കൊള്ളുക”* (4:3) എന്ന ഖുര്‍ആനിക വചനമാണ് ഇവിടെ ഉദ്ദേശ്യം എന്ന് ഇമാം നവവി വ്യക്തമാക്കുകയും ചെയ്യുന്നു.

*ഭാഷാപരമായ അര്‍ഥം*

ഭാഷാപരമായി, നികാഹ് എന്ന പദം രണ്ട് അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നാമത്തേത്, *‘വിവാഹ വേളയിലുണ്ടാക്കുന്ന കരാര്‍’* എന്ന അര്‍ഥത്തിലാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പറയുന്നിടത്ത്, സ്ത്രീപുരുഷ ശാരീരിക ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടും നികാഹ് എന്ന പദം ഉപയോഗിച്ചതായി കാണാം. (2:230). ഒരു പുരുഷനു അവന്റെ ഇണയെ രണ്ടു തവണ വരെ വിവാഹ മോചനം നടത്താനും തിരിച്ചെടുക്കാനും അനുവാദമുണ്ട്. മൂന്നാം തവണയും അവന്‍ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍, പിന്നീട് അവള്‍ മറ്റൊരു പുരുഷനെ നികാഹ് ചെയ്യുകയും, അയാളുടെ ഭാര്യയായി ജീവിക്കുകയും ആ ബന്ധത്തിലും സ്വാഭാവികമായ പൊരുത്തക്കേടുകളുണ്ടായി വിവാഹ മോചനം നടക്കുകയും ചെയ്താല്‍ മാത്രമേ ആദ്യ ഭര്‍ത്താവിന് അവളെ വീണ്ടും വിവാഹം കഴിക്കാന്‍ അനുമതിയുള്ളൂ. ഇതില്‍ നിന്ന് കേവലം ഒരു കരാറിനപ്പുറം, ശാരീരികമായ ബന്ധം (സിഫാഫ്) ഉള്‍പ്പെടെയുള്ള ശക്തമായ ഒരു രൂപമാണ് ഇവിടെ പറഞ്ഞിരിക്കുന്ന നികാഹ് എന്നു കാണാം. മുന്‍കാലങ്ങളില്‍ നടന്നിരുന്ന ‘ചടങ്ങു നില്‍ക്കല്‍’ പോലെയുള്ള, മതപുരോഹിതര്‍ കെട്ടിയുണ്ടാക്കിയ സമ്പ്രദായങ്ങള്‍ അസാധുവാകുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം കോവിഡ് പോലുള്ള മഹാമാരികള്‍ നിലനില്‍ക്കുന്ന വേളയിലും വിവാഹം എപ്പോള്‍ നടക്കുമെന്ന് അനിശ്ചിതത്വം നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും നികാഹ് സാധുവാകുന്നതാണ്. വധൂവരന്മാര്‍ക്ക് പരസ്പര സാമീപ്യവും സമാഗമവും ഭാവിയില്‍ സാധ്യമാണെന്നു വന്നാല്‍ മതി. കാരണം ഇവിടെ സിഫാഫ് നടക്കുമോ ഇല്ലേ എന്നതല്ലല്ലോ ആശങ്ക, മറിച്ച് എപ്പോള്‍ നടക്കുമെന്നതു മാത്രമാണ്.

*നികാഹ് സാധുവാകുന്ന ഘടകങ്ങള്‍*

നികാഹ് സാധുവാകാന്‍ നിര്‍ബന്ധമായ ചില ഘടകങ്ങളുണ്ട്. വിവാഹം കഴിക്കുന്ന വരനും വധുവും അതില്‍ ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നാമതായി വേണ്ടത് വധുവിന്റെ രക്ഷാധികാരിയായി നില്‍ക്കേണ്ട വ്യക്തിയാണ്.
*”ഒരു രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഒരു സ്ത്രീ വിവാഹം കഴിച്ചാല്‍, ആ വിവാഹം അസാധുവാണ്, അസാധുവാണ്, അസാധുവാണ്”* എന്ന് റസൂല്‍(സ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. ‘അസാധുവാണ്’ എന്ന് റസൂല്‍ മൂന്നു തവണ ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇത്രയും കാലം അവളെ സംരക്ഷിച്ചു വളര്‍ത്തിക്കൊണ്ടു വന്ന ഒരു വലിയ്യിന്റെ അനുമതിയില്ലാതെ നികാഹ് സാധുവാകില്ലെന്നത് വ്യക്തമാണ്. 

*നികാഹ് പരസ്യപ്പെടുത്തണം*

രണ്ടു വ്യത്യസ്ത കുടുംബങ്ങളില്‍, രണ്ടു സാഹചര്യങ്ങളില്‍, തികച്ചും അന്യരായി ജനിച്ചു വളര്‍ന്ന രണ്ടു പേരെ ഒരുമിപ്പിക്കുന്ന ‘കനത്ത ഒരു കരാര്‍’ ആണല്ലോ നികാഹ്. അത്തരത്തില്‍ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ പോകുന്നുവെന്നത് സമൂഹം അറിയണം. സംശയങ്ങളും തെറ്റിദ്ധാരണകളും അകറ്റാന്‍ അത് ആവശ്യമാണ്. അതിനാലാണ് ‘നികാഹ് നിങ്ങള്‍ പരസ്യമാക്കണം’ എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഇവിടെ പരാമര്‍ശിച്ച നികാഹ് ശാരീരിക ബന്ധമല്ല, മറിച്ച് ഒരു കരാര്‍ ആണെന്നത് സുവ്യക്തമാണല്ലോ.
നികാഹ് പരസ്യപ്പെടുത്താന്‍ ചുരുങ്ങിയത് രണ്ടു സാക്ഷികള്‍ വേണം. *”ഒരു രക്ഷാധികാരിയും മുസ്‌ലിംകളില്‍ പെട്ട രണ്ടു സാക്ഷികളുമില്ലാതെ നികാഹ് സാധുവാകുകയില്ല”* എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ചില റിപ്പോര്‍ട്ടുകളില്‍ *”നീതിമാന്മാരായ രണ്ടു സാക്ഷികള്‍”* എന്നാണ് വന്നിട്ടുള്ളത്. കേവല മുസ്‌ലിം നാമധാരികള്‍ക്കപ്പുറം, നീതിപൂര്‍വം നിലകൊള്ളുന്ന രണ്ടു പേരായിരിക്കണം ഈ സാക്ഷികള്‍ എന്നര്‍ഥം. മേല്‍പറഞ്ഞ ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു നികാഹ് സാധുവാണെന്നതില്‍ തര്‍ക്കമില്ല.

*വലിയ്യ്*

സ്ത്രീകളുടെ വ്യക്തിത്വം പൂര്‍ണമായും അവഗണിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടം ഇസ്‌ലാമിനു മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് അര്‍ഹമായ മാന്യത നല്‍കി. പെണ്‍കുട്ടിയുടെ ഇഷ്ടത്തിനെതിരായി അവളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രക്ഷാധികാരിക്ക് അധികാരമില്ല. കന്യകകളാണെങ്കില്‍ വലിയ്യ് അവരുമായി കൂടിയാലോചിക്കണം. വിവാഹാലോചന വന്നാല്‍ അവളെ അറിയിക്കുകയും അവള്‍ മൗനം ദീക്ഷിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ അതുമായി മുന്നോട്ട് പോവുകയും ചെയ്യാം. എന്നാല്‍ *മുമ്പൊരിക്കല്‍ വിവാഹം കഴിച്ച സ്ത്രീയുടെ കാര്യത്തില്‍ മൗനം മാത്രം പോരാ. പുതിയ ആലോചന അവള്‍ക്ക് ഇഷ്ടമാണെന്ന് അവള്‍ തുറന്ന് സമ്മതിക്കേണ്ടതുണ്ട്.* വധുവിന്റെ സമ്മതമില്ലാത്ത വിവാഹം റസൂലിന്റെ(സ) കാലത്ത് നടന്നിട്ടുണ്ട്. ഒരാള്‍ തന്റെ മകളെ തന്റെ സഹോദര പുത്രനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ബുദ്ധിമതിയും പ്രാപ്തിയുമുള്ള തന്റെ മകളെ അത്ര തന്നെ മികവില്ലാത്ത സഹോദരപുത്രനുമായി ഒരുമിപ്പിക്കുന്നതിലൂടെ കുടുംബം നന്നായിപ്പോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. എന്നാല്‍ സമര്‍ഥയായ ആ മകള്‍ പ്രവാചകന്റെ അടുത്ത് പരാതിയുമായി വന്നു. *”നിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നീ തന്നെയാണ്”* എന്നതായിരുന്നു റസൂലിന്റെ മറുപടി. എങ്കിലും അവള്‍ തന്റെ പിതാവിന്റെ തീരുമാനം അംഗീകരിച്ചു. *”തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം തങ്ങള്‍ക്കു തന്നെയാണ്”* എന്ന് മറ്റു പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നതായിരുന്നു അവളുടെ പരാതിയുടെ ഉദ്ദേശ്യം. ഇതില്‍ നിന്ന് വലിയ്യിന്റെ തീരുമാനത്തിനപ്പുറം, പെണ്‍കുട്ടികളുടെ സമ്മതം അവരുടെ വിവാഹക്കാര്യത്തില്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാണല്ലോ.

വലിയ്യിന് വിവാഹ സദസിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍, മറ്റൊരാള്‍ക്ക് ആ സ്ഥാനം വക്കാലത്ത് ഏല്‍പിച്ചു കൊടുക്കാന്‍ ഇസ്‌ലാമില്‍ അനുമതിയുണ്ട്. ഈ വക്കാലത്ത് രണ്ടു തരത്തിലാവാം. ഒന്നാമത്തേത് പൊതുവായുള്ള വക്കാലത്താണ്. ‘എന്റെ മകളെ നിങ്ങള്‍ നികാഹ് ചെയ്തു കൊടുക്കൂ’ എന്നൊരു നിര്‍ദേശം മാത്രമാണ് വലിയ്യ് നല്‍കുന്നതെങ്കില്‍ അത് പൊതുവായ വക്കാലത്താണ്. ഉപാധികളോടെയുള്ള വക്കാലത്ത് നല്‍കാനും വലിയ്യിന് അനുമതിയുണ്ട്. ‘എന്റെ മകളെ ഇന്ന വ്യക്തിക്ക് നികാഹ് ചെയ്ത് കൊടുക്കൂ’ എന്ന രീതിയില്‍. ഇത്തരമൊരു അവസരത്തില്‍, വലിയ്യ് നിര്‍ദേശിച്ച വരനല്ലാതെ മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നല്‍കാന്‍ വക്കാലത്ത് ഏല്‍പിക്കപ്പെട്ടയാള്‍ക്ക് അധികാരമില്ല. വലിയ്യ് വക്കാലത്ത് കൊടുക്കുന്നതിനു രണ്ടു സാക്ഷികള്‍ വേണം. കത്തു മുഖേനയാണ് വക്കാലത്ത് കൊടുക്കുന്നതെങ്കില്‍ രണ്ടു സാക്ഷികള്‍ അതിനു താഴെ ഒപ്പിട്ടിരിക്കണം. മറ്റേതെങ്കിലും മാര്‍ഗമാണെങ്കിലും അതുപോലെത്തന്നെ.

*ഓണ്‍ലൈന്‍ നികാഹുകള്‍*

ഏതു കാര്യവും ശരിയായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നത് ഇസ്‌ലാമിന്റെ പൊതു തത്വമാണ്. *”നിനക്ക് അറിവില്ലാത്ത കാര്യം നീ പിന്തുടര്‍ന്ന് പോകരുത്”* എന്നു ഖുര്‍ആന്‍ പറയുന്നുണ്ട് (17:36). അറിയാനുള്ള മാര്‍ഗങ്ങള്‍ കാഴ്ചയും കേള്‍വിയും ചിന്താശേഷിയുമൊക്കെയാണല്ലോ. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഇതെല്ലാം സാധ്യമാണ്. വലിയ്യ് നികാഹ് ചെയ്തു കൊടുക്കുന്നത് സ്‌ക്രീനില്‍ കാണാനും അത് കേള്‍ക്കാനും അത് വലിയ്യ് തന്നെയാണെന്നു ചിന്തിച്ചു മനസിലാക്കാനും ഇന്ന് എളുപ്പമാണ്. വരന്‍ ആ പെണ്‍കുട്ടിയെ സ്വീകരിക്കുന്ന കാര്യത്തിലും ഇതെല്ലാം സാധ്യമാണ്. ഇത്തരത്തില്‍ കാഴ്ച കൊണ്ടും കേള്‍വി കൊണ്ടും ചിന്താശേഷി കൊണ്ടും ഒരു നികാഹ് അതിന്റെ നിബന്ധനകള്‍ പാലിച്ച് നടന്നതായി ബോധ്യപ്പെട്ടാല്‍ അത് ഓണ്‍ലൈന്‍ ആണെങ്കിലും അതിനു സാധുതയുണ്ട് എന്നര്‍ഥം. നികാഹ് സാധുവാകാന്‍ നേരത്തെ പറഞ്ഞ ഘടകങ്ങളെല്ലാം അതില്‍ ഉണ്ടായിരിക്കണം എന്നേയുള്ളൂ. ഇതേ രീതിയില്‍ വധുവും വരനും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ കണ്ട് ഇഷ്ടപ്പെടുന്നതിനു തടസമില്ല. പെണ്‍കുട്ടിയുടെ സമ്മതവും വലിയ്യിന് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. കാഴ്ച കൊണ്ടും കേള്‍വി കൊണ്ടും ബുദ്ധി കൊണ്ടും പരസ്പരം ബോധ്യമാവണം എന്നതാണ് പ്രധാന കാര്യം. നികാഹ് വേളയില്‍ വരനും വലിയ്യും പരസ്പരം കൈ കൊടുക്കുന്ന രീതി കണ്ടുവരാറുണ്ട്. ഇത് നാട്ടുമര്യാദ എന്ന നിലക്കു മാത്രമാണ്. മതപരമായ നിര്‍ദേശമല്ല. ഓണ്‍ലൈന്‍ വിവാഹങ്ങളില്‍ കൈ കൊടുക്കാതിരിക്കുന്നതു കൊണ്ട് അത് നിക്കാഹിന്റെ സാധുതയെ ബാധിക്കുകയില്ല. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കൈ കൊടുക്കാതെ പരസ്പരം അകലം പാലിക്കുന്നതാവും കൂടുതല്‍ യുക്തമായത്.

വിവാഹ വേദികളില്‍ വരനെപ്പോലെ വധുവിനു ഇരിക്കാമോ എന്ന സന്ദേഹമുയര്‍ത്തുന്നവരുണ്ട്. രണ്ടു പേരുടെയും സാന്നിധ്യമുണ്ടാകുന്നത് നികാഹ് എന്ന കരാറിനെ കൂടുതല്‍ ബലപ്പെടുത്തുന്നു. എന്നാല്‍ പൊതു സദസുകളില്‍ പാലിക്കേണ്ട ഹിജാബിന്റെ നിബന്ധനകള്‍ പാലിച്ചു കൊണ്ട്, ഇസ്‌ലാമിക വേഷവിധാനത്തിലും മര്യാദകളിലുമായിരിക്കണം വധു അവിടെ ഇരിക്കേണ്ടത്. അവളുടെ സാന്നിധ്യമില്ലെങ്കിലും അത് നികാഹിന്റെ സാധുതയെ ബാധിക്കുകയുമില്ല. അവളുടെ അറിവും സമ്മതവും ആ വിവാഹത്തിനുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മതി.

*വിവാഹമൂല്യം*

വധുവിന് വരന്‍ നിര്‍ബന്ധമായി നല്‍കേണ്ട വിവാഹ സമ്മാനമാണ് മഹ്ര്‍. *”സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ മനസ്സംതൃപ്തിയോടെ നിങ്ങള്‍ നല്‍കുക”* (4:4) എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. നികാഹ് എന്ന കരാര്‍ സാക്ഷാത്കരിക്കപ്പെടാന്‍ സ്ത്രീക്ക് പുരുഷന്‍ നല്‍കുന്ന സമ്മാനമാണിത്. സ്ത്രീകള്‍ പാടെ അവഗണിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അവര്‍ക്ക് ഉന്നതമായ ആദരവ് നല്‍കുകയാണ് ഇസ്‌ലാം ചെയ്തത്. ഈ വിവാഹ മൂല്യം വധുവിന്റെ ഇഷ്ടാനുസൃതം, വരന്റെ കഴിവില്‍ പെട്ട എന്തുമാവാം. നബി(സ)യുടെ കാലത്ത് മഹ്ര്‍ നല്‍കാന്‍ കഴിയാത്ത വ്യക്തിയോട് ഇരുമ്പ് മോതിരമെങ്കിലും നല്‍കാന്‍ കഴിയുമോ എന്ന് ചോദിച്ച സന്ദര്‍ഭവും ഖുര്‍ആന്‍ അധ്യാപനം വിവാഹമൂല്യമായി നിശ്ചയിച്ചു വിവാഹം നടത്തിയ സംഭവവും ഉണ്ട്. വധുവിന്റെ അവകാശം എന്ന നിലക്ക് മഹ്‌റിന്റെ കാര്യത്തില്‍ അവളുടെ ഇഷ്ടത്തിനായിരിക്കണം മുന്‍ഗണന. വലിയ്യ് അക്കാര്യത്തില്‍ ഇടപെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല. വധുവിനും വരനും പരസ്പരം തൃപ്തികരമായിരിക്കുക എന്നതാണ് ഇതിന്റെ താല്‍പര്യം. ഈ മഹര്‍ വധു സ്വീകരിക്കുന്നതോടെ നികാഹ് സാധുവായിത്തീരുന്നു. അറബ് നാടുകളിലും മറ്റും മഹര്‍ ഒരു പൊങ്ങച്ചത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. ഭീമമായ മഹര്‍ നല്‍കാനാവാതെ വിവാഹം അസാധ്യമാകുന്ന രീതി ശരിയല്ല. വധുവിന്റെ പിതാവ്/വലിയ്യ് മഹര്‍ കൈപറ്റി സ്വന്തമാക്കുന്ന സമ്പ്രദായവും കാണാറുണ്ട്. ഇതും അനുവദനീയമല്ല. വിവാഹമൂല്യം സ്ത്രീക്കുള്ളതാണ്. അത് നേരിട്ട് നല്‍കുകയോ അല്ലെങ്കില്‍ അവളില്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്തുകയോ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ നികാഹുകള്‍ക്കും ഇത് ബാധകമാണ്. വധുവിന് നേരിട്ട് മഹര്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഓണ്‍ലൈന്‍ വിവാഹങ്ങളില്‍ ഉണ്ടായേക്കാം. ഈ അവസരത്തില്‍, ആ വിവാഹമൂല്യം അവളിലേക്ക് എത്തുമെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യേണ്ടത്.

*വിവാഹ സല്‍ക്കാരം*

ഒരു വിവാഹം നടന്നു കഴിഞ്ഞാല്‍, അതിന്റെ സന്തോഷം പങ്കിടാന്‍ ഒരു സല്‍ക്കാരം നടത്തുന്നത് ഇസ്‌ലാമിലെ രീതിയാണ്. ഇതാണ് വലീമ. ഈ സല്‍ക്കാരം നടന്നില്ലെങ്കില്‍ പോലും നികാഹ് സാധുവാണ്. വധൂവരന്മാര്‍ ശാരീരികമായി ബന്ധപ്പെട്ടു കഴിഞ്ഞതിനു ശേഷം അതിന്റെ സന്തോഷം പങ്കിടുന്ന രീതിയില്‍ വലീമ നല്‍കുന്നതാണ് അഭികാമ്യം. മഹറിന്റെ വിഷയത്തിലെന്ന പോലെ, ഇവിടെയും ലാളിത്യമാണ് ഇസ്‌ലാമിന്റെ മാതൃക. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) തന്റെ സമ്പാദ്യമെല്ലാം പെറുക്കി മദീനയിലേക്ക് ഹിജ്‌റ വന്ന വ്യക്തിയായിരുന്നു. അദ്ദേഹം അവിടെ നിന്ന് ഒരു വിവാഹം കഴിച്ചു. നബി(സ) പോലും പിന്നീടാണ് ഈ വിവരമറിഞ്ഞത്. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)നോട് ഒരു സുഹൃത്തിനോടെന്ന പോലെ പ്രവാചകന്‍ അതീവ സന്തോഷത്തില്‍ പറഞ്ഞു: *”വിവാഹം കഴിഞ്ഞുവല്ലേ? ഒരു ആടിനെ അറുത്തെങ്കിലും സല്‍ക്കാരം നടത്തണം.”* ഈ സംഭവത്തില്‍ നിന്ന് മറ്റൊരു കാര്യം കൂടി മനസിലാക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ വിവാഹം സാധുവാകാന്‍ മതപുരോഹിതന്മാരുടെ കാര്‍മികത്വം ആവശ്യമില്ല തന്നെ. മദീനയിലെ ഏറ്റവും വലിയ മതപണ്ഡിതനും നേതാവും ഖത്വീബും ഖാദിയും സുല്‍ത്താനുമെല്ലാം ആയിരുന്നിട്ടും നബി(സ), അബ്ദുറഹ്മാനുബ്‌നു ഔഫിന്റെ(റ) നിക്കാഹ് വിവരം നേരത്തെ അറിഞ്ഞില്ലല്ലോ. വധു, വരന്‍, വധുവിന്റെ വലിയ്യ്, രണ്ടു സാക്ഷികള്‍ ഇത്രയുമായാല്‍ തന്നെ നികാഹ് സാധുവാകുന്നു എന്നു ഇതില്‍ നിന്ന് വ്യക്തമാണ്.

ബുദ്ധിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ സൂചനകളും, നബി(സ)യുടെ കാലത്തെ വിവിധ സംഭവങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ നിയമങ്ങളും നിബന്ധനകളും പാലിച്ച് നടക്കുന്ന ഏതൊരു വിവാഹവും -ഓണ്‍ലൈനാകട്ടെ അല്ലാതെയാകട്ടെ- എതിര്‍ക്കപ്പെടേണ്ടതില്ല. ശാസ്ത്രം ഏറെ വികസിച്ച ഈ കാലത്ത് മറ്റു പല വിഷയങ്ങളിലും പുതിയ, ശാസ്ത്രീയ രീതികള്‍ അവലംബിക്കുന്ന പോലെ വിവാഹത്തിന്റെ കാര്യത്തിലും ആ സാധ്യതകള്‍ ഉപയോഗപ്പെടുത്താം. കൂടുതല്‍ നന്നായി അറിയുന്നത് അല്ലാഹുവിനാകുന്നു.

✍️സി പി ഉമർ സുല്ലമി
© ശബാബ് വാരിക