പെണ്‍ഭരണം കൊടുംപാപമോ?

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എത്തിക്കഴിഞ്ഞു. സ്ത്രീസംവരണമാണ് പലര്‍ക്കും പുകിലായി മാറുന്നത്. അടുക്കള വിട്ട് പല പെണ്ണുങ്ങളും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയിട്ടുണ്ട്. ഇതില്‍ മുസ്‌ലിം സ്ത്രീകളുടെ എണ്ണവും ഒട്ടും കുറവല്ല. മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്ക് അതില്ലാതെ മറ്റു രക്ഷയില്ലല്ലോ. ഹുദവികള്‍ക്ക് നരക ഫത്‌വയുമായി സ്ത്രീകള്‍ക്ക് നേരെ ഉറഞ്ഞുതുള്ളാന്‍ ഇതിലപ്പുറം പറ്റിയ അവസരം വേറെന്തുണ്ട്. ഹറാം ഫത്‌വയും നരക ഫത്‌വയുമൊക്കെ പൊടിതട്ടിയിറക്കിയവരുമുണ്ട് കണക്കിന് രംഗത്ത്. നേതാക്കളാകണമെങ്കില്‍ പിന്നെ ഇടയ്ക്കിടെ നാക്കു പിഴയും നയം മാറ്റി പറയലുമൊക്കെ കൂടാതെ കഴിയില്ലല്ലോ. മുസ്‌ലിം സ്ത്രീക്ക് ഭരണതലം ഹറാമാണ് എന്നത് തന്നെയാണ് അവര്‍ക്ക് കട്ടായമായി പറയാനുള്ളത്. പക്ഷേ, ചില അടിയന്തിര സാഹചര്യങ്ങളില്‍ പന്നിയിറച്ചിയെപ്പോലെ അത് ഹലാലാക്കാമെന്നുള്ളതാണ് നയംമാറ്റം. പ്രമാണങ്ങള്‍ പരി ശോധിച്ചാല്‍ ഇത്ര കണ്ട് പുകിലുകളുണ്ടാക്കേണ്ട ഒന്നല്ല സ്ത്രീയുടെ ഭരണസാന്നിധ്യം.

വിശുദ്ധ ഖുര്‍ആന്‍ സ്ത്രീയുടെ ഭരണാധികാരം ഒരേയൊരു സ്ഥലത്ത് മാത്രമാണ് പ്രസ്താവിച്ചത്. സുലൈമാന്‍- ബല്‍ഖീസ് സംഭവമാണത്. ബുദ്ധിയും വിവരവും വിവേകവും പക്വതയുമുള്ള മികച്ച ഒരു ഭരണതന്ത്രജ്ഞയായിട്ടാണ് ഖുര്‍ആന്‍ ബല്‍ഖീസിനെ അവതരിപ്പിക്കുന്നത്. പ്രവാചകന്മാരായ ദാവൂദ്- സുലൈമാന്‍മാരെയല്ലാതെ മികച്ച പുരുഷഭരണാധികാരികളെ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നില്ല. സുലൈമാന്‍ നബി(അ) ബല്‍ഖിസ് രാജ്ഞിക്ക് മരംകൊത്തി പക്ഷിയുടെ പക്കല്‍ ഒരു കത്തെഴുതി കൊടുത്തയച്ചു. കത്ത് കിട്ടിയ സന്ദര്‍ഭം ജന പ്രമാണികളെ വിളിച്ച് വരുത്തി കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും പിന്നീടെന്ത് തീരുമാനമെടുക്കണമെന്നതിനെക്കുറിച്ചും രാജ്ഞി നടത്തിയ മുശാവറയെക്കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്:

”രാജ്ഞി പ്രസ്താവിച്ചു: പ്രമുഖരേ, എനിക്കിതാ മാന്യമയ ഒരെഴുത്ത് ലഭിച്ചിരിക്കുന്നു. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. പരമ ദയാലുവും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതുമാകുന്നു. എനിക്കെതിരെ ധിക്കാരമരുത്. വിധേയത്വമുള്ളവരായി എന്റെ മുമ്പില്‍ വന്നെത്തുവിന്‍ എന്നുള്ളതാണ് അതിലെ സന്ദേശം.” (അന്നംല് 29-31). സുലൈമാന്‍ നബിയുടെ ലിഖിതം കേള്‍പ്പിച്ച ശേഷം രാജ്ഞി രാജസഭയോട് ഇപ്രകാരം ആവശ്യപ്പെടുന്നു: ഗുരുതരമായ ഒരു വിഷയമാണിത്. ഇതില്‍ നിങ്ങളുടെ സുചിന്തിതമായ അഭിപ്രായങ്ങളും ആധികാരികമായ ഉപദേശനിര്‍ദേശങ്ങളും എനിക്കാവശ്യമുണ്ട്. നിങ്ങളുടെ സാന്നിധ്യവും സമ്മതവുമില്ലാതെ രാജ്യകാര്യത്തില്‍ ഞാനൊറ്റക്ക് ഒരു തീരുമാനവും എടുക്കാറില്ലല്ലോ.

ഖുര്‍ആനിന്റെ ഈ പ്രസ്താവനയില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ വായിച്ചെടുക്കാവുന്നതാണ്. രാജ്ഞിയുടെ പക്വതയും വിവേകവുമാണ് ഒന്ന്. തന്നോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും സുലൈമാന്‍ നബിയുമായി പെട്ടെന്ന് ഒരു യുദ്ധത്തിലേര്‍പ്പെടാന്‍ അവര്‍ തയ്യാറാകുന്നില്ല. അത് കൂടുതല്‍ ആപത്താകുമെന്ന് മനസ്സിലാക്കി. അതല്ലെങ്കില്‍ രാജസഭയോട് ഉടനെ സൈന്യത്തെ സജ്ജീകരിക്കാനും യുദ്ധതന്ത്രങ്ങളാവിഷ്‌ക്കരിക്കാനുമായിരുന്നു അവരാവശ്യപ്പെടുക. സമാധാനപരമായ സമീപനത്തിലായിരുന്നു അവര്‍ക്ക് താല്പര്യം. അതിന് രാജ്യത്തിന്റെ ഉറച്ച പിന്തുണ വേണ്ടിയിരുന്നു. രണ്ട്: ജനാഭിപ്രായത്തോടുള്ള രാജ്ഞിയുടെ താല്പര്യവും പ്രതിബദ്ധതയുമാണത്, രാജ്യരക്ഷയ്ക്കു വേണ്ടി യുദ്ധതന്ത്രവുമായി മുന്നോട്ട് പോകാനായിരുന്നു ഇത്തരുണത്തില്‍ ജനപ്രമാണിമാരുടെ അഭിപ്രായം. അതിപ്രകാരം വായിക്കാം :

”സബഇലെ ജനപ്രമാണിമാര്‍ ബോധിപ്പിച്ചു. നമ്മള്‍ മഹാശക്തിയും പരാക്രമണശാലികളുമാകുന്നു. ഇനി തീരുമാനം രാജ്ഞിക്ക് സമര്‍പ്പിക്കുന്നു. എന്ത് കല്പിക്കണമെന്ന് അവിടുന്ന് ആലോചിച്ചാലും.” (അന്നംല് 33)

സുലൈമാന്‍ നബിയെ സൈനികമായി നേരിടുന്നതിനായിരുന്നു സഭയുടെ ചായ്‌വ്. രണശൂരരും ദേശാഭിമാനികളുമായ വന്‍ സൈന്യമുള്ള നമ്മള്‍ എന്തിന് യഹൂദ രാജ്യത്തിനു മുമ്പില്‍ തല കുനിക്കണം എന്നതായിരുന്നു അവരുടെ ചോദ്യം. അതോടൊപ്പം രാജ്ഞിയുടെ തീരുമാനങ്ങള്‍ എന്തായിരുന്നാലും ശരി, അതംഗീകരിക്കാന്‍ സഭ തയ്യാറുമായിരുന്നു. അവസാനം സഭയുടെ മുമ്പില്‍ ബുദ്ധിമതിയായ ബില്‍ക്കീസ് രാജ്ഞി വെക്കുന്ന അഭിപ്രായം ഖുര്‍ആനില്‍ ഇങ്ങനെ കാണം:

”രാജ്ഞി ഉത്‌ബോധിപ്പിച്ചു. രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്ന് കയറിയാല്‍ അതിനെ നശിപ്പിച്ച് കളയും. അതിലെ അഭിമാനികളായ നിവാസികളെ നിന്ദ്യരാക്കുകയും ചെയ്യും. ഇതുതന്നെയാണ് അവര്‍ ചെയ്യാറുള്ളത്.” (അന്നംല് 34)

ബല്‍ക്കീസ് രാജ്ഞിയുടെ ബുദ്ധിയും വിവേകവും നയതന്ത്രജ്ഞതയും വിൡച്ചോതുന്നതാണ് ഈ വാക്യം. പ്രശ്‌ന പരിഹാരത്തിന് സൈനിക നടപടിയിലേക്ക് എടുത്ത് ചാടുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചില്ല. തുടര്‍ന്ന് രാജ്ഞി സുലൈമാന്‍ നബിയുമായി സമാധാനപരമായ ഒരു ഒത്തുതീര്‍പ്പിലേക്ക് സാധ്യത തേടുന്ന പരിപാടി മുന്നോട്ട് വെക്കുന്നു. സുലൈമാന്‍ രാജാവിന് ദൂതന്മാര്‍ വഴി ഒരു സമ്മാനം കൊടുത്തയക്കാമെന്നതായിരുന്നു അത്. സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെങ്കില്‍ അദ്ദേഹം രാജ്ഞിയെ സമശീര്‍ഷരായി കരുതുന്നുവെന്നും സമാധാനപരമായി സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നു എന്നും കരുതാം. അങ്ങനെ രാജദൂതന്മാര്‍ കൊണ്ടുവരുന്ന മറുപടിക്ക് കാത്ത് നില്‍ ക്കാം. ഇവിടെയെല്ലാം മുഴച്ചുനില്ക്കുന്നത് രാജ്ഞിയുടെ സമാധാനകാംക്ഷയാണ്. ബല്‍ക്കീസ് രാജ്ഞി തീരുമാനിച്ച പ്രകാരം വിലപ്പെട്ട സമ്മാനങ്ങളുമായി ദൂതന്മാര്‍ സുലൈമാന്‍ നബിയുടെ കൊട്ടാരത്തിലെത്തി. പക്ഷേ, അത് കണ്ട് സന്തുഷ്ടനാകുന്നതിന് പകരം കോപിഷ്ടനാകുകയായിരുന്നു സുലൈമാന്‍ നബി.

 "രാജദൂതന്മാര്‍ സമ്മാനങ്ങളുമായി സുലൈമാന്റെ സന്നിധിയില്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചു. നിങ്ങളെന്നെ സമ്പത്ത് കൊണ്ട് സഹായിക്കുകയാണോ? എന്നാല്‍ അല്ലാഹു എനിക്ക് തന്നിട്ടുള്ളത് നിങ്ങള്‍ തന്നതിനേക്കാള്‍ എത്രയോ വിശിഷ്ടവും വര്‍ധിതവുമാണ്.” (അന്നംല് 36)

സുലൈമാന്‍ നബിക്ക് ആവശ്യം ബില്‍ക്കീസിന്റെ സമ്മാനമായിരുന്നില്ല. മറിച്ച്, അവര്‍ നിലകൊള്ളുന്ന ബഹുദൈവ വിശ്വാസവും സൂര്യാരാധനയും വെടിഞ്ഞ് ഏകനായ അല്ലാഹുവിങ്കലേക്ക് തിരിച്ച് വരിക എന്നതായിരുന്നു. അതാണല്ലോ രാജ്ഞിക്കുണ്ടായിരുന്ന പോരായ്മയായി ഹുദ്ഹുദ് പക്ഷി എടുത്ത് പറഞ്ഞത്. സമ്മാനം കൊണ്ടുവന്ന ദൂതന്മാര്‍ അതുമായി സബഇലേക്ക് തന്നെ തിരിച്ചുപോയി. അവസാനം രാജ്ഞിയും ജനനേതാക്കളും കാര്യം മനസ്സിലാക്കി. രാജാവിന്റെ സൈന്യത്തോട് പിടിച്ചുനില്ക്കാനാവില്ലെന്നും അനുസരണയുള്ളവരായി വര്‍ത്തിക്കലാണ് സുരക്ഷിതത്വം എന്നുമായിരുന്നു അത്.
അവസാനം അവര്‍ സുലൈമാന്‍ നബിയുടെ അധികാര വ്യവസ്ഥക്ക് കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു. രാജ്ഞിയും പരിവാരവും വിധേയത്വത്തോടെ സുലൈമാന്‍ നബിയുടെ സ്ഫടികക്കൊട്ടാരത്തിലെത്തി. അതേക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെയാണ് പറയുന്നത് :

"രാജ്ഞി മണ്ഡപത്തിലേക്ക് പ്രവേശിക്കുക എന്ന് സ്വാഗതം ചെയ്യപ്പെട്ടു. മണ്ഡപം കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് അവള്‍ക്ക് തോന്നിപ്പോയി. കണങ്കാലില്‍ നിന്ന് പുടവ പൊക്കിപ്പിടിക്കുകയും ചെയ്തു. സുലൈമാന്‍ അവളോട് പറഞ്ഞു. ഇത് സുതാര്യമായ സ്ഫടിക മണ്ഡപമാകുന്നു. അതുകേട്ട് രാജ്ഞി പ്രസ്താവിച്ചു. എന്റെ നാഥാ ഞാനിന്നോളം എന്നോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. ഇന്നിതാ ഞാന്‍ സുലൈമാനോടൊപ്പം എന്നെ പ്രപഞ്ച നാഥനായ അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു. മുസ്‌ലിം ആയിരിക്കുന്നു.” (അന്നംല് 44)

സുലൈമാന്‍ നബിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചതില്‍ ബല്‍ക്കീസിനെ തുടര്‍ന്നും സബഇലെ രാജ്ഞിയായിരിക്കാന്‍ തിരിച്ചയച്ചത് ഇവിടെ പ്രസ്ത്യാവമാണ്. സ്ത്രീയായതുകൊണ്ട് അവര്‍ ഭരണത്തിനര്‍ഹയല്ലായിരുന്നുവെങ്കില്‍ സുലൈമാന്‍ നബി അവരെ സ്ഥാനഭ്രഷ്ടയാക്കി പുരുഷന്മാരെ ഭരണം ഏല്പിക്കുമായിരുന്നുവല്ലോ. സ്ത്രീയുടെ ഭരണാധികാരം ജാഹിലിയ്യത്തില്‍ മാത്രമല്ല ഇസ്‌ലാമിലും അനുവദനീയമാണ് എന്നതിന്റെ തെളിവാണിത്.

സ്ത്രീക്ക് അധികാരം നിഷേധിക്കുന്നതിനോ ഹറാമാണെന്ന് സ്ഥാപിക്കാനോ ഖുര്‍ആനില്‍ നിന്ന് ഒരു പ്രമാണവും ആര്‍ക്കും ഉന്നയിക്കാനില്ല. ആകെക്കൂടിയുള്ളത് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിനെ അനവസരത്തില്‍ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ്. അതിപ്രകാരമാണ്:
പേര്‍ഷ്യക്കാര്‍ കിസ്‌റായുടെ പുത്രിയെ രാജാധികാരം ഏല്പിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ”ഭരണം പെണ്ണിനെ ഏല്പിച്ച സമൂഹം വിജയിക്കുകയില്ല.”
സ്ത്രീക്ക് അധികാരം പാടില്ല എന്നതിന് ഖണ്ഡിതമായ തെളിവായിട്ട് പലരും എടുത്ത് പറയാറുള്ളത് ഈ പ്രവാചക വചനമാണ്. വാസ്തവത്തില്‍ ഈ നബിവചനം സ്ത്രീയുടെ അധികാര സ്ഥാനത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പ്രവാചക വചനത്തിലെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസ്സിലാകും,

പേര്‍ഷ്യാ സാമ്രാജ്യം റോമ സാമ്രാജ്യവുമായി രൂക്ഷമായ സംഘര്‍ഷത്തിലായിരുന്ന കാലഘട്ടമായിരുന്നു അത്. ഇടക്കിടെ അവര്‍ തമ്മില്‍ യുദ്ധങ്ങളുണ്ടായി. റോമാ പേര്‍ഷ്യന്‍ യുദ്ധം ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. അന്ന് പേര്‍ഷ്യക്കായിരുന്നു വിജയം. ഹിജ്‌റക്ക് ശേഷം നടന്ന റോമാ പേര്‍ഷ്യന്‍ യുദ്ധത്തില്‍ ജയം റോമിനായിരുന്നു. അതിനിടയിലാണ് കിസ്‌റാ പുത്രിയുടെ കിരീട ധാരണം നടക്കുന്നത്. അതറിഞ്ഞ പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു: ”ഇതിപ്പോള്‍ ഒരു പെണ്ണ് ഭരിച്ചത് കൊണ്ടൊന്നും ആ രാജ്യം വിജയിക്കാന്‍ പോകുന്നില്ല.”
പേര്‍ഷ്യ- കിസ്‌റമാരുടെ ആധിപത്യത്തില്‍ നിന്ന് മോചിതരാവുകയും ആ ജനത മുസ്‌ലിംകളാകുകയും ചെയ്യുമെന്നും നബി(സ) പ്രവചിച്ചിട്ടുള്ളതാണ്. ആ പ്രവചനം രണ്ടാം ഖലീഫ ഉമറിന്റെ(റ) കാലത്ത് സഫലമാകുകയും ചെയ്തു. ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രധാനിയായ ഇമാം ഗസ്സാലി(റ) ഈ ഹദീസിന് ഇങ്ങനെയാണ് വ്യാഖ്യാനം നല്‍കിയത്. അതല്ലാതെ പെണ്ണധികാരത്തെ നിഷേധിക്കുന്നതിനോ തള്ളിപ്പറയുന്നതിനോ ഈ ഹദീസിനെ ഉപയോഗപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കുന്ന മുസ്‌ലിം പെണ്ണുങ്ങള്‍ക്കെതിരില്‍ ഹറാം ഫത്‌വയുമായി ഇറങ്ങിയിരിക്കുന്ന ഹുദവികള്‍ ആയുധമാക്കിയെടുക്കുന്നത് നബി(സ)യുടെ പ്രസ്തുത ഹദീസിനെ മാത്രമാണ്. അതല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് യാതൊരു തെളിവും കൊണ്ടുവരാന്‍ ഇവര്‍ക്കാര്‍ക്കും സാധ്യമല്ലതന്നെ.

✍️എ ജമീല ടീച്ചര്‍
© ശബാബ് വാരിക