താടിയും ഇസ്‌ലാമും

ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ``അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മനസ്സുകള്‍ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയില്‍ നിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്‌: ``തീര്‍ച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു.'' (അശ്ശംസ്‌ 9,10). ഒരാളെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മനശ്ശുദ്ധിയും നിലനിര്‍ത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവര്‍ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും.

എന്നാല്‍ താടിയുടെ പിന്നില്‍ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തില്‍ വന്നതിനാല്‍ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. താടിവടിക്കല്‍ നിഷിദ്ധമാണെന്ന്‌ ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ ഇജ്‌തിഹാദിയായ അഭിപ്രായങ്ങളാണ്‌. അവര്‍ക്ക്‌ ഇജ്‌തിഹാദിനുള്ള അറിവും അവകാശവുമുണ്ട്‌. ഇജ്‌തിഹാദിലൂടെ ഒരാളുടെ അഭിപ്രായത്തിന്‌ പിഴവു സംഭവിച്ചാലും അതിന്‌ ഒരു പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതേയവസരത്തില്‍ ഹര്‍കത്തില്ലാത്ത അറബിഭാഷാ ഉദ്ധരണി വായിക്കാന്‍ പോലും അറിയാത്തവര്‍ കാര്യം മനസ്സിലാക്കാതെ ഒരു വിഷയത്തെ ഹറാമും ഹലാലുമാക്കുന്ന രീതിയോട്‌ യോജിക്കാനാവില്ല. മുന്‍കാല പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. അതിഥികളെ സല്‍ക്കരിക്കല്‍, താടിവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അറബികള്‍ ഇസ്‌ലാമിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു. താടി ഇസ്‌ലാമിലും ഒരു പുണ്യകര്‍മമാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ പിന്നെ തങ്ങളുടെ താടി ഒഴിവാക്കാതിരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അങ്ങനെയുള്ള ഒരു ധാരണയില്‍ നിന്നാണ്‌ ചില പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ ധരിച്ചുവെച്ചത്‌. താടി വളര്‍ത്താനും മൈലാഞ്ചിയിടാനും അതുപോലുള്ള പലതും ചെയ്‌ത്‌ അന്യമതക്കാരോട്‌ വിരുദ്ധമാകാന്‍ നബി(സ) കല്‌പിച്ചത്‌ മുസ്‌ലിംകളെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ്‌.

താടി വളര്‍ത്താന്‍ കല്‌പിച്ച ഹദീസും മുടിക്ക്‌ ചായം കൊടുക്കാന്‍ കല്‌പിച്ച ഹദീസും ഒരേ പദവിയിലുള്ളതും രണ്ടും സ്വഹാബികളോടായി നബി(സ) പറഞ്ഞതും ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളതാണ്‌. ഇബ്‌നുഉമര്‍(റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിച്ചു: ``നിങ്ങള്‍ ബഹുദൈവ വിശ്വാസികള്‍ക്ക്‌ വിരുദ്ധരാവുക. താടി സമ്പൂര്‍ണമാക്കുക.'' (ബുഖാരി). നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പ്രസ്‌താവിച്ചു: ``നിശ്ചയമായും യഹൂദികളും നസ്വാറാക്കളും മുടിക്ക്‌ ചായം കൊടുക്കാറില്ല. നിങ്ങള്‍ (ചായംകൊടുത്ത്‌) അവര്‍ക്കെതിരാകണം'' (ബുഖാരി). ഈ രണ്ടു ഹദീസുകളും ഒരേ നിലയിലുള്ളതാണ്‌. ഒന്നാമത്തെ ഹദീസില്‍ മുശ്‌രിക്കുകള്‍ക്ക്‌ വിരുദ്ധമായി താടി വളര്‍ത്താനും രണ്ടാമത്തെ ഹദീസില്‍ യഹൂദീ-നസ്വാറാക്കള്‍ക്കു വിരുദ്ധരായി മുടിക്ക്‌ ചായംകൊടുക്കാനും കല്‌പിക്കുന്നു. രണ്ടു കല്‌പനകളും നിര്‍ബന്ധമായ കല്‌പനകളല്ലെന്ന്‌ രണ്ടാമത്തെ ഹദീസിന്റെ വ്യാഖ്യാനം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. 

ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``അലി(റ) ഉബയ്യുബ്‌നു കഅ്‌ബ്‌(റ), സലമതുബ്‌നുല്‍ അക്‌വഅ്‌(റ), അനസ്‌(റ) എന്നിവരും ഒരു സംഘം സ്വഹാബികളും മുടിക്ക്‌ ചായംപൂശുക എന്നത്‌ ഒഴിവാക്കിയിരുന്നു'' (ഫത്‌ഹുല്‍ബാരി 13:359). യഹൂദീ നസ്വാറാക്കാള്‍ക്കു വിരുദ്ധമായി നിങ്ങള്‍ മുടിക്ക്‌ ചായം കൊടുക്കണം എന്ന ബുഖാരിയുടെ ഹദീസ്‌ നിര്‍ബന്ധ കല്‌പനയല്ലെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. മറിച്ച്‌ മുസ്‌ലിംകളെ തിരിച്ചറിയാനുള്ള ഒരു പ്രോത്സഹനം എന്ന നിലയില്‍ പറഞ്ഞതാണ്‌. നിര്‍ബന്ധമായിരുന്നെങ്കില്‍ മേല്‌പറഞ്ഞ സ്വഹാബിമാര്‍ ചായം കൊടുക്കല്‍ ഒഴിവാക്കുമായിരുന്നില്ല. അതേ വിധി തന്നെയാണ്‌ ബുഖാരിയുടെ മുശ്‌രിക്കുകള്‍ക്ക്‌ വിരുദ്ധമായി നിങ്ങള്‍ താടി സമ്പൂര്‍ണമാക്കണം എന്നുപറഞ്ഞ ഹദീസിനുമുള്ളത്‌. താടി വടിച്ചുകളയല്‍ ഹറമാണെങ്കില്‍ മുടിക്ക്‌ ചായം കൊടുക്കാതിരിക്കലും ഹറാമാകണം. കാരണം നബി(സ)യുടെ കല്‌പന മുടിക്ക്‌ ചായം കൊടുക്കാനാണ്‌. 

താടിവടിക്കുന്ന വിഷയത്തില്‍ ഹറാമിന്റെ വിധി മാത്രമല്ല പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്‌. ചില പണ്ഡിതന്മാര്‍ അനുവദനീയമാണെന്നും പറഞ്ഞിട്ടുണ്ട്‌. ആധുനിക പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും താടി വടിച്ചുകളയുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്ന്‌ അഭിപ്രായങ്ങളുണ്ട്‌. ഇബ്‌നുതൈമിയ്യയും മറ്റും നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഖാദ്വി ഇയാദ്വിനെപ്പോലെ ഉത്തമമല്ല എന്നു പറഞ്ഞവരുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആധുനികരായ ചില പണ്ഡിതന്മാര്‍ താടി വടിക്കല്‍ അനുവദനീയമാണെന്നും പറഞ്ഞിട്ടുണ്ട്‌. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും യോജിച്ചതും മധ്യമനിലവാരം പുലര്‍ത്തുന്നതും കറാഹത്താണ്‌ (ഉത്തമമല്ല) എന്നതാണ്‌'' (അല്‍ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം, പേജ്‌ 94).

ഹറാമിന്റെയും ഹലാലിന്റെയും വിഷയത്തില്‍ ഒരിക്കലും പണ്ഡിതാഭിപ്രായം സ്വീകരിക്കാന്‍ ഖുര്‍ആനും സുന്നത്തും അനുവദിക്കുന്നില്ല. കാരണം ഹലാലും ഹാറാമും വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വിശുദ്ധഖുര്‍ആനും നബിചര്യയുമാണ്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയതെല്ലാം നിങ്ങള്‍ക്ക്‌ വിശദീകരിച്ചുതന്നിട്ടുണ്ട്‌'' (അന്‍ആം 119). നബി(സ) പറയുന്നു: ``അനുവദനീയം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ അനുവദിച്ചിട്ടുള്ളവയാണ്‌. നിഷിദ്ധം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിഷിദ്ധമാക്കിയിട്ടുള്ളവയാണ്‌. ഹലാലോ ഹറാമോ എന്ന വിഷയത്തില്‍ അവന്‍ നിശ്ശബ്‌ദത പാലിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്കവന്‍ വിട്ടുവീഴ്‌ച ചെയ്‌തുതന്നിരിക്കുന്നു.'' (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം) അല്ലാഹു ഒരു കാര്യം ഹലാലാക്കുകയോ ഹറാമാക്കുകയോ ചെയ്‌താല്‍ അത്‌ വിശുദ്ധ ഖുര്‍ആനിലുണ്ടാകും എന്നാണ്‌ അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്‌. താടിയെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശം മൂസാനബി(അ) ഹാറൂന്‍ നബി(അ)യുടെ താടിയും തലയും പിടിച്ചുവലിച്ച സംഭവം മാത്രമാണ്‌ (സൂറതുത്ത്വാഹ). അല്ലാതെ താടി നിര്‍ബന്ധമാണെന്നോ അതെടുത്തു കളയല്‍ നിഷിദ്ധമാണെന്നോ ഖുര്‍ആനില്‍ ഒരിടത്തുമില്ല. തെളിവില്ലാതെ ഹറാമും ഹലാലുമാക്കുന്നതിനെ അല്ലാഹു ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ``നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ ഹലാലാണ്‌, ഇത്‌ ഹറാമാണ്‌ എന്നിങ്ങനെ നിങ്ങള്‍ നുണ പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നുണ കെട്ടിച്ചമക്കാന്‍ വേണ്ടിയത്രെ ഇത്‌. തീര്‍ച്ചയായും അല്ലാഹുവിന്റെ പേരില്‍ നുണകെട്ടിച്ചമയ്‌ക്കുന്നവര്‍ വിജയിക്കുകയില്ല.'' (നഹ്‌ല്‍ 116)

✍️ മൊയ്‌തീന്‍സുല്ലമി
© ശബാബ് വാരിക