ഭയം



ഭയവും സ്നേഹവും പ്രതീക്ഷയും ആരാധനയുടെ അടിസ്ഥാന ഘടകമായത് പോലെ ഭയപ്പെടുക എന്നതും ആരാധനയുടെ അടിസ്ഥാന ഘടകമാണ്. വിശുദ്ധ കുർആനിൽ ഭയവും പ്രതീക്ഷയും ചേർന്ന നിലയിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് നിരവധി തവണ പറഞ്ഞിരിക്കുന്നു. അല്ലാഹുവിനോടൊപ്പം രഹസ്യമായി മറ്റു ചിലതിനെ ഭയപ്പെടുക. അത് ബിംബങ്ങളോ കബ്റുകളോ, പിശാചോ , ജിന്നോ എന്തുമാവാം. അവരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടുവാൻ വേണ്ടി അവരെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ചില കർമ്മങ്ങൾ ചെയ്യുക. ഇത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമായ ശിർക്കാകുന്നു.

 ഇബ്റാഹീം (അ) പറഞ്ഞതായി വിശുദ്ധ ഖുർആൻ പറയുന്നു: "നിങ്ങൾ അവനോട് പങ്കു ചേർക്കുന്ന യാതൊന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.)" (6:80). അദ്ദേഹം തുടർന്ന് അവർക്ക് വിശദീകരിച്ചു കൊടുക്കുന്നു :
"നിങ്ങൾ അല്ലാഹുവോട് പങ്കു ചേർക്കുന്നതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്ക് യാതൊരു പ്രമാണവും നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കു ചേർക്കുന്നതിനെ പറ്റി ഭയപ്പെടുന്നുമില്ല. അപ്പോൾ രണ്ടു കക്ഷികളിൽ ആരാണ് നിർഭയരായിരിക്കുവാൻ കൂടുതൽ അർഹതയുള്ളവർ ? (പറയൂ ) നിങ്ങൾക്കറിയാമെങ്കിൽ" (6:81). തുടർന്ന് ഈ പ്രശ്നത്തിൽ ഒരു തീർപ്പ് എന്നോണം വിശദീകരിക്കുന്നു : വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ(6:82)

തൗഹീദ് നിർഭയത്വം നൽകുന്നതും ശിർക്ക് നിർഭയത്വം തടയുന്നതുമാണ്. അല്ലാഹുവിന്റെ ശിക്ഷയ്ക്ക് കാരണമാകുന്ന ശിർക്ക് എന്ന വലിയ അക്രമവുമാണത്. പരദൈവങ്ങളുടെ ഭാഗത്ത് നിന്ന് വിപത്തുകൾ സംഭവിക്കുമെന്ന് പ്രവാചകൻമാരെ  ജനങ്ങൾ ഭീഷണിപ്പെടുത്തിയതായി വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. ഹൂദ് നബി (അ) യുടെ ജനത ഇപ്രകാരം പേടിപ്പെടുത്തിയതായും അല്ലാഹുവിങ്കൽ നിന്ന് തനിക്ക് നിർഭയത്വമാണ് ലഭിക്കുന്നതെന്നും അതിനെ തടഞ്ഞു നിർത്താൻ നിങ്ങളുടെ ദൈവങ്ങൾക്ക് കഴിയില്ലെന്നും ഹൂദ് നബി (അ) പറഞ്ഞതായി ഖുർആൻ പറയുന്നു. (സൂറ: ഹൂദ്: 54, 55,56)

നിർഭയത്വം പ്രഖ്യാപിച്ച ശേഷം തന്റെ ഉറച്ച നിലപാടായി അദ്ദേഹം പറയുന്നത് "നിങ്ങളുടെയും എന്റെയും രക്ഷിതാവിന്റെ മേൽ ഞാൻ ഭരമേൽപ്പിക്കുന്നു " എന്നാണ്. അപ്രകാരം തന്നെ മുഹമ്മദ് നബി (സ)യോട് ബഹുദൈവ വിശ്വാസികൾ ഇലാഹുകളുടെ കോപം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഭയപ്പെടുത്തിയപ്പോൾ പ്രവാചകൻ അവർക്ക് നൽകിയ ഉറച്ച മറുപടി വിശുദ്ധ ഖുർആൻ അദ്ധ്യായം അൽ സുമർ മുപ്പത്തി ആറാം വചനത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. അടിമയ്ക്ക് തന്റെ അല്ലാഹു മതിയാവനല്ലയോ ? അവനെ കൂടാതെയുള്ളവരെ കൊണ്ട് അവർ താങ്കളെ ഭയപ്പെടുത്തുകയാണ് എന്ന് ഖുർആൻ വിവരിക്കുന്നു. ഈ പറഞ്ഞ പേടിപ്പെടുത്തലുകളെല്ലാം അദൃശ്യമായ രൂപത്തിൽ സംഭവിക്കുമെന്ന് കരുതപ്പെടുന്ന കെടുതികളും നാശങ്ങളും സംബന്ധിച്ചാണ്.

സത്യവിശ്വാസികൾ ഈ ആരാധ്യ വസ്തുക്കളെയൊന്നും ഭയപ്പെടുകയില്ല. ജിന്ന് ഭൂതങ്ങൾ, മഖ്ബറകൾ തുടങ്ങി പലതും പറഞ്ഞ് ശിർക്കിലേക്ക് നയിക്കുന്ന പേടിപ്പെടുത്തലുകൾ ഇന്നും വിശ്വാസികൾക്ക് നേരെ നടക്കുന്നുണ്ട്. മറഞ്ഞ വഴിയിൽ ഉപകാരമോ ഉപദ്രവമോ വരുത്താൻ ഏകനായ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരാളുടെ വിശ്വാസത്തിന് ഇളക്കംതട്ടിക്കാനുള്ള ശ്രമം വിശുദ്ധ ഖുർആൻ ഉള്ളിടത്തോളം കാലം വിലപ്പോവില്ല എന്നതാണ് വസ്തുത.

ഖബ്റാരാധകന്മാർ ഔലിയാക്കളുടെ
 "കുരുത്തക്കേട് "തട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ട്. ദുർബല വിശ്വാസികൾ ഇത്തരം കെണിയിൽ അകപ്പെട്ടു പോകുന്നു. ഖബർ മേലധികാരികളും പുരോഹിതന്മാരും ദുർബലവിശ്വാസികളുടെ സമ്പത്ത് അന്യായമായി കൈയടക്കുന്നു. ഇവർക്ക് നേർച്ച നേർന്നാട്ടില്ലെങ്കിൽ കുടുമ്പത്തിലും , തൊഴിലിലും കച്ചവടത്തിലും മറ്റും മറ്റുമായി സംഭവിക്കാൻ പോകുന്ന വിപത്തുകൾ പറഞ്ഞു പ്രചരിപ്പിച്ചു കൊണ്ടാണ് ഈ ധനാപഹരണം ഇക്കൂട്ടർ നടത്തുന്നത്. ഇത്തരക്കാരോട് പ്രഖ്യാപിക്കാനായി പ്രവാചകനോട് അല്ലാഹു പറയുന്നു.

(قُل لَّن یُصِیبَنَاۤ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡیَتَوَكَّلِ ٱلۡمُؤۡمِنُونَ)
[Surah At-Tawbah 51] പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്. (9:51 )

✍️ P അബ്ദുസ്സലാം മദനി