കോവിഡുകാലത്തെ വിശ്വാസിയുടെ പ്രാർഥന

അതിതീവ്ര വ്യാപന കോവിഡുകാലത്തും നേരിട്ട് പടച്ചവനേ, അല്ലാഹുവേ, റബ്ബേ എന്ന് വിളിച്ച് പ്രാർഥിക്കാൻ മറന്ന് പോകുന്ന വിശ്വാസികളുണ്ടാകുമോ?പത്ര വാർത്തകളിലും ടി വി ന്യൂസുകളിലും കാണുന്ന കോവിഡു വാർത്തകൾ പങ്കുവെച്ച് മറ്റൊന്നും ചെയ്യാനില്ലാതെ, പ്രാർഥിക്കാൻ പോലും തയ്യാറില്ലാതെ നിഷ്ക്രിയ നായിരിക്കുന്ന വിശ്വാസിയുണ്ടാകുമോ?
എങ്കിൽ അത്തരക്കാർ അറിയണം വിശുദ്ധ ഖുർആനിലെ ഒരു താക്കീത് :
പറയുക!നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ എൻ്റെ റബ്ബ് നിങ്ങൾക്കെന്ത് പരിഗണന നൽകാനാണ്?
(സൂറത്തുൽ ഫുർഖാൻ - 77)

കാരുണ്യവാനായ അല്ലാഹുവിൻ്റെ കാരുണ്യമല്ലാതെ മറ്റൊന്നും ആത്യന്തികമായി പ്രതീക്ഷിക്കാനില്ലാത്ത ഒരു കാലത്തും ലോകത്തുമാണ് നാമിപ്പോൾ ജീവിക്കുന്നത് എന്നതിന് ദിനേന പുറത്ത് വരുന്ന കോവിഡു ദുരന്തവാർത്തകൾ മാത്രം ശ്രദ്ധിച്ചാൽ ബോധ്യമാകും. മുൻ ദൂരദർശൻ ഡയരക്ടർ ജനറൽ അർച്ചന ദത്തയുടെ നിസ്സഹായത നിറഞ്ഞ ഒരു വാക്കും വാർത്തയും ഇന്നത്തെ മനോരമ പത്രം റിപ്പോർട്ട് ചെയ്തത് അതിലൊന്നു മാത്രം. കോവിഡു ബാധിച്ച് അത്യാസന്ന നിലയിലായ ഭർത്താവിനെയും  അമ്മയെയും കൊണ്ട് ആശുപത്രികളായ ആശുപത്രികളിലൊക്കെ മുട്ടിനോക്കിയിട്ടും യഥാസമയം ചികിത്സ കിട്ടാതെ ഇരുവരും മരണത്തിന് കീഴടങ്ങിയ സംഭവത്തെക്കുറിച്ച് അവർ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ട്.ഒന്നും ചെയ്യാനായില്ല, ഇത്തരം അനുഭവങ്ങൾ തങ്ങൾക്കുണ്ടാകില്ലെന്നാണ് എന്നെപ്പോലുള്ള പലരും കരുതുക. എന്നാൽ അതാണ് സംഭവിച്ചത് എന്ന അവരുടെ നിസ്സഹായത നിറഞ്ഞ വാക്കുകളിൽ ചിന്തിക്കുന്ന ജനങ്ങൾക്കെല്ലാം ദൃഷ്ടാന്തവും ഗുണപാഠവുമുണ്ട്.

ധർമനിഷ്ഠമായ ജീവിതം നയിക്കുന്ന വിശ്വാസിയുടെ ഏറ്റവും വലിയ അവലംബവും അത്താണിയുമാണ് പ്രപഞ്ചനാഥനായ അല്ലാഹുവിനോടുള്ള നിഷ്കളങ്ക പ്രാർഥന. പ്രാർഥിച്ച കാര്യം സഫലമായില്ലെങ്കിലും വിശ്വാസി നിരാശനോ നിസ്സഹായനോ അല്ല .ദൈവ വിധി തൻ്റെ കാര്യത്തിൽ പുലരുകയാണ് എന്നേ അയാൾ കരുതുകയുള്ളൂ. അങ്ങനെ പ്രാർഥിച്ച വലിയ സമ്പാദ്യവുമായി മരണാനന്തരമുള്ള ജീവിതത്തുടർച്ചയിലേക്ക് വിശ്വാസി സമാധാനത്തോടെ യാത്രയാവും.

സ്വന്തമായി പ്രാർഥിക്കാതിരിക്കുന്ന സ്വഭാവവും ആരോ അറബിയിൽ പ്രാർഥിക്കുന്ന കാര്യങ്ങൾക്ക് അർഥമറിയാതെ, യാന്ത്രികമായി ആമീൻ മാത്രം പറഞ്ഞ് സായൂജ്യമടയുകയും ചെയ്യുന്ന രീതി യഥാർഥ വിശ്വാസിക്ക് ഭൂഷണമല്ല.

ഹദീസിൽ വന്ന ചില പ്രാർഥനകൾക്ക് ഈ കോവിഡു കാലത്ത് സവിശേഷ പ്രാധാന്യമുണ്ട്.
അവയിൽ ചിലത് താഴെ കൊടുക്കുന്നു. അർഥ ബോധത്തോടെയായിരിക്കണം പ്രാർഥിക്കേണ്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അനുഗ്രഹങ്ങൾ നീങ്ങിപ്പോകാതിരിക്കാൻ..

أَللّٰهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ, وَتَحَوُّلِ عَافِيَتِكَ, وَفُجْأَةِ نِقْمَتِكَ, وَجَمِيعِ سُخْطِكَ

(അല്ലാഹുവേ, നിൻ്റെ അനുഗ്രഹം നീങ്ങിപ്പോകുന്നതിൽ നിന്നും നീ തന്ന സൗഖ്യം നഷ്ടപ്പെട്ടു പോകുന്നതിൽ നിന്നും നിൻ്റെ ശിക്ഷ വന്നു ഭവിക്കുന്നതിൽ നിന്നും നിൻ്റെ എല്ലാ വിധ കോ പത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു)

കോവിഡിലേക്ക് ചേർത്ത് മനസ്സിലാക്കാവുന്ന പല കാര്യങ്ങളും ഈ പ്രാർഥനയിൽ ഉൾച്ചേർന്നു കിടക്കുന്നുണ്ടെന്ന് സൂക്ഷ്മ വിശകലനത്തിൽ ബോധ്യപ്പെടും.

വെറുക്കപ്പെട്ട 4 കാര്യങ്ങൾക്കെതിരെ ജാഗ്രത!പ്രാർഥന!

أَلّٰلهُمَّ جَنِّبْنِي مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ وَالْأَدْواءِ

(അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങൾ, കർമങ്ങൾ, വിചാരങ്ങൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് എന്നെ നീ അകറ്റേണമേ)

കോവിഡു രോഗം വെറുക്കപ്പെട്ട രോഗമോ അടുത്ത ബന്ധുക്കളിൽ നിന്ന് പോലും ചിലപ്പോൾ അകറ്റപ്പെടുകയോ ചെയ്യുന്ന രോഗം തന്നെയാണല്ലോ. അപ്പോൾ സ്ത്യ വിശ്വാസി ഈ പ്രാർഥന വിശിഷ്യാ കോവിഡു കാലത്ത് പതിവാക്കേണ്ടത് തന്നെയാണല്ലോ.

എല്ലാ വിധ ചീത്ത രോഗങ്ങളിൽ നിന്നും ശരണാർഥന പ്രാർഥന

أَلّٰلهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ, وَالْجُنُونِ, وَالجُذَامِ, وَمِنْ َسَيِّءِالْأَسْقَامِ

(അല്ലാഹുവേ, വെള്ളപ്പാണ്ഡ് രോഗത്തിൽ നിന്നും ഭ്രാന്തിൽ നിന്നും കുഷ്ഠരോഗത്തിൽ നിന്നും മറ്റെല്ലാ ചീത്തരോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.)

👆 സ്ഥിരപ്പെട്ട ഹദീസിൽ വന്നിട്ടുള്ള മേൽ പ്രാർഥനകൾക്കും അത് പോലുള്ള മറ്റു പ്രാർഥനകൾക്കും ഈ കോവിഡു കാലത്ത് ഓരോ സത്യവിശ്വാസിയുടെ ജീവിതത്തിലും വലിയ സാന്ദർഭിക പ്രസക്തിയുണ്ട്.

പ്രാർഥ്ന വിശ്വാസിയായ മനുഷ്യൻ തൻ്റെ റബ്ബിനോട് നടത്തുന്ന ആത്മഭാഷണമാണ്.വിശ്വാസി അർഥ ബോധത്തോടെ നിർവഹിക്കുന്ന ഓരോ പ്രാർഥനക്കും മൂന്നിലൊരു ഫലം ഉറപ്പാണെന്ന് പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുണ്ട്.

1) പ്രാർഥിച്ച കാര്യം സമീപ ഭാവിയിലോ വിദൂര ഭാവിയിലോ അല്ലാഹു സഫലമാക്കിത്തരും.

2) പ്രാർഥിച്ചതിനുള്ള മഹത്തായ പ്രതിഫലം പരലോകത്ത് അല്ലാഹു നൽകും.

3) ചോദിച്ചത് കിട്ടിയില്ലെങ്കിലും ഈ പ്രാർഥനയുടെ ഫലമായി മറ്റൊരു വിപത്ത് അല്ലാഹു ഒഴിവാക്കിത്തരും

ഓർക്കുക : പ്രാർഥന ആരവങ്ങളല്ല. അവനവൻ്റെ ആത്മാവിൽ നിന്ന് അല്ലാഹുവിൻ്റെ നേരെയുയരുന്ന വിനീതവിനയാന്വിത ആവശ്യങ്ങളുടെ സമർപണമാകുന്നു.

വിശുദ്ധ റമദാൻ അത്തരം ആത്മസമർപണത്തിൻ്റെ മാസം കൂടിയാണ്.

✍️ ശംസുദ്ദീൻ പാലക്കോട്