പള്ളിപരിപാലകർക്കുള്ള യോഗ്യത

അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.

തീര്‍ത്ഥാടകന്ന്‌ കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന്‌ തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല.

(Surat:9 തൗബ Verse: 18,19)

▶️മക്കാ മുശ്രിക്കുകൾ തങ്ങളുടെ ഏറ്റവും വലിയ പുണ്യ കർമ്മമായി എടുത്ത് കാണിച്ചിരുന്ന കാര്യങ്ങളാണ് തീർത്ഥാടകർക്ക് കുടിനീർ കൊടുക്കുന്നതും മസ്ജിദുൽ ഹറം പരിപാലിക്കുന്നതും. ഇത്തരം പുണ്യകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കണമെങ്കിൽ ശരിയായ വിശ്വാസവും ത്യാഗസന്നദ്ധതയും ഉണ്ടാവണം. അവർക്ക് ഇവ രണ്ടുമില്ല. ആയതിനാൽ അവരും വിശ്വാസികളും ഒരിക്കലും സമമാവുകയില്ല.

© ചെറിയമുണ്ടം - പറപ്പൂർ ഖുർആൻ പരിഭാഷ