ആരാധന സ്രഷ്ടാവിനോട്‌ മാത്രം

"അല്ലയോ മനുഷ്യരെ! നിങ്ങൾ ആരാധിക്കുവിൻ. നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ. നിങ്ങൾ സൂക്ഷ്മതയുള്ളവർ ആയേക്കാം."  [അദ്ധ്യായം 2 ബഖറ 21]

വിശദീകരണം👇

സർവ്വമനുഷ്യ സമൂഹത്തെയും വിളിച്ചുകൊണ്ടാണ് ഈ നിർദ്ദേശം. സൃഷ്ടിക്കുകയും വളർത്തിക്കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യുന്നത് മൂന്നുതരം ദൈവങ്ങളല്ല. ഏകനായ ദൈവമാണ്. ആരാധനയുടെ എല്ലാ അംശങ്ങളും അവന് മാത്രമേ അർപ്പിക്കുവാൻ പാടുള്ളൂ. 

മഹത്തായ തത്വങ്ങളിലേക്ക് ഈ ദിവ്യവചനം വെളിച്ചം നൽകുന്നു.

1. ഹിന്ദു സമൂഹം എല്ലാറ്റിനെയും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ സൃഷ്ടികർത്താവായി അവർ ദർശിക്കുന്ന ബ്രഹ്മാവിനെ മാത്രം അവർ ആരാധിക്കുന്നില്ല. ബ്രഹ്മാവിന് വിഗ്രഹമില്ല. അമ്പലങ്ങളുമില്ല. ഉണരുക! പിശാച് മനുഷ്യബുദ്ധി കൊണ്ട് കളിക്കുന്ന അവൻ്റെ ലീലകൾ ഭയങ്കരം തന്നെ.

2. ദൈവത്തിൻ്റെ യുക്തിയും അപാരമായ ജ്ഞാനവുമാണ് സൃഷ്ടികളിൽ കാണുവാൻ സാധിക്കുക. അവൻ്റെ സത്തയോ ശരീരമോ അല്ല. അതിനാൽ ഇസ്ലാമിൻ്റെ ദർശനം സൃഷ്ടികർത്താവിനെ മാത്രം ആരാധിക്കുക.സൃഷ്ടികളിലൂടെ സൃഷ്ടാവിനെ മനസ്സിലാക്കി നന്ദി അവന്നു മാത്രം രേഖപ്പെടുത്തുക എന്നതാണ്.

3. ദൈവിക വേദഗ്രന്ഥങ്ങളിലൂടെ എല്ലാം തന്നെ ഈ നിർദ്ദേശം അവൻ ലോകത്തിന് നൽകുകയുണ്ടായി. പക്ഷേ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും മറ്റു മതസ്ഥരും ഈ മഹത്തായ തത്വത്തെ അവഗണിച്ചു.

_നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു, അവനെ മാത്രമേ ആരാധിക്കാവൂ. (മത്തായി: 4:10)_
ഇപ്രകാരം പ്രഖ്യാപിച്ച യേശുക്രിസ്തുവിനെ ക്രിസ്ത്യാനികൾ ആരാധിക്കുന്നു.

_അതിന് യേശു: എന്നെ നല്ലവൻ എന്ന് പറയുന്നത് എന്ത്? അത് ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മാർക്കോസ്: 10:18)_

 _യേശു ശിഷ്യന്മാരോട്: ഞാൻ പ്രാർത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പീൻ എന്ന് പറഞ്ഞു. (മാർക്കോസ്: 14:32)_

_എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയുന്നതല്ല.(യോഹന്നാൻ: 5:30)_

_ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് താഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിൻ്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. (പുറപ്പാട്: 20:4)_

ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് പ്രാർത്ഥന ആരാധനയാണെന്ന് മുഹമ്മദ് നബി (സ) പ്രഖ്യാപിച്ചു.

ഇമാം റാസി (റ) എഴുതി: നീ മനസ്സിലാക്കുക ഈ ലോകത്ത് അല്ലാഹുവിൻ്റെ അസ്ഥിത്വത്തിലും കഴിവിലും വിജ്ഞാനത്തിലും തത്വത്തിലും സമമായി കൊണ്ട് മറ്റൊരു പങ്കാളിയെ ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല.ഇന്നും അപ്രകാരം കാണുകയില്ല. (റാസി:2-112) ശേഷം എന്തുകൊണ്ട് മനുഷ്യർ അല്ലാഹുവിൽ പങ്കുചേർക്കുന്ന മഹാപാപത്തിൽ ആപതിച്ചു എന്ന് വിശദമായി വിവരിക്കുന്നു.അതിൽ ഒരു കാരണമായി അദ്ദേഹം എഴുതുന്നു: ഒരു മഹാൻ മരണപ്പെട്ടാൽ മനുഷ്യർ പറയും: ഇദ്ദേഹം വിളിക്ക് ഉത്തരം നല്കുന്നവനാണ്.ശുപാർശ സ്വീകരിക്കപ്പെടുന്നവനുമാണ്. അല്ലാഹുവിൻ്റെ അടുക്കൽ അങ്ങനെ അദ്ദേഹത്തിൻറെ പ്രതിമ അവർ നിർമ്മിക്കും.പ്രതിമയല്ല പ്രത്യുത പ്രതിമയെ പ്രതിനിധാനം ചെയ്യുന്ന മഹാൻ അവരുടെ വിളികേട്ട് അല്ലാഹുവിൻ്റെ അടുത്ത് ശുപാർശചെയ്തു സംഗതി നേടിത്തരുമെന്ന് അവർ വാദിക്കും.(റാസി: 2-113) 

അല്ലയോ ജനങ്ങളെ നിങ്ങളുടെ രക്ഷിതാവിനെ മാത്രം നിങ്ങൾ ആരാധിക്കുവിൻ എന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന പ്രവാചകന്മാർ മരണപ്പെട്ടവരെയും അദൃശ്യരായവരെയും ഇലാഹാക്കാതെ വിളിച്ചു സഹായം തേടുവാൻ അനുമതി നൽകിയത് നമുക്ക് കാണുവാൻ സാധ്യമല്ല. ജീവിച്ചിരിക്കുന്ന വ്യക്തികളോടു മനുഷ്യകഴിവിൻ്റെ പരിധിയിൽ വരുന്ന സംഗതികളിൽ സഹായം ചോദിക്കുന്നതിന് അവർ വിരോധിച്ചതുമില്ല. അവർ തന്നെ അപ്രകാരം സഹായം തേടുകയാണ് ചെയ്തത്.നേർച്ചയും ബലികർമ്മങ്ങളും ആരാധന തന്നെയാണ്. സത്യം ചെയ്യലും ആരാധന മനോഭാവമാണ്.

✍️  അബ്ദുസ്സലാം സുല്ലമി
From ഖുർആനിൻ്റെ വെളിച്ചം