സ്വയം നന്നായാല്‍ മതിയോ?


ഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ ചെയ്യാനും പാപങ്ങളില്‍ നിന്ന്‌ പരമാവധി അകന്നുനില്‍ക്കാനും മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുത്തു കിട്ടുന്നതിന്നു വേണ്ടി കൂടുതല്‍ പ്രാര്‍ഥിക്കാനും പരിശുദ്ധ റമദാനില്‍ സത്യവിശ്വാസികള്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഇസ്‌ലാം വലിയ പ്രാധാന്യം കല്‌പിക്കുന്ന ചില പുണ്യകര്‍മങ്ങളുടെ കാര്യത്തില്‍ പലരും ഉപേക്ഷ വരുത്തുകയാണ്‌ ചെയ്യുന്നത്‌. അതുപോലെ ഗുരുതരമായ ചില പാപങ്ങളെ പലരും നിസ്സാരമായി ഗണിക്കുകയും ചെയ്യുന്നു. നമുക്ക്‌ മോക്ഷവും പാപമുക്തിയും ഉറപ്പാക്കണമെങ്കില്‍ ഈ രണ്ടു വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും അനിവാര്യമാകുന്നു.

സത്യവിശ്വാസികളുടെ സവിശേഷഗുണമായി വിശുദ്ധഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്‌ നന്മ ചെയ്യാന്‍ കല്‌പിക്കലും തിന്മ ചെയ്യുന്നതില്‍ നിന്ന്‌ വിലക്കലും. ``നന്മയിലേക്ക്‌ ക്ഷണിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കേണ്ടതാണ്‌. അവരത്രെ വിജയികള്‍''(വി. ഖു. 3:104) ``മനുഷ്യവംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു''(വി. ഖു. 3:110)

പ്രവാചകന്റെ ദൗത്യത്തെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``അവരോട്‌ അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു'' (വി. ഖു. 7:157) ദുരാചാരങ്ങള്‍ തടയാതിരുന്നതുകൊണ്ടാണ്‌ ഇസ്‌റാഈല്യരിലെ അവിശ്വാസികള്‍ ശാപത്തിന്‌ അവകാശികളായതെന്നും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്‌തതിന്റെ ഫലമത്രെ അത്‌. അവര്‍ ചെയ്‌തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്‌തുകൊണ്ടിരുന്നത്‌ വളരെ ചീത്തതന്നെ''(5:78,79).

വ്യക്തിപരവും സംഘടനാപരവുമായ വിമര്‍ശനം മുസ്‌ലിംസമൂഹത്തില്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും തിന്മകളിലും ദുരാചാരങ്ങളിലും ഏര്‍പ്പെടുന്നവരെ ഗുണകാംക്ഷയോടെ അതില്‍ നിന്നൊക്കെ വിലക്കുന്ന സമ്പ്രദായം വളരെകുറഞ്ഞു വരികയാണ്‌. സ്വയം നന്നായാല്‍ മതി, മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നതാണ്‌ ഭക്തരായ ചിലരുടെ ധാരണ. മറ്റുള്ളവരെ തിരുത്താന്‍ ശ്രമിച്ചാല്‍ അവരുടെ വെറുപ്പ്‌ സമ്പാദിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ ചിലര്‍ക്ക്‌. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ ആളുകളെ തിന്മയില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയും നന്മചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ മഹത്വം യഥോചിതം വിലയിരുത്തുന്നവര്‍ ഇപ്പോള്‍ വളരെ കുറവാകുന്നു. ദുരാചാരങ്ങളെ എതിര്‍ത്തു സംസാരിച്ചാല്‍ പലര്‍ക്കും ഇഷ്‌ടപ്പെടുകയില്ലെന്നുറപ്പാണ്‌. എന്നാല്‍ അങ്ങനെ സംസാരിക്കുന്നത്‌ സദുദ്ദേശ്യത്തോടെയാണെന്ന്‌ ബോധ്യമായാല്‍ സന്മനസ്സുള്ള ചിലരെങ്കിലും ആ ഉപദേശത്തിന്‌ വലിയ വില കല്‌പിക്കുകയും ഗുണകാംക്ഷ പുലര്‍ത്തിയ ഉപദേശിയെ അത്യധികം സ്‌നേഹിക്കുകയും ചെയ്യും. ``നീ മുഖേന ഒരാളെ അല്ലാഹു നേര്‍വഴിയിലാക്കുന്നത്‌ നിനക്ക്‌ വിശേഷപ്പെട്ട കാലികളെക്കാള്‍ ഉത്തമമാകുന്നു'' എന്ന നബിവചനം ഈ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ പ്രചോദകമാകേണ്ടതുണ്ട്‌.

ഉത്തമ സമൂഹം എന്ന അവസ്‌ഥ അഭംഗുരം നിലനില്‍ക്കണമെങ്കില്‍ സദാചാരം കല്‌പിക്കലും ദുരാചാരത്തില്‍ നിന്ന്‌ വിലക്കലും നിരന്തരമായി നടക്കുക തന്നെവേണം. പല നന്മകളോടും ബഹുജനങ്ങള്‍ക്ക്‌ ആഭിമുഖ്യം കുറയുകയും, ഗുരുതരമായ പല തിന്മകളും സമൂഹത്തില്‍ സാര്‍വത്രികമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ള എല്ലാവരും നന്മ കല്‌പിക്കാനും തിന്മ വിലക്കാനും സന്നദ്ധരാകേണ്ടത്‌ അത്യാവശ്യമാകുന്നു. ഇത്‌ മതപണ്ഡിതന്മാരും സമുദായനേതാക്കളും മാത്രം നിര്‍വഹിക്കേണ്ട ബാധ്യതയാണെന്ന ചിലരുടെ ധാരണ ഒട്ടും ശരിയല്ല. നന്മ തിന്മകളെ സംബന്ധിച്ച സാമാന്യമായ തിരിച്ചറിവുള്ളവര്‍ പോലും തങ്ങളുടെ അറിവും കഴിവുമനുസരിച്ച്‌ സദുപദേശം നല്‌കേണ്ടതുണ്ട്‌. വ്യക്തികളും സമൂഹങ്ങളും തിന്മകളുടെ കയത്തില്‍ മുങ്ങി നശിക്കുന്നത്‌ തടയാന്‍ അത്‌ അനുപേക്ഷ്യമാകുന്നു. സമൂഹത്തില്‍ തിന്മകളും ദുരാചാരങ്ങളും വ്യാപിക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുന്ന പക്ഷം അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ബാധിക്കുന്നത്‌ അക്രമികളെ മാത്രമായിരിക്കുകയില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (8:25) വ്യക്തമാക്കിയിട്ടുണ്ട്‌. വിവിധ മതസംഘടനകള്‍ അവരുടെ മുന്‍ഗണനാ മേഖലകളില്‍ ഒട്ടൊക്കെ ബോധവത്‌കരണം നടത്തുന്നുണ്ടെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ അതീതമായ, തിന്മയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത ദുര്‍വൃത്തികള്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. ജീവിത വ്യവഹാരങ്ങളെ പാപ പങ്കിലമാക്കുകയും മാനുഷിക ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കുകയും ചെയ്യുന്ന തിന്മകളാണ്‌ ഈ കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.

രാഷ്‌ട്രീയക്കാരും ട്രേഡ്‌ യൂണിയന്‍കാരും മറ്റു നിക്ഷിപ്‌ത താല്‌പര്യക്കാരും വളര്‍ത്തിയെടുത്ത വിമര്‍ശന സംസ്‌കാരം ഇപ്പോള്‍ മുസ്‌ലിംകളെയും ഏറെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്‌. എതിരാളിയുടെ നന്മകള്‍ ഒട്ടും പരിഗണിക്കാതെ അയാളുടെ കുറ്റങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുക എന്നതാണ്‌ ഇപ്പോള്‍ മതരംഗത്തേക്ക്‌ കൂടി സംക്രമിച്ചുകഴിഞ്ഞിട്ടുള്ള സാംസ്‌കാരികാഭാസം. വൈരാഗ്യപൂര്‍വമുള്ള ഈ ഇകഴ്‌ത്തല്‍ വിമര്‍ശിക്കുന്നവരെയോ വിമര്‍ശിക്കപ്പെടുന്നവരെയോ നന്മയിലേക്ക്‌ നയിക്കാനോ തിന്മയില്‍ നിന്ന്‌ മോചിപ്പിക്കാനോ ഒട്ടും പര്യാപ്‌തമാകുന്നില്ല. അപരന്‍ എന്നെ ദോഷൈകദൃഷ്‌ടിയോടെ മാത്രമാണ്‌ വീക്ഷിക്കുന്നതെങ്കില്‍ അവനോട്‌ ഞാനും അതേ നിലപാട്‌ തന്നെയല്ലേ സ്വീകരിക്കേണ്ടതുള്ളൂ എന്നതായിരിക്കും ഇകഴ്‌ത്തപ്പെടുന്നവന്റെ നിലപാട്‌. ഇത്‌ വൈരാഗ്യവും സംഘര്‍ഷവും വളര്‍ത്താനേ ഉപകരിക്കൂ. പരദൂഷണവും അപവാദവും കൊണ്ട്‌ പരസ്‌പരം ഗോളടിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഇസ്‌ലാമികാധ്യാപനങ്ങളെ കാറ്റില്‍ പറത്തുകയാണ്‌ ചെയ്യുന്നത്‌.

ഒരു സത്യവിശ്വാസി തന്റെ സഹോദരനെ സംബന്ധിച്ച്‌ സദ്‌വിചാരമേ പുലര്‍ത്താവൂ, നല്ലതേ പറയാവൂ. തിന്മകളില്‍ നിന്ന്‌ സഹോദരനെ മോചിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത്‌ ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശത്തിലൂടെയാകണം. ഇതിന്‌ വിപരീതമായ ദുഷ്‌പ്രവണതകളെയൊക്കെ അല്ലാഹു നിഷിദ്ധമായി വിധിച്ചിരിക്കുന്നു. ``സത്യവിശ്വാസികളേ, ഒരു വിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരിക്കാം. ഒരു വിഭാഗം സ്‌ത്രീകള്‍ മറ്റൊരു വിഭാഗം സ്‌ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്‌ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരിക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. പരിഹാസപ്പേരുകള്‍ വിളിച്ച്‌ പരസ്‌പരം അപമാനിക്കുകയും അരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര്‌(വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.

സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന്‌ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? എന്നാല്‍ അത്‌ (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു''(വി. ഖു. 49:11,12)

ഈ വിലക്കുകള്‍ പാലിച്ചാല്‍ അല്ലാഹുവും നല്ല മനുഷ്യരും നമ്മെ ഇഷ്‌ടപ്പെടും. ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ മോചനം ലഭിക്കും. പെരുമാറ്റദൂഷ്യങ്ങള്‍ സൃഷ്‌ടിക്കുന്ന വഴക്കുകളില്‍ നിന്നും സാമൂഹ്യസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി കൈവരും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമസ്‌കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുന്നവരില്‍ തന്നെ വലിയൊരു വിഭാഗം ഇതിന്ന്‌ വിരുദ്ധമായി പരിഹാസവും പരദൂഷണവും ചീത്തപ്പേരുവിളിക്കലും കുറ്റങ്ങളും കുറവുകളും ചികഞ്ഞുനോക്കലും പതിവാക്കിയിരിക്കുകയാണ്‌. രാഷ്‌ട്രീയവേദികളിലും പത്രമാധ്യമങ്ങളിലും ഇതൊക്കെ നിര്‍ബാധം തുടരുന്നതിനാല്‍ ഇതൊക്കെ സഭ്യവും സ്വാഭാവികവുമാണെന്ന്‌ വിശ്വാസികളില്‍ പലരും ധരിച്ചു വശാകുന്നു.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനുഷ്യരെ ദ്രോഹിച്ചവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കണമെങ്കില്‍ ദ്രോഹമനുഭവിച്ചവര്‍ ആദ്യമവര്‍ക്ക്‌ മാപ്പ്‌ നല്‌കണം. അല്ലെങ്കില്‍ ആ ദ്രോഹികള്‍ ചെയ്‌ത സല്‍കര്‍മങ്ങളൊക്കെ ദ്രോഹിക്കപ്പെട്ടവര്‍ക്ക്‌ അല്ലാഹു പങ്കുവെച്ചുകൊടുക്കും. അതു കഴിയുന്നതോടെ കണക്കില്‍ കര്‍മഫലങ്ങളൊന്നും അവശേഷിക്കാത്തവര്‍ `പാപ്പരായി' നരകത്തില്‍ തള്ളപ്പെടുമെന്നും പ്രാമാണികമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നു. ചിലര്‍ ഹജ്ജിനുപോകുമ്പോള്‍ പലരെക്കൊണ്ടും പൊരുത്തപ്പെടുവിക്കാറുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിനു മുമ്പ്‌ പരേതന്‌ മാപ്പ്‌ ചെയ്‌തുകൊടുക്കാന്‍ അടുത്ത ബന്ധു അഭ്യര്‍ഥിക്കാറുണ്ട്‌. പരിഹാസവും പരദൂഷണവും സ്ഥിരം സമ്പ്രദായമാക്കിയവരുടെ പ്രശ്‌നങ്ങള്‍ ഇത്‌കൊണ്ടൊന്നും തീരുകയില്ല. പരലോകത്തെത്തുമ്പോള്‍ നാം പാപ്പരായിപ്പോകാത്ത അവസ്ഥ ഉണ്ടാകണമെങ്കില്‍ നാം നാവിന്‌ കടുത്ത നിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയേ തീരൂ. അത്‌ ശീലമാക്കാന്‍ ഏറ്റവും ഉചിതമായ സന്ദര്‍ഭമത്രെ വ്രതനാളുകള്‍.


from editorial @ shabab weekly