അല്ലാഹുവിനോട് മത്സരിക്കുന്നവര്‍

അബുഹുറൈറ(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു: "അഹംഭാവം എന്‍റെ ശിരോവസ്ത്രവും മഹത്വം എന്റെ ഉടുവസ്ത്രവുമാകുന്നു. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ആരെങ്കിലും എന്നോട് മത്സരിച്ചാല്‍ ഞാന്‍ അവനെ അഗ്നിയില്‍ ഏറിയും" (അബുദാവൂദ്‌, ഇബ്നുമാജ, അഹ്മദ്)

അഹങ്കാരത്തിന്റെ ഗൌരവം മസ്സിലാക്കാന്‍ നബി(സ) നമ്മെ പഠിപ്പിച്ച ഹദീസാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. "ഞാന്‍ തന്നെയാണ് വലുത്' എന്ന ഭാവമാണ് അഹംഭാവത്തിന്റെ പച്ചയായ ഭാഷ. ഒരാളുടെ മനസ്സില്‍ അണ്തൂക്കം ഈമാന്‍ ഉണ്ടെങ്കില്‍ അയാളുടെ മനസ്സില്‍ അഹംഭാവം ഉണ്ടാകില്ല. അതുകൊണ്ടാണ് അണ്‌തൂക്കം ഈമാന്‍ ഉണ്ടെങ്കില്‍ നരകത്തില്‍ പ്രവേശിക്കില്ല എന്നും അണ്‌തൂക്കം അഹംഭാവം ഉണ്ടെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലാ എന്നും നബി(സ) പഠിപ്പിച്ചത്.

അഹംഭാവത്തിന്റെ കാര്യം പറയുമ്പോള്‍ വസ്ത്രത്തിന്റെ കാര്യം പറയാതിരിക്കാന്‍ വയ്യ. നബി(സ) പഠിപ്പിച്ചത് പോലെയാണോ നാം വസ്ത്രം ധരിക്കുന്നത്?

ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ) അരുളി: "വല്ലവനും അഹങ്കാരത്തോട് കൂടി തന്‍റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ നേരെ നോക്കുകയില്ല". അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: 'നബിയെ, എന്‍റെ തുണിയുടെ ഒരു ഭാഗം നിലത്തു പതിക്കാരുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ'. അപ്പോള്‍ നബി (സ) അരുളി : "നീയത് അഹങ്കാരത്തോട് കൂടി ചെയ്യുന്നവരില്‍ പെട്ടവനല്ല" [ബുഖാരി].

ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ) അരുളി: "അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയില്‍ നിന്നും വല്ലതും അഹന്ത കൊണ്ട് വലിച്ചിഴക്കുന്നപക്ഷം അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല"[അബൂദാവൂദ്, നസാഈ].

ഇബ്നു ഉമര്‍ (റ) പറയുന്നു : ഞാന്‍ ഒരിക്കല്‍ നബി (സ)യുടെ അരികില്‍ നടന്നു ചെന്നു. എന്‍റെ മുണ്ട് അല്‍പ്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു : "അബ്ദുല്ലാ, നിന്‍റെ മുണ്ട് പൊക്കിയുടുക്കൂ". ഞാന്‍ അത് പൊക്കിയുടുത്തു. വീണ്ടും നബി (സ) പറഞ്ഞു : അല്‍പ്പം കൂടി പൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ ചെയ്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചു പോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെയെന്നു ഞാന്‍ മറുപടി കൊടുത്തു' [മുസ്ലിം].

ഇത് പറയുമ്പോള്‍ ഞങ്ങള്‍ അത് അഹംഭാവത്തോടെ ചെയ്യുന്നതല്ല എന്ന് പറയുന്നവരുണ്ട്. പിന്നെ എന്താണ് നമുക്ക് റസൂല്‍(സ)യെ പിന്തുടരാനുള്ള തടസ്സം. റസൂല്‍(സ)യുടെ ഉപദേശത്തെ കേട്ടില്ല എന്ന് നടിക്കുന്നത് തന്നെ അഹങ്കാരം അല്ലേ. നമ്മള്‍ തെറ്റി പോകരുത് എന്നുള്ളത് കൊണ്ടല്ലേ ഹലാലിന്റെ പരിധിവരെ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യരുത് എന്ന് നമ്മളെ ഉപദേശിച്ചത്. പരിധിവരെ ചെയ്‌താല്‍ അത് ഹറാമിലേക്കുള്ള വഴി തുറക്കും. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

അല്ലാഹു പറയുന്നു : "ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌" [അദ്ധ്യായം 7 അഅ'റാഫ് 26].

by AA തെക്കില്‍