സാക്ഷിയായി അല്ലാഹു മതി

(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അടിസ്ഥാനരഹിതമായതില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. [അദ്ധ്യായം 29 :52]

മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം വീശുന്നു.

1. വിശ്വാസത്തെ പരിഹസിക്കുന്നവരെ നമുക്ക് കാണാം. എന്നാല്‍ വിശ്വാസത്തെ അംഗീകരിക്കാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല. ദൈവം ഉണ്ട് എന്നത് വിശ്വാസമാണെങ്കില്‍ ദൈവം ഇല്ല എന്നതും വിശ്വാസമാണ്. ആദ്യത്തേതു തെളിവിന്‍റെ അടിസ്ഥാനത്തില്‍ വസ്തുത അംഗീകരിക്കലാണ്. രണ്ടാമത്തേതു തെളിവുകള്‍ ദര്‍ശിച്ചാലും അതിനെ നിഷേധിക്കലാണ്. രണ്ടു മനുഷ്യന്മാര്‍ ഒരു കാട്ടിലൂടെ സഞ്ചരിക്കുന്നു. അവര്‍ മനോഹരമായ ഒരു കൊട്ടാരം കാണുന്നു. എല്ലാ സൌകര്യങ്ങളും അതിലുണ്ട്. മനുഷ്യന് ആവശ്യമായ എല്ലാ സംവിധാനങ്ങളുമുണ്ട്. അവര്‍ അതെല്ലാം കാണുന്നു. പക്ഷെ അതിന്‍റെ ഉടമസ്ഥനേയോ നിര്‍മ്മാതാവിനെയോ അവിടെ കാണുന്നില്ല. അപ്പോള്‍ അവരില്‍ ഒരാള്‍ ആ കൊട്ടാരത്തിന്‍റെ പിന്നില്‍ ചില കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പറയുന്നു. മറ്റേ ആള്‍ അത് കാല ചക്രത്തിന്‍റെ കറക്കത്തില്‍പെട്ട് ഈ കാറ്റില്‍ സ്വയം ഉണ്ടായതാണെന്നും പറയുന്നു. ഇവരില്‍ ആദ്യത്തെ വ്യക്തി വിശ്വാസിയാണെങ്കില്‍ രണ്ടാമത്തെ വ്യക്തിയും വിശ്വാസിയാണ്. രണ്ടാമത്തെ വ്യക്തിയെ സംബന്ധിച്ചാണ് ഈ സൂക്തത്തില്‍ 'അടിസ്ഥാനരഹിതമായതില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തവര്‍' എന്ന് പറഞ്ഞതിന്‍റെ ഒരു ഉദ്ദേശ്യം.

2. അല്ലാഹുവിലുള്ള വിശ്വാസം കുറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ വ്യര്‍ത്ഥമായതിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. അദൃശ്യമാര്‍ഗത്തിലൂടെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് ഇസ്‌ലാം വിഭാവനചെയ്യുന്ന ഏകദൈവ വിശ്വാസത്തിന്‍റെ ഒരു അടിസ്ഥാനതത്വം. ഇതിലുള്ള വിശ്വാസക്കുറവാണ് ദുശകുനം, കണ്ണേര്, നാക്കേര്, സിഹ്'ര്‍, നഹ്സ്, കുട്ടിച്ചാത്തന്‍, കുളിയന്‍, ഒടിമറയല്‍, ജ്യോത്സ്യന്‍, ഗണിതക്കാരന്‍ തുടങ്ങിയവയിലെല്ലാം വിശ്വാസമര്‍പ്പിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്‍റെ വെളിച്ചം from അയ്യൂബി ബുക്സ്