വിമര്‍ശനങ്ങള്‍ ആരോഗ്യകരമാകട്ടെ

കലാ-സാഹിത്യ സൃഷ്ടികളുടെ മികവിനെയും മികവില്ലായ്മയെയും ഉയര്‍ത്തിക്കാട്ടി ആസ്വാദകര്‍ അവയെ വിമര്‍ശന വിധേയമാക്കാറുണ്ട്. ഒരു സൃഷ്ടി നിരൂപണം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അത് ഗൌനിക്കപ്പെടാന്‍ മാത്രം അര്‍ഹമായ ഒരു പ്രവര്‍ത്തനം അല്ല എന്നാണ്. ഇങ്ങനെ വ്യക്തികളെയും അവരുടെ പ്രവര്‍ത്തികളേയും സ്വഭാവങ്ങളെയും വിമര്‍ശന വിധേയമാക്കാറുണ്ട്. വ്യക്തിയില്‍ എന്തെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് ദുരീകരിച്ചു അദ്ദേഹത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കേണ്ടത് മാനുഷിക ബാധ്യതയാണ്. അനീതി കാണിക്കുന്ന ഭരണാധികാരിയുടെ മുമ്പില്‍ സത്യത്തിന്‍റെ ശബ്ദം മുഴക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ സമരം എന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്‌. ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ഉദ്യോഗസ്ഥരും, പൊതുപ്രവര്‍ത്തനങ്ങളിലും മതപ്രബോധനങ്ങളിലും ഏര്‍പ്പെടുന്ന മനുഷ്യരും സംശുദ്ധവും മാതൃകായോഗ്യവുമായ ജീവിതം നയിക്കാന്‍ ബാധ്യസ്ഥരാണ്. എങ്കിലും മനുഷ്യര്‍ ബോധപൂര്‍വമോ അബദ്ധവശാലോ തെറ്റുകള്‍ ചെയ്യാറുണ്ട്. സദുദേശ്യത്തോടെ അത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ സന്നദ്ധരാവുകയാണ് സുമനസ്സുകള്‍ ചെയ്യുക. വിമര്‍ശകരെ സ്വന്തം മുഖത്തെ അഴുക്കു ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന കണ്ണാടിയായി വിമര്‍ശിക്കപ്പെടുന്നവര്‍ കാണേണ്ടതുണ്ട്. സ്തുതിപാടകര്‍, യഥാര്‍ത്ഥത്തില്‍ രോഗിയുടെ രോഗങ്ങള്‍ മറച്ചു വെച്ച് ചികിത്സ നിര്‍ദേശിക്കാത്ത ഡോക്ടറെ പോലെയാണ്.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രവണത പണ്ടേ മനുഷ്യര്‍ക്കുണ്ട്. പൊതുപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രത്യേക കഴിവുകള്‍ കൊണ്ടോ പ്രശസ്തിയും ജനസമ്മിതിയും നേടിയവരാണ് അധികവും ഇതിനു ഇരയായിത്തീരുക. മറ്റൊരാളുടെ ഉയര്‍ച്ചയിലും പുരോഗതിയിലുമുള്ള അസൂയയോ വ്യക്തിതാല്പര്യങ്ങളോ ആണ് മനുഷ്യനെ ഇതിനു പ്രേരിപ്പിക്കുക. ഒരു മനുഷ്യന്‍റെ അഭിമാനത്തിന് അയാളുടെ ജീവന് തുല്യമായ സ്ഥാനമാണുള്ളത്‌. അതിനെ അപകീര്‍ത്തിപ്പെടുത്തരുത്. സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയും വ്യാജ്യാരോപണങ്ങള്‍ ഉന്നയിച്ചു തെറ്റിധാരണ പരത്തിയും ഇഷ്ടമില്ലാത്തവരെ ഹിംസിക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്‌. പത്ര മാധ്യമങ്ങള്‍, കാസറ്റുകള്‍, പൊതുവേദികള്‍ തുടങ്ങിയവ എല്ലാം ഈ വിഷം പരത്തുന്നതിനു ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയം ഇത്തരം തിന്മകള്‍ക്കെല്ലാം ന്യായീകരണം കാണുന്ന രംഗമാകുന്നതില്‍ അത്ഭുതമില്ല. മത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്പോലും ഇവയില്‍ നിന്നും മുക്തമാകാന്‍ കഴിയാത്തതാണ് ഏറെ ഖേദകരം.

ദുരുദെശ്യത്തോടെയും വ്യക്തിവിരോധം ലക്‌ഷ്യം വച്ചും ഉയര്‍ത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും ഭീരുക്കളായി ചൂളി നില്‍ക്കാന്‍ പാടുള്ളതല്ല. താന്‍ നിരപരാധിയും സത്യത്തില്‍ നിലകൊള്ളുന്നവനുമാണെന്ന് ഉറപ്പുളെളടത്തോളം കാലം ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കേണ്ടതില്ല. വിമര്ശകരെക്കാള്‍ കൂടുതല്‍ അറിവും സ്വഭാവഗുണവും സേവനപ്രവര്‍ത്തനവും കര്മോല്‍സുകതയും ആര്‍ജിച്ചു ജനസമ്മിതി നേടിയതാകാം അസൂയക്ക്‌ പിന്നിലെ പ്രേരകശക്തി. ഇത്തരം വിമര്‍ശകര്‍ക്ക് വഴങ്ങി ഒരിക്കലും അവരുടെ ദുരാഗ്രഹം സാധിച്ചു കൊടുക്കുന്ന നിലപാട് സ്വീകരിക്കരുത്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് പോലെ 'നിങ്ങളുടെ വിരോധവുമായി ചത്ത്‌ കൊള്ളുക' എന്ന അവഗണനാ മനോഭാവമായിരിക്കണം അവരുടെ നേരെ പുലര്‍ത്തേണ്ടത്. ആരുടേയും വിമര്‍ശനത്തിനും പാത്രമാകാതെ എല്ലാവരുടെയും ഇഷ്ടം നേടി ജീവിക്കുക ആര്‍ക്കും സാധ്യമല്ല.

ഒരു പാശ്ചാത്യ സാഹിത്യകാരന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്‌ : "ശരിയാണെന്ന് ബോധ്യമായത് പ്രവര്‍ത്തിക്കുക. വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ക്ക് നേരെ പുറം തിരിക്കുക". ഈ ദര്‍ശനം എത്ര വാസ്തവം!

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്