നന്മയുടെ പതാകവാഹകരാവുക

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍"[ആലുഇംറാന്‍ 104].

ഉത്തമസമൂഹം എന്നാണു മുസ്ലിം സമൂഹത്തെ ഖുര്‍ആന്‍ വിളിക്കുന്നത്‌. നന്മകളെ പ്രോത്സാഹിപ്പിക്കുകയും തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പേരിനു സമൂഹത്തെ അര്‍ഹമാക്കുന്നത്. സമൂഹത്തില്‍ നിന്ന് ഈ ഗുണം നഷ്ടപ്പെടുമ്പോള്‍ അവര്‍ ഉത്തമ സമൂഹമല്ലാതായിത്തീരും.

മാനവസമൂഹത്തിന്‍റെ ശത്രുവായ ഇബ്'ലീസ് മനുഷ്യമനസ്സുകളില്‍ ദുഷ്ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. നന്മകളില്‍ നിന്ന് തിന്മകളുടെ ലോകത്തേക്ക് കൊണ്ടുപോകാനുള്ള പ്രേരണകളാണ് അവന്‍റെത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന 'ഖല്‍ബു'കളാവട്ടെ അവന്‍റെ പ്രേരണകളില്‍ അകപ്പെട്ടു തിന്മ പ്രവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. സമൂഹത്തില്‍ നന്മയുണ്ടാക്കലാണ് വിശ്വാസികളുടെ ബാധ്യത.

തിന്മകള്‍ക്കെതിരെ മുഖം തിരിച്ചുനിന്നാലും മൌനം പാലിച്ചാലും അത് വളര്‍ന്നു വലുതാകും. തുടക്കത്തിലേ ശക്തമായ നിലപാടെടുത്താല്‍ കുറെ അത് നിയന്ത്രിക്കാനാവും. നബി (സ) പറഞ്ഞു : 'നിങ്ങളാരെങ്കിലും ഒരു ദുഷിച്ചകാര്യം കണ്ടാല്‍ അത് കൈകൊണ്ട് മാറ്റണം. സാധ്യമല്ലെങ്കില്‍ നാവു കൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കണം. ഏറ്റവും ബലഹീനമായ വിശ്വാസമാണത്'. [മുസ്ലിം]തിന്മകള്‍ക്കെതിരെ സാധ്യമായതെന്തും പ്രവര്‍ത്തിക്കണമെന്നാണ് നബി (സ) ഇവിടെ പഠിപ്പിക്കുന്നത്‌.

വ്യക്തികള്‍ ദുഷിച്ചാല്‍ അതിന്‍റെ ദുരന്തഫലം അനുഭവിക്കേണ്ടിവരിക സമൂഹത്തിലെ എല്ലാവരുമാണ്. അതിനാല്‍ ചീത്ത വഴിയില്‍ നീങ്ങുന്നവരെ തിരിച്ചുകൊണ്ട് വരേണ്ടത് എല്ലാവരുടെയും ചുമതലയാണ്. അല്ലാഹുവിന്‍റെ ശിക്ഷ വരുന്നത് ഒരു പക്ഷെ എല്ലാവര്‍ക്കുമായിരിക്കാം. നബി (സ) പറഞ്ഞു : "എന്‍റെ ജീവന്‍ ആരുടെ കയ്യിലാണോ അവനില്‍ ആണയിട്ടു ഞാന്‍ പറയുന്നു, നിങ്ങള്‍ നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുക തന്നെവേണം. അല്ലാത്തപക്ഷം അല്ലാഹു അവന്‍റെ ഭാഗത്തുനിന്ന് നിങ്ങളുടെ നേരെ ശിക്ഷ അയക്കുവാന്‍ തുടങ്ങും. പിന്നെ നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടാവുകയില്ല. [തുര്‍മുദി]

നമ്മുടെ വിജയത്തിന് വഴി കാണിക്കുന്ന പ്രക്രിയയാണ് നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നത്. അവര്‍ സ്വീകരിച്ചു നന്മയുടെ വാക്താക്കളായാല്‍ നമുക്ക് ഇരട്ടി പ്രതിഫലമായി. അവര്‍ നമ്മുടെ ഉപദേശം നിരാകരിച്ചാലും നമുക്ക് പ്രതിഫലം ഉറപ്പ്. നബി (സ) പറയുന്നു : ഒരാള്‍ നല്ല മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായ പ്രതിഫലം ആ ക്ഷണിച്ചയാള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തില്‍നിന്ന് ഒരു കോട്ടവും തട്ടാതെ തന്നെ. ഒരാള്‍ ഒരു തെറ്റിലെക്കാണ് ക്ഷണിക്കുന്നതെങ്കില്‍ അയാളെ പിന്തുടരുന്നവരുടെതില്‍ നിന്നും തുല്യമായ ഒരു കുറ്റം അയാള്‍ക്കുമുണ്ട്. അവരുടെ കുറ്റത്തില്‍നിന്നും ഒന്നും കുറയാതെ തന്നെ. [മുസ്ലിം]

തിന്മകള്‍ക്കെതിരെ മൌനം പാലിച്ച മുന്‍ സമൂഹങ്ങളെ അല്ലാഹു ശിക്ഷിച്ച ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നു. നന്മ ചെയ്യുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുമ്പോഴാണ് നാം ശരിയായ വിശ്വാസികളാവുക.

by അബ്ദു സലഫി @ പുടവ മാസിക