ഇരുള്‍ നീക്കുന്ന വിളക്കുമാടം

വിശുദ്ധ ഖുര്‍ആനിലെ 114 അദ്ധ്യായങ്ങളില്‍ 113ഉം ആരംഭിക്കുന്നത് 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍' എന്ന വചനം കൊണ്ടാണ്.

"അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു" [അദ്ധ്യായം 40 ഗാഫിര്‍ 64]

മഴ വര്‍ഷിക്കുന്നതും മഞ്ഞു പെയ്യുന്നതും സൂര്യന്‍ ഉദിക്കുന്നതും കായ്കനികള്‍ ഉണ്ടാകുന്നതുമെല്ലാം ആ കാരുണ്യത്തില്‍ നിന്ന്തന്നെ. ജീവന്‍റെ നിലനില്‍പ്പിനാധാരമായ വായുവും വെള്ളവും സൂര്യപ്രകാശവും ഇവിടെ ആരും വില കൊടുത്തു വാങ്ങേണ്ടതില്ല. ഒരു കുത്തക കമ്പനിക്കും അത് കയ്യടക്കിവെക്കാനുമാവില്ല. ചൂഷകരും വന്‍കിട കോര്‍പറേറ്റുകളും നിത്യോപയോഗ വസ്തുക്കളുടെ വില നിശ്ചയിക്കുന്ന ലോകത്ത് ഈ സൌജന്യങ്ങളുടെയും കാരുണ്യത്തിന്‍റെയും വില നമുക്കെങ്ങിനെ വിസ്മരിക്കാനാകും?

മനുഷ്യരില്‍ രണ്ടു തരക്കാരുണ്ട്. സ്വജീവിതത്തെയും പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളെയും രചനാത്മകമായി വീക്ഷിക്കുന്നവരും നിഷേധാത്മകമായി വിലയിരുത്തുന്നവരും.

കാരുണ്യത്തിന്‍റെയും അനുഗ്രഹവര്‍ഷത്തിന്‍റെയും തുടിപ്പുകളെ യഥാവിധി നോക്കിക്കാണുന്നവരാണ് ഒന്നാമത്തെ വിഭാഗമെങ്കില്‍ എല്ലാത്തിലും വൈകൃതവും പൊരുതക്കേടും മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും രണ്ടാമത്തെ വിഭാഗം.

താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശതക്കണക്കിന് നന്മകള്‍ കാണാതെ പോവുകയും കേവല പ്രയാസങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്ക് നന്മയും കാരുണ്യവും പങ്കുവെക്കുന്നതിലും വിജയിക്കാനാവില്ല. ചുറ്റുപാടുമുള്ള നന്മകള്‍ തിരിച്ചറിയുകയും അത് പരസ്പരം പകുത്തു നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ധന്യത കൈവരുന്നത്.

പ്രവാചകന്‍ (സ) ഇപ്രകാരം അരുളി : "ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും".

നിരാശയുടെ പടുകുഴിയില്‍ വീണടിയാനല്ല, മറിച്ച് ജീവിതത്തില്‍ രചനാത്മകവും പ്രതീക്ഷാ നിര്‍ഭരവുമായ പടവുകള്‍ തീര്‍ക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

"പറയുക (നബിയെ) : സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" [അദ്ധ്യായം 39 സുമര്‍ 53]

വന്നു പോയ വീഴ്ചകള്‍ പരിഹരിച്ചുതരാനും നമുക്ക് വേണ്ട അനുഗ്രഹങ്ങളത്രയും കനിഞ്ഞേകാനും ഒരു സംരക്ഷകനുണ്ടെന്ന ഉത്തമബോധ്യം ജീവിതത്തിലെ ഇരുള്‍ നീക്കിക്കളയുന്ന ഒരു വിളക്കുമാടമായി ഉയര്‍ന്നു നില്‍ക്കും.

by എം ടി എം @ വര്‍ത്തമാനം ആഴ്ചപ്പതിപ്പ്