മാലിന്യ സംസ്കരണം ഇസ്ലാമില്‍

ശപിക്കപ്പെട്ടവരുടെ പ്രവൃത്തി നിങ്ങള്‍ ചെയ്യരുത്‌. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും വിശ്രമിക്കുന്ന വഴിയിലും വിസര്‍ജനം നടത്തരുത്‌.'' (മുസ്‌ലിം)

``മൂന്ന്‌ കാര്യങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. കുളക്കടവിലും പൊതുവഴിയിലും തണലിലും നിങ്ങള്‍ വിസര്‍ജിക്കാതിരിക്കുക.'' (അബൂദാവൂദ്‌)

``നിങ്ങളിലൊരാളും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ടതില്‍ തന്നെ കുളിക്കുകയും ചെയ്യരുത്‌.'' (ബുഖാരി)

``ജനാബത്ത്‌ കുളിക്കായി നിങ്ങളിലാരും കെട്ടിനില്‍ക്കുന്ന വെള്ളം ഉപയോഗിക്കരുത്‌.'' (മുസ്‌ലിം)

നാം കഴിക്കുന്ന ഭക്ഷ്യപാനീയങ്ങള്‍, ദഹനപ്രക്രിയയിലൂടെ ശരീരപോഷണത്തിനും ശാരീരികോര്‍ജത്തിനും ആവശ്യമായവ ശരീരം സ്വീകരിച്ചതിനു ശേഷം ഉപയോഗശൂന്യവും മലിനവുമായ അവശിഷ്‌ടങ്ങള്‍ പുറംതള്ളുന്നു. ആമാശയത്തിലെത്തിയ ഇഷ്‌ടഭോജ്യങ്ങളില്‍ ഒരു ഭാഗം തന്നെയാണ്‌ വിസര്‍ജ്യവസ്‌തുക്കളായി പുറംതള്ളപ്പെടുന്നത്‌. ഏതൊരാളും തന്റെ പരിസരത്തെവിടെയെങ്കിലും തന്റെയോ മറ്റുള്ളവരുടെയോ മലമൂത്രവിസര്‍ജ്യങ്ങള്‍ ദൃഷ്‌ടി-ഘ്രാണ- സ്‌പര്‍ശ പരിധിയില്‍ ഉണ്ടാകുന്നത്‌ ഇഷ്‌ടപ്പെടുകയില്ല. അതുകൊണ്ടാണല്ലോ പരസ്യമായി ഭക്ഷണം കഴിക്കുന്ന മനുഷ്യന്‍ രഹസ്യമായി മാത്രം വിസര്‍ജനം നടത്തുന്നത്‌.

മാലിന്യങ്ങളില്‍ കൂടുതല്‍ രൂക്ഷതയുള്ളത്‌ മുഷ്യന്റെ വിസര്‍ജ്യങ്ങള്‍ തന്നെയാണ്‌. വിസര്‍ജനം ഒരിക്കലും ജനസാന്നിധ്യത്തില്‍ നിര്‍വഹിക്കുകയോ ജനങ്ങള്‍ക്ക്‌ ഉപദ്രവമാകും വിധം പരസ്യപ്പെടുത്തുകയോ ചെയ്യരുത്‌. ജനസഞ്ചാരമുള്ള വഴിയിലോ കുളക്കടവിലോ ആളുകള്‍ വിശ്രമിക്കുന്ന തണല്‍ പ്രദേശത്തോ ഫലവൃക്ഷച്ചുവട്ടിലോ മലമൂത്ര വിസര്‍ജനം ചെയ്‌തത്‌ കാണുമ്പോള്‍, ഏതൊരാള്‍ക്കും അറപ്പുണ്ടാവുക സ്വാഭാവികം.

തനിക്കോ മറ്റുള്ളവര്‍ക്കോ നാശം വരാന്‍ വേണ്ടിയുള്ള ഒരുതരം വിപരീത പ്രാര്‍ഥനയാണ്‌ ശാപമെന്നത്‌. ഈ വിപരീത പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ പരസ്യ വിസര്‍ജനം ചെയ്‌ത വ്യക്തിക്ക്‌ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നതുറപ്പാണ്‌. അത്‌ ഏത്‌ വിധത്തിലായിരിക്കും പ്രായോഗികമാവുക എന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും ശാപം ഫലിക്കുക എന്നതിന്റെ സാധ്യത തന്നെയാണ്‌ ഉദ്ധൃത നബിവചനങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

വഴിയിലും തണലിലും വെള്ളത്തിലും മലമൂത്രവിസര്‍ജനം നടത്തലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങള്‍ കഴുകലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌. മനുഷ്യന്റെ വിസര്‍ജ്യങ്ങള്‍ പരസ്യമായി ഉപേക്ഷിക്കപ്പെടുക വഴി പ്രാണികള്‍ അവ അന്തരീക്ഷത്തിലും മനുഷ്യന്റെ ശരീരത്തിലും വ്യാപിപ്പിക്കുകയും രോഗസംക്രമണത്തിന്‌ ഇടയാക്കിത്തീര്‍ക്കുകയും ചെയ്യും. അതുകൊണ്ടാണല്ലോ അറിവില്ലായ്‌മ നിമിത്തം പള്ളിയില്‍ മൂത്രമൊഴിച്ച ഗ്രാമീണ അറബിയെ നബി(സ) സൗമ്യമായി ഉപദേശിച്ച്‌ തിരുത്തുകയും വലിയ പാത്രത്തില്‍ വെള്ളം കൊണ്ടുവന്ന്‌ അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത്‌ ഒഴിച്ച്‌ വൃത്തിയാക്കാന്‍ സ്വഹാബികളോട്‌ കല്‌പിക്കുകയും ചെയ്‌തത്‌.

ശുദ്ധവായുവും ശുദ്ധവെള്ളവും ഏതൊരു മനുഷ്യന്റെയും മൗലികാവകാശമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌. ഉള്ളി തിന്ന്‌ ദുര്‍ഗന്ധം വമിപ്പിച്ച്‌ ജമാഅത്ത്‌ നമസ്‌കാരത്തിന്‌ വന്ന സ്വഹാബിയെ നബി(സ) ശാസിച്ച സംഭവം സുവിദിതമാണല്ലോ. ശുദ്ധവായുവും ശുദ്ധവെള്ളവും ലഭ്യമാകണമെങ്കില്‍ ശുദ്ധമായ പരിസരമുണ്ടാകണം. പരിസരമലിനീകരണത്തെ ഗുരുതരമായ വ്യതിയാനമായാണ്‌ ഇസ്‌ലാം കാണുന്നത്‌.

മാലിന്യ കൂമ്പാരങ്ങള്‍ സംസ്‌കരിക്കാന്‍ ഫലപ്രദവും ശാസ്‌ത്രീയവുമായ മാര്‍ഗങ്ങള്‍ അവലംബിക്കാതെ പരിസരവാസികളുടെ വായുവും വെള്ളവും മലിനമാക്കുന്നത്‌ നിസ്സംഗമായി നോക്കി നില്‌ക്കുന്ന കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും ഗുരുതരമായ കുറ്റകൃത്യമാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയുള്ള വികസനസംരംഭങ്ങള്‍ക്ക്‌ പൂര്‍ണമായ പ്രയോജനപരത അവകാശപ്പെടാനാവില്ല. അതിനാല്‍ വ്യക്തിയും സമൂഹവും ഒരു ശുചിത്വബോധ സംസ്‌കാരനയം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു.

by കെ പി എസ്‌ ഫാറൂഖി @ ശബാബ്