നബിദിനം ആഘോഷിക്കാത്തതെന്തുകൊണ്ട്?

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. പ്രവാചകന്റെ ആദര്‍ശങ്ങളും അധ്യാപനങ്ങളും അവഗണിക്കപ്പെടുകയും പ്രവാചകന്‍ കേവലം ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു എന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന് ഇവര്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഹൃദയാന്തരങ്ങളില്‍ നിന്ന് വിനയാന്വിതമായി വരേണ്ട പ്രാര്‍ഥനപോലും (സ്വലാത്ത് പ്രവാചകന് വേണ്ടി വിശ്വാസികള്‍ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയാണ്)മുദ്രാവാക്യമായി പരിണമിച്ച ഇക്കാലത്ത് കുറേപേര്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നത്് അഭിനന്ദനാര്‍ഹമാണ്. നബിദിനമാഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്.

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക!

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക! മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!!

by കെ പി എസ് ഫാറൂഖി @ വര്‍ത്തമാനം ദിനപത്രം