കോപത്തെ നിയന്ത്രിക്കുക

കോപം എല്ലാവരിലും കാണപ്പെടുന്ന സ്വഭാവമാണ്‌. മനുഷ്യരുടെ പ്രകൃതിയിലുള്ള എല്ലാ സ്വഭാവങ്ങളെയും നിയന്ത്രിക്കാനും അവയെ നന്മയുടെ വീഥിയിലേക്ക്‌ തിരിച്ചുവിടാനും ഇസ്‌ലാം നമ്മോട്‌ ആഹ്വാനം ചെയ്യുന്നു. കോപത്തിന്റെ കാര്യത്തിലും ദൈവിക മതത്തിന്റെ സമീപനം ഇതില്‍ നിന്ന്‌ ഭിന്നമല്ല. ചില നബിവചനങ്ങള്‍ നോക്കൂ:

അബൂഹറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ``ഗുസ്‌തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, കോപമുണ്ടാവുമ്പോള്‍ സ്വയം നിയന്ത്രിക്കുവാന്‍ കഴിയുന്നവനാണ്‌ ശക്തിയുള്ളവന്‍.'' (ബുഖാരി)

സുഫ്‌യാനുബ്‌നു അബ്‌ദില്ല സഖ്‌ഫിയില്‍ നിന്ന്‌ നിവേദനം: ഞാനൊരിക്കല്‍ നബി(സ)യോട്‌ പറഞ്ഞു: ``അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എനിക്ക്‌ പ്രയോജനപ്രദമായ ഒരു ഉപദേശം നല്‌കിയാലും. അപ്പോള്‍ നബി(സ) പറഞ്ഞു: നീ കോപിക്കരുത്‌'' (ത്വബ്‌റാനി)

തനിക്ക്‌ ഇഷ്‌ടമില്ലാത്തത്‌ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുമ്പോള്‍ വെറുപ്പും കോപവുമുണ്ടാകുന്നത്‌ മനുഷ്യ സഹജമാണ്‌. പക്ഷെ, ചിലര്‍ക്ക്‌ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അതിനു സാധിക്കുന്നില്ല. കോപത്തെയും ദേഷ്യത്തെയും നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലമുള്ള ദൂഷ്യത്തിന്‌ കയ്യും കണക്കുമില്ല. വികാര വിക്ഷോഭങ്ങള്‍ക്ക്‌ അടിമകളായിത്തീരുമ്പോള്‍ സ്വത്തിനും അന്യര്‍ക്കും ഉപദ്രവങ്ങളും നാശനഷ്‌ടങ്ങളുമുണ്ടാക്കുന്നു.

സൗഹാര്‍ദത്തോടെ ജീവിക്കുന്ന ചിലര്‍ കോപാന്ധരായി മാറുമ്പോള്‍ സുഹൃത്തിനെ ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവങ്ങള്‍ നിരവധിയാണ്‌. എന്തിനേറെ, കോപാഗ്നി ജ്വലിച്ചപ്പോള്‍ കിട്ടിയ ആയുധങ്ങളെടുത്ത്‌ സുഹൃത്തിനെ കൊന്നുകളയുകയും പിന്നീട്‌ ഖേദിക്കുകയും ചെയ്യേണ്ടി വന്ന സംഭവങ്ങളും നാം കേള്‍ക്കാറുണ്ട്‌. കോപാന്ധനായ ഒരു പിതാവ്‌ വികൃതി കാണിച്ച സ്വന്തം മകന്റെ കഴുത്തു പിടിച്ചു ശ്വാസം മുട്ടിച്ചു. അയാളുടെ അരിശം തീര്‍ന്നപ്പോഴേക്ക്‌ ആ കുട്ടി പരലോകത്തേക്ക്‌ യാത്ര പോയിരുന്നു. സഹപാഠികള്‍ തമ്മിലുണ്ടായ ശണ്‌ഠ ഈയിടെ കൊലപാതകത്തിലെത്തിയ വാര്‍ത്ത നാം കേരളത്തില്‍ നിന്നുതന്നെ വായിച്ചു.

അനിയന്ത്രിതമായ കോപം എത്ര കുടുംബ ബന്ധങ്ങളെയാണ്‌ തകര്‍ത്തത്‌! സമൂഹത്തില്‍ നടക്കുന്ന ത്വലാഖുകളുടെ വലിയൊരളവ്‌ കോപത്തിന്റെ സന്തതികളാണ്‌. അരിശം മൂക്കുമ്പോള്‍ നിന്നെ മൂന്നു ത്വലാഖും പിരിച്ചു എന്ന്‌ ആക്രോശിച്ച ചിലര്‍ പിന്നീട്‌ അതു മൂലം എത്ര വലിയ പൊല്ലാപ്പുകളിലാണ്‌ അകപ്പെട്ടിട്ടുള്ളത്‌.

കോപത്തെ നിയന്ത്രിക്കല്‍ വളരെ ദുഷ്‌കരമായ ഒരു ജോലിയാണ്‌. മൂസാനബി(അ) അല്ലാഹുവിന്റെ നിര്‍ദേശാനുസരണം നാല്‌പതു ദിവസം സീനാ താഴ്‌വരയിലേക്കു തിരിച്ചു. അവിടെ വച്ച്‌ അല്ലാഹു അദ്ദേഹത്തിന്‌ തൗറാത്തിന്റെ ഫലകങ്ങള്‍ നല്‌കി. താങ്കള്‍ പോയതിന്‌ ശേഷം താങ്കളുടെ ജനതയിലൊരു വിഭാഗം സന്മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിച്ചിട്ടുണ്ടെന്ന്‌ അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു. അതിനാല്‍ മൂസാ(അ) വിഷണ്ണനും കുപിതനുമായാണ്‌ തന്റെ ജനങ്ങളുടെയടുക്കല്‍ തിരിച്ചെത്തിയത്‌. കോപത്തിന്റെ കാഠിന്യത്തില്‍ അദ്ദേഹം തൗറാത്തിന്റെ ഫലകങ്ങള്‍ എറിയുകയും സഹോദരന്‍ ഹാറൂനി(അ)നോട്‌ കയര്‍ക്കുകയും ചെയ്‌തു.

``കുപിതനും ദു:ഖിതനുമായി തന്റെ ജനതയിലേക്ക്‌ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട്‌ പറഞ്ഞു. ഞാന്‍ പോയ ശേഷം നിങ്ങള്‍ ചെയ്‌തത്‌ എത്രമാത്രം നികൃഷ്‌ടമായിപ്പോയി. നിങ്ങളുടെ രക്ഷിതാവിന്റെ കല്‌പന കാത്തിരിക്കാതെ ധൃതി കാണിക്കുകയോ? അദ്ദേഹം ഫലകങ്ങള്‍ എറിഞ്ഞു കളയുകയും തന്റെ സഹോദരന്റെ തലക്ക്‌ പിടിച്ചുവലിക്കുകയും ചെയ്‌തു. (ഹാറൂന്‍) പറഞ്ഞു: എന്റെ മാതാവിന്റെ പുത്രാ, ജനങ്ങള്‍ എന്നെ നിസ്സാരനായി കാണുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തു. താങ്കള്‍ ശത്രുക്കളെ ആഹ്ലാദിപ്പിക്കരുത്‌, എന്നെ അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും അരുത്‌.'' (വി.ഖു. 7:150) എന്നാല്‍ കോപം അടക്കിയപ്പോള്‍ അദ്ദേഹം ശാന്തനാവുകയും ത ന്റെ സഹോദരന്റെ നിരപരാധിത്വം ഗ്രഹിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സഹോദരനും തനിക്കും വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്‌തു. മാത്രമല്ല, എറിഞ്ഞുകളഞ്ഞ തൗറാത്തിന്റെ ഫലകങ്ങള്‍ അദ്ദേഹം എടുക്കുകയും ചെയ്‌തുവെന്ന്‌ ഖുര്‍ആന്‍ തുടര്‍ന്നു പ്രസ്‌താവിക്കുന്നു.

മൂസാനബി(അ)യുടെയും ഹാറൂന്‍ നബി(അ)യുടെയും ചരിത്രകഥനത്തിലൂടെ കോപം ഏതു മനുഷ്യനെയും അപാകതകളിലേക്ക്‌ നയിക്കുമെന്ന്‌ അല്ലാഹു നമ്മെ ഉണര്‍ത്തുന്നു. മാത്രമല്ല, കോപിഷ്‌ഠനായ സഹോദരനോട്‌ എങ്ങനെ പെറുമാറണമെന്നും അല്ലാഹു വരച്ചു കാണിക്കുന്നു. തന്നെ കയ്യേറ്റം നടത്തുന്ന മൂസായോട്‌ `എന്റെ മാതാവിന്റെ മോനേ' എന്ന ഹാറൂന്‍ നബി(അ)യുടെ സംഭാഷണ രീതി എത്രമാത്രം ഹൃദയഹാരിയാണ്‌. നമ്മുടെ സുഹൃത്തോ ബന്ധുവോ കോപത്തോടുകൂടി സംസാരിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത്‌ അയാളുടെ കോപത്തെ തടയുകയും ശാന്തനാക്കുകയും ചെയ്യാതിരിക്കുകയില്ല. പക്ഷെ, അതിനുള്ള സഹനശീലം നമുക്കും ഉണ്ടാവണമെന്നു മാത്രം.

കോപത്തെ അടക്കിനിര്‍ത്തലും കോപിഷ്‌ഠനോട്‌ ശാന്തമായി പ്രതികരിക്കലും പ്രയാസമുള്ള കാര്യങ്ങള്‍ തന്നെയാണ്‌. സാധാരണഗതിയില്‍ നമ്മോടൊരാള്‍ ദേഷ്യപ്പെട്ട്‌ സംസാരിച്ചാല്‍ നാമും കുപിതരാവുകയാണ്‌ പതിവ്‌. അപ്പോള്‍ നമ്മുടെ മനസ്സുകള്‍ പിശാചിന്റെ വിഹാരരംഗമായിത്തീരുന്നു. അങ്ങനെ ഒട്ടും പ്രശംസനീയമല്ലാത്ത വാക്യങ്ങളും കൃത്യങ്ങളും തമ്മില്‍ നിന്ന്‌ വന്നു ഭവിക്കാനിടയായിത്തീരുന്നു. അതിനാലാണ്‌ നബി(സ) ``കോപം പിശാചില്‍ നിന്നാണെന്ന്‌.'' നമ്മെ ഓര്‍മിപ്പിച്ചത്‌. കോപം വരുന്നവരോട്‌ പിശാചില്‍ നിന്ന്‌ രക്ഷ തേടാന്‍ നബി(സ) ഉപദേശിക്കാറുണ്ടായിരുന്നു. ചില വചനങ്ങളില്‍ കോപമുണ്ടാവുമ്പോള്‍ വുദൂ (അംഗശുദ്ധി) ചെയ്‌താല്‍ അതിന്റെ ശക്തി കുറയുമെന്ന്‌ സൂചിപ്പിച്ചിട്ടുമുണ്ട്‌.

by അബൂമിഖ്‌ദാദ്‌ @ ശബാബ്