യാത്ര ജീവിതത്തിന്റെ ഒഴുക്ക്‌

ഇമാം ഗസ്സാലി പ്രശസ്‌തമായ ഇഹ്‌യ ഉലൂമുദ്ദീനില്‍ ബിശ്‌റുബ്‌നുല്‍ഹാഫിയുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്‌: 'ഭൂമിയില്‍ ചുറ്റിക്കറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും. വെള്ളം ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധമാവുകയും അത്‌ കെട്ടിനിന്നാല്‍ മോശമാവുകയും ചെയ്യുന്നത്‌പോലെ'. യാത്ര മനുഷ്യജീവിതത്തില്‍ വഹിക്കുന്ന ധര്‍മത്തെ വളരെ മനോഹരമായി ആവിഷ്‌കരിക്കുന്നു ഈ മഹദ്‌ വചനം. എങ്ങും സഞ്ചരിക്കാതെ തന്റെ വാസസ്ഥലത്ത്‌ മാത്രം ഒതുങ്ങിക്കൂടുന്ന ഒരാള്‍ കെട്ടിനില്‍ക്കുന്ന ഒരു ജലാശയം പോലെയാണെന്ന ഉപമ എത്ര അര്‍ഥവത്താണ്‌! കെട്ടിക്കിടക്കുന്ന ജലാശയം പെട്ടെന്ന്‌ ദുഷിക്കുന്നു. അതിലാണ്‌ കൊതുകുകളും കീടങ്ങളും പാര്‍ക്കുന്നത്‌. അത്‌ എളുപ്പം മാലിന്യക്കുണ്ടായി മാറുന്നു. എന്നാല്‍ ഒഴുക്കുള്ള ജലാശയം നിരന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്‌ തഴുകിയൊഴുകുന്ന വഴികളും ജീവികളും ശുദ്ധിവരുന്നു.

യാത്ര ജീവിതത്തിന്റെ ഒഴുക്കാണ്‌. സ്വാര്‍ഥതയും ആര്‍ത്തിയും മനുഷ്യ മനസ്സില്‍ അഴുക്കുകെട്ടുന്നത്‌ സമ്പര്‍ക്കമില്ലാതെ ഒറ്റപ്പെട്ടു ഒരിടത്ത്‌ കഴിയുമ്പോഴാണ്‌. പുതിയ വഴികളിലൂടെ, പുതിയ ദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കും അപരിചിതമായ കാഴ്‌ചകളിലേക്കും സഞ്ചരിക്കുന്ന ഒരാളുടെ മനസ്സിന്‌ വികാസമുണ്ടാകുന്നു. ലോകത്തിന്റെയും സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങള്‍ അനുഭവിക്കാന്‍ ഇട ലഭിക്കുമ്പോള്‍ കൈവരുന്ന സംസ്‌കരണമാണ്‌ ഒരര്‍ഥത്തില്‍ സംസ്‌കാരം. മാനവിക സംസ്‌കാരം വികാസം പ്രാപിച്ചത്‌ യാത്രകളിലൂടെ ആയിരുന്നു.

പൗരാണിക കാലത്തെ അപേക്ഷിച്ചു മനുഷ്യജീവിതത്തില്‍ ഇന്ന്‌ യാത്രകള്‍ക്ക്‌ അവസരങ്ങള്‍ കൂടുതലുണ്ട്‌. വ്യാപാരം, തൊഴില്‍, പഠനം, ചികിത്സ തുടങ്ങി പല ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയും നാം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാണ്‌. അല്‌പമെങ്കിലും യാത്രചെയ്യാത്ത ദിവസം നമ്മുടെ ജീവിതത്തില്‍ അപൂര്‍വമായിട്ടുണ്ട്‌. വേഗതയേറിയ വാഹനങ്ങളുടെ ലഭ്യത യാത്രയുടെ സമയം ലാഭിച്ചുതരുന്നു. വിവര വിനിമയരംഗത്തുണ്ടായ കുതിപ്പ്‌ യാത്രയുടെ ആവശ്യകത വന്‍തോതില്‍ ഇപ്പോള്‍ കുറച്ചിട്ടുണ്ട്‌. വീട്ടില്‍ ഇരുന്നു തന്നെ തൊഴിലും പഠനവുമൊക്കെ ചെയ്യാവുന്ന ഒരു കാലത്തിലേക്ക്‌ നാം കടന്നുകഴിഞ്ഞു. പൊതുവില്‍ യാത്രയുടെ ആനന്ദം നഷ്ടടപ്പെട്ടു എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ഏകാന്തതയുടെ പൂട്ട്‌ പൊളിച്ചു നമ്മെ ജനങ്ങളിലേക്ക്‌ കൊണ്ട്‌പോകാനുള്ള യാത്രയുടെ ക്ഷമത ഇല്ലാതായതാണ്‌ അതിന്റെ കാരണം. യാത്ര ഇപ്പോള്‍ വിരസതയുടെ വേളകള്‍ ആയി മാറിപ്പോകുന്നു.

പുതിയ ആളുകളെയും പുതിയ ദേശങ്ങളെയും പുതിയ കാഴ്‌ചകളെയും കാണുകവഴി ഓരോ ശ്വാസത്തെയും പുതുക്കാനും ശുദ്ധീകരിക്കാനും സാധ്യമാക്കുന്നതിന്‌ പകരം ഒറ്റയ്‌ക്ക്‌ മൊബൈല്‍ ഫോണില്‍ സല്ലപിച്ചാണ്‌ നമ്മുടെ യാത്രകള്‍ വഴിയില്‍ നഷ്ടപ്പെടുന്നത്‌. വാഹനം സഞ്ചരിക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ കൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നു! ഓരോ നിമിഷവും ആസ്വദിച്ചു അനുഭവിക്കാന്‍ സാധിക്കുന്ന വിധമാകണം ഉല്ലാസ യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്‌. കാഴ്‌ചകള്‍ കണ്ടും വര്‍ത്തമാനം പറഞ്ഞും ഇഷ്ടമുള്ള വിഭവങ്ങള്‍ കഴിച്ചും ദൈവത്തിന്റെ അത്ഭുതങ്ങളായ പ്രകൃതിയുടെ താളലയങ്ങളില്‍ മുഴുകിയും ആത്മീയമായ കുളിരു ലഭിക്കും വിധമാകണം കുടുംബ യാത്രകള്‍. നബി തിരുമേനി ഭാര്യമാരെയും കുട്ടികളെയും യാത്രകളില്‍ കൂടെ കൂട്ടിയിരുന്നു. അവരെ കാഴ്‌ചകള്‍ കാണിച്ചു കൊടുത്തിരുന്നു. മനസ്സിന്‌ അയവുനല്‍കുന്ന വേളകളാകണം യാത്രകള്‍. അതിലും തിരക്ക്‌ വരുമ്പോള്‍ യാത്ര മറ്റൊരു ടെന്‍ഷന്‍ ആകും. യാത്ര ഒഴുക്ക്‌ അല്ലാതെ മാറും. അറബികള്‍ ഉല്ലാസ യാത്രകളെ ഒഴുക്ക്‌ എന്ന്‌ അര്‍ത്ഥമുള്ള `സിയാഹ` എന്ന്‌ പേര്‌ വിളിക്കുന്നത്‌ എത്ര ഹൃദ്യമായിരിക്കുന്നു!

by മുജീബുർറഹ്മാൻ കിനാലൂർ @ പുടവ മാസിക