ചോദിക്കുന്നതെല്ലാം നല്‍കണോ?

വെള്ളം കോരിയും വീട്ടുജോലിയെടുത്തും അലി(റ) തളര്‍ന്നു. അയല്‍പക്ക വീടുകളില്‍ മാവ്‌ അരച്ചരച്ച്‌ ഫാത്തിമ(റ)യുടെയും കൈ കുഴഞ്ഞു. പകല്‍വേളയിലെ വിശ്രമമില്ലാത്ത അധ്വാനത്താല്‍ വിവശരാവുന്ന ഇരുവരും രാത്രിയില്‍ പരസ്‌പരം പരാതി പറയും. ഒടുവില്‍ അലി ഇങ്ങനെയും പറയും: നിന്റെ പിതാവിന്‌ അല്ലാഹു എത്ര പരിചാരകരെ നല്‌കിയിട്ടുണ്ട്‌? ഒരാളെയെങ്കിലും നമുക്ക്‌ നല്‌കിക്കൂടേ? കൗമാരം വിടാത്ത ഫാത്തിമ(റ) ഓര്‍ക്കും: `ശരിയാണ്‌. ഉമ്മു അയ്‌മന്‍, ഉമ്മു സുലൈം, ഖൗല, ഏതു ജോലിയും ചെയ്യാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത സ്ഥിരം സേവികമാര്‍. അബൂത്വല്‍ഹ, ഇബ്‌നു മസ്‌ഊദ്‌, അബൂറാഫിഅ്‌ അങ്ങനെ തിരുസേവകരും എമ്പാടും. അവരില്‍ ഒരാളെ കിട്ടിയാല്‍ ഞങ്ങളുടെ പെടാപ്പാട്‌ കുറയും.'

ഫാത്തിമ(റ) പിതാവിനെ കാണാന്‍ പോയി. മനസ്സില്‍ ചെറിയ ജാള്യതയുണ്ടായിരുന്നു. മകളെ കണ്ട തിരുനബി(സ) എഴുന്നേറ്റുവന്ന്‌ കരം ഗ്രഹിച്ച്‌ സ്വീകരിച്ചു. അടുത്തിരുത്തി ക്ഷേമങ്ങളാരാഞ്ഞു. തിരുമുഖത്ത്‌ എന്തെന്നില്ലാത്ത ആനന്ദം വിരിഞ്ഞപ്പോള്‍ ഫാത്തിമ വന്ന കാര്യം തന്നെ മറന്നു. എന്തിനാണ്‌ വന്നതെന്ന ഉപ്പയുടെ ചോദ്യത്തിന്‌, സലാം പറയാന്‍ വന്നതാണെന്നു മാത്രം മൊഴിഞ്ഞു. വൈകുന്നേരം ഫാത്തിമ യാത്ര പറഞ്ഞിറങ്ങി. വെറും കൈയോടെ മടങ്ങിവന്ന ഭാര്യയെ കണ്ട്‌ അലി(റ) നിരാശനായി. ``ഉപ്പയുടെ സന്തോഷവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കത്‌ പറയാന്‍ തോന്നിയില്ല.'' ഫാത്തിമ കാരണം പറഞ്ഞു. അടുത്ത ദിവസം ഇരുവരും ഒന്നിച്ചുപോയി. ദൂതര്‍ക്ക്‌ ഇരട്ടി സന്തോഷം. മടിച്ചുമടിച്ച്‌ ഫാത്തിമ(റ) കാര്യം പറഞ്ഞു: തിരുനബി മൗനത്തിലായി: ``നിങ്ങളെക്കാള്‍ പ്രയാസപ്പെടുന്നവര്‍ മദീനയിലുണ്ട്‌. പള്ളിയുടെ തിണ്ണയില്‍ കഴിയുന്ന അഹ്‌ലുസ്സുഫ്‌ഫക്കാരെ പരിചരിക്കാന്‍ ആവശ്യത്തിനാളില്ല. അതിനാല്‍ ഇവിടെയുള്ള പരിചാരകരെ വിട്ടുതരാനാവില്ല.'' മകളെയും മരുമകനെയും ചെറു നൊമ്പരത്തോടെ തിരുനബി യാത്രയാക്കി.

മക്കള്‍ മിക്ക മാതാപിതാക്കളുടെയും ദൗര്‍ബല്യമാണ്‌. അവര്‍ പ്രത്യേകിച്ച്‌ പെണ്‍മക്കള്‍ ഒരാവശ്യവുമായി വന്നാല്‍ വെറും കൈയോടെ എത്ര പേര്‍ തിരിച്ചയക്കും? അവരൊന്നു കണ്ണു നനച്ചാല്‍ എത്ര പിതാക്കന്‍മാര്‍ അത്‌ സഹിക്കും? മകളുടെ വിവാഹത്തിന്‌ പത്തു പവന്‍ തികയ്‌ക്കാനാവത്തതിനാല്‍, ഇനിയെങ്ങനെ അവളുടെ മുഖത്തുനോക്കും എന്ന്‌ വേവലാതി പൂണ്ട്‌, വിവാഹത്തലേന്ന്‌ തീവണ്ടിക്കു മുന്നില്‍ ജീവിതമവസാനിപ്പിച്ച പിതാവിനെ ഈയുള്ളവനറിയാം. മക്കളെന്തും ചോദിക്കും. വിവേകമെത്താത്തവര്‍ വിശേഷിച്ചും. എന്നാല്‍ ആവശ്യങ്ങള്‍ തിരിച്ചറിയലും അവ നിവര്‍ത്തിച്ചു നല്‌കാന്‍ തന്നെക്കൊണ്ടാവുമോ എന്നറിയലും മാതാപിതാക്കളുടെ ബാധ്യതയാണ്‌. മക്കളുടെ കണ്ണീരിനു മുന്നില്‍ പതറിയാല്‍ ഒരുപക്ഷേ, വീണുപോവുക കുടുംബം തന്നെയാവും. ആവശ്യവും അത്യാവശ്യവും അനാവശ്യവും തിരിച്ചറിയലാണ്‌ ഇത്തരം വേളകളില്‍ വിശ്വാസി ചെയ്യേണ്ടത്‌. വെള്ളം കോരിയും മാവ്‌ കുഴച്ചും കുഴഞ്ഞ പ്രിയ മകളെയോര്‍ത്തല്ല, തുണയും കാവലുമില്ലാതെ പള്ളിത്തിണ്ണയില്‍ അഭയം തേടിയ അഹ്‌ലുസ്സുഫ്‌ഫയെ ഓര്‍ത്താണ്‌ തിരുനബി വേദനിച്ചത്‌. അന്ന്‌ രാത്രി, അലിയും ഫാത്തിമയും ഉറങ്ങാനൊരുങ്ങവേ തിരുനബി വീട്ടിലെത്തി. അനുവാദം വാങ്ങി കിടപ്പറയിലിരുന്നു. ഇടത്തും വലത്തും ഇരുവരെയുമിരുത്തി. ചേര്‍ത്തുപിടിച്ച്‌ പറഞ്ഞു: നിങ്ങള്‍ ചോദിച്ചത്‌ നല്‌കാന്‍ ഈ പിതാവിനായില്ല. മികച്ച മറ്റൊന്നു നല്‌കാം: ``ഉറങ്ങുന്നതിനു മുമ്പ്‌ സുബ്‌ഹാനല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്‌ബര്‍ എന്നിവ മുപ്പത്തി മൂന്നു പ്രാവശ്യം ചൊല്ലുക. ജിബ്‌രീല്‍ എന്നെ പഠിപ്പിച്ചതാണിത്‌.'' ദൂതരുടെ പ്രവൃത്തി ഇരുവരുടെയും കണ്ണുകളെ നിറച്ചു.

By അബൂസയ്‌ന്‍ @ ശബാബ്