ബുദ്ധിയും യുക്തിയും ഇസ്ലാമും

മനുഷ്യരെ മറ്റുള്ള ജീവിജാലങ്ങളില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്നതു തന്നെ വിശേഷ ബുദ്ധിയാണ്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ വഹിക്കുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാമവര്‍ക്ക്‌ അന്നം നല്‍കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും നാം അവര്‍ക്ക്‌ ശ്രേഷ്‌ഠത നല്‍കുകയും ചെയ്‌തിരിക്കുന്നു.'' (ഇസ്‌റാഅ്‌ 70) ഈ വചനം ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ``മനുഷ്യന്‌ അല്ലാഹു കേള്‍വിയും കാഴ്‌ചയും എല്ലാ കാര്യങ്ങളും ഗ്രഹിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയും നല്‍കി'' (ഇബ്‌നുകസീര്‍ 3:51).

ദീനീ കാര്യങ്ങളില്‍ ബുദ്ധിക്ക്‌ സ്ഥാനമില്ല എന്ന വാദം ഖുര്‍ആനിനെ നിഷേധിക്കലാണ്‌. കാരണം അല്ലാഹു ഹകീം ആണെന്ന്‌ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്‌. ഹകീം എന്ന പദത്തിന്റെ അര്‍ഥം യുക്തിമാന്‍ എന്നാണ്‌. യുക്തി ബുദ്ധിയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന പ്രതിഭാസമാണ്‌. മനുഷ്യരായ സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു ബുദ്ധിയും യുക്തിയും പ്രദാനം ചെയ്‌തിരിക്കുന്നു എന്ന്‌ മാത്രമല്ല, അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹമായ ബുദ്ധിയെ ഉപയോഗപ്പെടുത്താത്തവരെ അല്ലാഹു ശക്തമായി ആക്ഷേപിക്കുകയും ചെയ്യുന്നു. ``തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീചന്മാര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ബധിരന്മാരും ഊമകളുമാകുന്നു.'' (അന്‍ഫാല്‍ 22) ഈ വചനം ഇബ്‌നുജരീറുത്ത്വബ്‌രി(റ) വിശദീകരിക്കുന്നു: ``അല്ലാഹുവെ സംബന്ധിച്ചും അവന്റെ നിരോധങ്ങളെയും കല്‌പനകളെയും കുറിച്ചും ചിന്തിക്കാത്തവരാണവര്‍.'' (ജാമിഉല്‍ബയാന്‍ 6:209)

ചിന്തിക്കാത്തവരെയും ബുദ്ധി ഉപയോഗിക്കാത്തവരെയും മൃഗങ്ങളെക്കാള്‍ മോശപ്പെട്ടവരായിട്ടാണ്‌ അല്ലാഹു വിലയിരുത്തുന്നത്‌. ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ബഹുഭൂരിപക്ഷത്തെയും നാം നരകത്തിനു വേണ്ടി പടച്ചുവെച്ചിരിക്കുന്നു. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുകൊണ്ടവര്‍ കാര്യം ഗ്രഹിക്കുന്നവരല്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുന്നവരല്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടുമനസ്സിലാക്കുന്നവരല്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവര്‍ തന്നെയാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാകുന്നു അശ്രദ്ധര്‍.'' (അഅ്‌റാഫ്‌ 179). വിശുദ്ധ ഖുര്‍ആനില്‍ ചിന്തിക്കാനുള്ള കല്‌പനകള്‍ പരന്നുകിടക്കുന്നു. എന്നിരിക്കെ, ഇസ്‌ലാമില്‍ ബുദ്ധിപ്രയോഗിക്കാന്‍ പാടില്ലെന്ന്‌ പറയുന്നവരുടെ അവസ്ഥ ദയനീയംതന്നെ!

ബുദ്ധി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഹദീസ്‌ റിപ്പോര്‍ട്ടര്‍മാരും വിവരിക്കുന്നുണ്ട്‌. സാമാന്യബുദ്ധിക്ക്‌ യോജിക്കാത്ത ഹദീസുകള്‍ നബി(സ)യുടെ വചനമാകാന്‍ തരമില്ലാത്തതിനാല്‍ അവ തള്ളിക്കളയേണ്ടതാണെന്ന്‌ മുഴുവന്‍ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇബ്‌നുഹജറുല്‍ അസ്‌ഖലാനി (നുഖ്‌ബതുല്‍ ഫിക്‌ര്‍, പേജ്‌ 113), ജലാലുദ്ദീനിസ്സുയൂഥി (തദ്‌രീബുര്‍റാവി 1/327), സഖാവി (ഫത്‌ഹുല്‍മുഗീസ്‌ 1/290), ഇമാം ശൗക്കാനി (ഇര്‍ശാദുല്‍ഫുഹൂല്‍ പേജ്‌ 15), ഇബ്‌നുല്‍അസീര്‍ (ജാമിഉല്‍ഉസ്വൂല്‍ 1/56) തുടങ്ങിയവര്‍ ഉദാഹരണം.

വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ബുദ്ധിപരമായ വ്യാഖ്യാനം നല്‍കേണ്ട നിരവധി വചനങ്ങളുണ്ട്‌. ``നബി(സ) പറഞ്ഞു: നിങ്ങള്‍ കാലത്തെ കുറ്റം പറയരുത്‌. തീര്‍ച്ചയായും കാലം അല്ലാഹു തന്നെയാണ്‌.'' (അഹ്‌മദ്‌ 5/299) ഇവിടെ നേര്‍ക്കുനേരെ അര്‍ഥം കല്‍പിച്ചാല്‍ അല്ലാഹുവും കാലവും ഒന്നായിത്തീരും. അത്‌ ശരിയല്ലല്ലോ. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം കാലത്തെ ആരാധിക്കാമോ? ഇമാം ശാത്വിബി ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നു: ``കാലത്തിന്‌ മാറ്റം വരുത്തുന്നത്‌ അല്ലാഹുവാണ്‌. മറിച്ച്‌, കാലമല്ല. അപ്പോള്‍ നിങ്ങള്‍ കാലത്തെ കുറ്റപ്പെടുത്തുമ്പോള്‍ കുറ്റപ്പെടുത്തല്‍ സംഭവിക്കുന്നത്‌ അല്ലാഹുവിനു നേരെയാണ്‌. ഇതാണ്‌ മേല്‍ ഹദീസിന്റെ താല്‌പര്യം.'' (അല്‍ഇഅ്‌തിസ്വാം 2/814,815)

കടപവിശ്വാസികളുടെ മനസ്സിലുള്ള രോഗത്തെ സംബന്ധിച്ച്‌ അല്ലാഹു പറയുന്നു: ``അവരുടെ മനസ്സുകളില്‍ ഒരു തരം രോഗമുണ്ട്‌. അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ധിപ്പിക്കുകയും ചെയ്‌തു.'' (അല്‍ബഖറ 10). എന്തായിരുന്നു അവരുടെ ഹൃദയങ്ങളിലുള്ള രോഗം? ഈ രോഗം കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ കാപട്യമാണെന്നാണ്‌ മുഴുവന്‍ മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ ബുദ്ധിപരമായ വ്യാഖ്യാനമാണ്‌. അപ്പോള്‍ ഖുര്‍ആനും ഹദീസും ഇജ്‌മാഉം ഖിയാസുമൊന്നും ബുദ്ധിക്ക്‌ വിരുദ്ധമല്ല. സാമാന്യബുദ്ധിക്ക്‌ വിരുദ്ധമായ ഒരു കാര്യവും അല്ലാഹുവും റസൂലും കല്‌പിക്കുന്നതല്ല. യാതൊന്നും അന്ധമായ അനുകരണത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാവതല്ല. കൃത്യമായ തെളിവിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. അല്ലാഹു പറയുന്നു: ``നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, മനസ്സ്‌ എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്‌പ്പെടുന്നതാണ്‌'' (ഇസ്‌റാഅ്‌ 36).

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്‌. ഇമാം ശാത്വബി പറയുന്നു: ``ഇസ്‌ലാമിക പ്രമാണങ്ങള്‍ യുക്തിക്കും ബുദ്ധിക്കും എതിരാകുന്നതല്ല.'' (അല്‍മുവാഫഖാത്ത്‌ 3:27). ഇബ്‌നുല്‍ഖയ്യിം പറയുന്നു: ``യുക്തിയും അര്‍ഥവും ഇല്ലാത്ത ഒരൊറ്റ വിധിയും ഇസ്‌ലാമിലില്ല'' (ഇഅ്‌ലാമുല്‍മുവഖ്‌ഖിഈന്‍ 2/67). ദീനില്‍ ബുദ്ധി പ്രയോഗിക്കാന്‍ പാടില്ല എന്നതിന്‌ ന്യായമാക്കാറുള്ളത്‌ ഹജ്ജ്‌ കര്‍മത്തെയാണ്‌. അത്‌ കുറെ ഓട്ടവും കല്ലേറും ഇടംവെക്കലുമാണ്‌ എന്നൊക്കെ പറഞ്ഞ്‌ നിസ്സാരപ്പെടുത്തുന്നവരാണിവര്‍. യഥാര്‍ഥത്തില്‍ അപ്പറഞ്ഞതൊന്നും ശരിയല്ല. ഹജ്ജ്‌ കര്‍മത്തിന്റെ പിന്നിലുള്ളത്‌ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ സ്‌മരണകളാണ്‌. അവയുടെ സ്‌മരണ നാം നിലനിര്‍ത്തുകയെന്നതാണ്‌ ഹജ്ജ്‌ കര്‍മത്തിലൂടെ ചെയ്യുന്നത്‌. ഖുര്‍ആനിലും ഹദീസിലും കൃത്യമായി തെളിയിക്കപ്പെടാത്ത യാതൊരു കാര്യവും ഹജ്ജ്‌ കര്‍മത്തിലില്ല.

by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്