ജിന്നും പിശാചും ചില അന്ധവിശ്വാസങ്ങളും

പ്രവാചകന്മാര്‍ വേദഗ്രന്ഥങ്ങളിലൂടെ ജനങ്ങളെ പഠിപ്പിച്ചത്‌ മധ്യവര്‍ത്തികളില്ലാതെ അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണമെന്നാണ്‌. ``നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ പിറകെ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌'' (മുഅ്‌മിന്‍ 60). അല്ലാഹുവോട്‌ മധ്യവര്‍ത്തികളില്ലാതെ നേര്‍ക്കുനേരെ പ്രാര്‍ഥിച്ചെങ്കില്‍ മാത്രമേ അവന്റെ സഹായം ലഭ്യമാകൂ എന്ന്‌ വിശ്വസിക്കലാണ്‌ ഇസ്‌ലാം അംഗീകരിക്കുന്ന യഥാര്‍ഥവിശ്വാസം. അല്ലാഹുവിങ്കലേക്ക്‌ മധ്യവര്‍ത്തികളെ നിര്‍ത്തി അവര്‍ മുഖേന പ്രാര്‍ഥിച്ചെങ്കിലേ അല്ലാഹു പ്രാര്‍ഥന പരിഗണിക്കൂ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ വേറെ ചിലര്‍. ഈ വിശ്വാസം അല്ലാഹു നിരോധിച്ചതും ശിര്‍ക്കുമാണെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. "അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്ന്‌ പറയുകയും ചെയ്യുന്നു. നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ അല്ലാഹുവറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു'' (യൂനുസ്‌ 18). അപ്പോള്‍ അല്ലാഹുവിലേക്ക്‌ മധ്യവര്‍ത്തികളെ നിര്‍ത്തി അവരോട്‌ പ്രാര്‍ഥിച്ചാല്‍ ഉത്തരം കിട്ടുമെന്ന വിശ്വാസം അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌. ശിര്‍ക്ക്‌ എന്നത്‌ അന്ധവിശ്വാസത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്ന പാപമാണ്‌.

 പ്രാര്‍ഥന ചൊല്ലിക്കൊണ്ടാണ്‌ ഒരാള്‍ യാത്ര പോകാന്‍ ഗെയ്‌റ്റ്‌ തുറന്നത്‌. അപ്പോള്‍ ഒരു കറുത്ത പട്ടി തന്റെ മുന്നിലൂടെ വിലങ്ങനെ ഓടുന്നു. ലക്ഷണം ശരിയല്ലാത്തതിനാല്‍ അയാള്‍ തന്റെ യാത്ര ഒഴിവാക്കി വീട്ടിലേക്കു തന്നെ മടങ്ങുന്നു. ഈ മടക്കം അന്ധവിശ്വാസവും ശിര്‍ക്കുമാണെന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌. നബി(സ) പറഞ്ഞതായി ഇബ്‌നു മസ്‌ഊദ്‌(റ) ഉദ്ധരിക്കുന്നു: ``ലക്ഷണം നോക്കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌. നബി(സ) മൂന്നു തവണ ആവര്‍ത്തിച്ച്‌ അപ്രകാരം പറഞ്ഞു.'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍). എന്തുകൊണ്ടാണ്‌ ലക്ഷണം നോക്കല്‍ ശിര്‍ക്കും അന്ധവിശ്വാസവുമായി മാറിയത്‌? അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിനേ സാധിക്കൂ എന്ന്‌ ഒരു സത്യവിശ്വാസി വിശ്വസിക്കേണ്ടതുണ്ട്‌. മേല്‍ ഉദാഹരണത്തില്‍ പ്രസ്‌തുത അധികാരം അയാള്‍ വകവെച്ചുകൊടുത്തത്‌ അല്ലാഹുവിനല്ല. മറിച്ച്‌ വിലങ്ങനെ ഓടിയ പട്ടിക്കാണ്‌. അതുകൊണ്ടാണ്‌ ലക്ഷണംനോക്കല്‍ ശിര്‍ക്കായി മാറിയത്‌. ഈ ലോകത്ത്‌ അല്ലാഹു നല്‌കിയ മുഅ്‌ജിസത്ത്‌, കറാമത്ത്‌ എന്നീ കഴിവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ള സകല കാര്യങ്ങളും നടന്നുവരുന്നത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ലക്ഷണം നോക്കി കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കാര്യമോ കാരണമോ ബന്ധങ്ങളോ ഇല്ല എന്നതാണ്‌ വസ്‌തുത. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി നടക്കുന്ന സകല കാര്യങ്ങളും ദൈവികമായ കഴിവില്‍ പെട്ടതാകുന്നു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസം.

 ജിന്ന്‌, പിശാച്‌ എന്നിവയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്‌ യഥാര്‍ഥ വിശ്വാസം. അദൃശ്യശക്തികള്‍ ശാരീരികമായ ഖൈറും ശര്‍റും ചെയ്യുമെന്ന വിശ്വാസം ബഹുദൈവരാധകരുടേതാണ്‌. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്‌ അന്ധവിശ്വാസമാണ്‌. അത്‌ അന്ധവിശ്വാസമെന്നു പറയാന്‍ പല കാരണങ്ങളുമുണ്ട്‌.

 ഒന്ന്‌: പിശാചിന്റെ (ജിന്നില്‍ പെട്ട) രൂപം പോലും കൃത്യമായി അറിഞ്ഞവര്‍ ഏതെങ്കിലും മതക്കാരില്‍ ഉള്ളതായി അറിയപ്പെട്ടിട്ടില്ല.

 രണ്ട്‌: പിശാച്‌ ഖരവസ്‌തുവോ, ദ്രാവകമോ, വാതകമോ ആണെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല.

 മൂന്ന്‌: പിശാചിന്റെ ഭാഷ ഏതാണെന്ന്‌ ഇന്നേവരെ ഒരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

 നാല്‌: പിശാചിന്റെ ശബ്‌ദം ഏതു രൂപത്തിലാണെന്ന്‌ ഇന്നേവരെ പഠിപ്പിക്കപ്പെട്ടിട്ടില്ല.

 അഞ്ച്‌: പിശാചിന്റെ താവളം (താമസസ്ഥലം) ഇന്നേവരെ കൃത്യമായി നിജപ്പെടുത്തപ്പെട്ടിട്ടില്ല.

 ആറ്‌: ചില കഥകളല്ലാതെ നബി(സ)ക്കു ശേഷം പിശാചിനെ കണ്ടതായോ പിശാചുക്കളുമായി ആരെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയതായോ ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 സൂറത്ത്‌ `അഅ്‌റാഫ്‌' 27-ാം വചനത്തില്‍ മനുഷ്യര്‍ക്ക്‌ പിശാചിനെ കാണാന്‍ സാധ്യമല്ലെന്ന്‌ നിസ്സംശയം അല്ലാഹു പറയുന്നുണ്ട്‌. ജീവിതത്തിലൊരിക്കലും കാണാത്ത, രൂപം പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്‌തു മറ്റൊരു വ്യക്തിയുടെ ശരീരത്തില്‍ കയറി എന്ന്‌ അന്ധമായി വിലയിരുത്തലും ഊഹിക്കലും അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്‌? കയറിക്കൂടുന്നത്‌ കാണാന്‍ കഴിയാത്ത പുരോഹിതന്‌ എങ്ങനെയാണ്‌ പിശാച്‌ ശരീരത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത്‌ കാണുക?!

 By പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്‌ വാരിക