നേതൃത്വത്തിന്റെ സംസ്കാരം

സാമുദായിക പ്രശ്നങ്ങൾക്ക്‌ നേതൃത്വം നൽകുകയും മതപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരിൽ രണ്ട്‌ തരത്തിലുള്ള ആളുകളെ കാണാൻ സാധിക്കും. മതകാര്യങ്ങളിൽ വളരെ ശ്രദ്ധയും ശുഷ്കാന്തിയുമുള്ളവരും അത്തരം കാര്യങ്ങളിൽ അത്രയൊന്നും ശ്രദ്ധയില്ലാത്തവരും. പല പ്രദേശങ്ങളിലും കാര്യങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കാര്യപ്പെട്ടവർ ഈ രണ്ടാം വിഭാഗത്തിൽ പെട്ടവരാണെന്നത്‌ സങ്കടകരമാണ്. വ്യക്തിജീവിതത്തിൽ സംസ്കരണം സാധിച്ചിട്ടില്ലെങ്കിലും സമുദായ നേതൃത്വം ഏറ്റെടുക്കാൻ അത്തരം ആളുകൾക്ക്‌ സാധ്യമാകുന്നതെങ്ങനെയെന്ന് നാം ചിന്തിക്കണം.

മതശാസനകൾ മുറുകെ പിടിക്കുന്ന സൂക്ഷതയുളള നല്ല മനുഷ്യരേക്കാൾ പണവും പ്രതാപവും ശക്തിയുമുള്ളവർക്ക്‌ സമൂഹം ആദരവ്‌ കൽപ്പിക്കുന്നത്‌ കൊണ്ടാണിത്‌ സംഭവിക്കുന്നത്‌. ആഴ്ചയിലൊരിക്കൽ പോലും പള്ളിയിൽ വരാത്തവർ പള്ളിക്കമ്മിറ്റി ഭാരവാഹി! ഇസ്‌ലാമിക സ്ഥാപനം നടത്തുന്നവർ സ്വന്തം മക്കളെ അവിടെ പഠിപ്പിക്കുന്നില്ല! സമുദായത്തിന്റെ ഐഡന്റിറ്റിക്ക്‌ വേണ്ടി ബഹളം വെക്കുന്നവന്റെ ഭാര്യയും മക്കളും പാശ്ചാത്യ പരിഷ്ക്കാരത്തിന്റെ പ്രചാരകൻ! ഇവിടെയാണ് പൊയ്മുഖം വ്യക്തമാകുന്നത്‌. ഉന്നതരെന്നും കാര്യപ്പെട്ടവരെന്നും മുസ്‌ലിം തറവാട്ടുകാരെന്നും വിശേഷിക്കപ്പെടുന്ന പലരുടേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. അവരുടെ കുടുംബത്തിൽ പർദ്ദയില്ല. അവരുടെ വീടുകളിൽ ഖുർആൻ പാരായണമില്ല. അവരാരും തന്നെ ദീനീ സദസ്സുകൾ ഉപയോഗപ്പെടുത്തുന്നില്ല. അവരിൽ ദീനിന്റെ ചൈതന്യമില്ല. അവരുടെ സമ്പാദ്യവും വിനിയോഗവും മതകൽപ്പന അനുസരിച്ചുമല്ല. എന്നിട്ടും അവരെ സമുദായം ആദരിക്കുന്നു! അവരാണ് കാര്യപ്പെട്ടവർ എന്ന് കരുതുന്നു. അവരുടെ തോന്നിവാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. അവരാണെങ്കിൽ കൂടുതൽ വൃത്തികെട്ടു പോവുകയും അവരുടെ സ്വാധീനവും തറവാട്‌ മഹിമയും ഉപയോഗിച്ച്‌ അധാർമ്മികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഇവിടെ സത്യവിശ്വാസികൾ ഉണരേണ്ടതുണ്ട്‌. മതചിട്ടയില്ലാത്ത സമുദായത്തിന്ന് മതപരമായ അംഗീകാരമില്ലെന്ന് പ്രഖ്യാപിക്കുവാൻ നേരം വൈകി. മതനിഷ്ഠയും സദാചാരബോധവുമില്ലാത്തവരെ കാര്യപ്പെട്ടവരായി ചുമലിലേറ്റാൻ നമുക്ക്‌ ബാധ്യതയില്ല. പാവപ്പെട്ട വിശ്വാസികളെ അകറ്റിനിർത്തിയാൽ തങ്ങൾ ദീനിലേക്ക്‌ വരാമെന്ന് മക്കയിലെ ചില കാര്യപ്പെട്ടവർ നബി തിരുമേനി (സ)യോട്‌ പറഞ്ഞപ്പോൾ ഭക്തരായ ആ പാവപ്പെട്ടവരോടൊപ്പം നിൽക്കുകയാണ് അവിടുന്ന് ചെയ്തത്‌. പണവും പ്രതാപവുമെന്നതിലേറെ ജീവിതവിശുദ്ധിക്കായിരുന്നു നബി (സ) വില കൽപ്പിച്ചത്‌. ആ മാനദണ്ഡം നാം മറക്കാതിരിക്കുക.

 by ഹുസൈൻ മടവൂർ @ പ്രാസ്ഥാനിക ചിന്തകൾ (യുവത)