നഹ്സും ശകുനവും

ദിവസങ്ങൾ, മാസങ്ങൾ, പക്ഷിയുടെ ശബ്ദങ്ങൾ, പിശാചുക്കൾ എന്നിവയുടെ പേരിൽ ശിർക്കുപരമായ നിരവധി ഊഹാപോഹങ്ങൾ വെച്ചു പോറ്റുന്നവർ മുസ്‌ലിംകളിൽ അനവധിയുണ്ട്‌. സ്ത്രീകൾ മുതൽ ബുദ്ധിമാന്മാരായ പുരുഷന്മാർ വരെ ഇത്തരം മൗഢ്യവിശ്വാസങ്ങൾക്കിരയായിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങൾക്കും മാസങ്ങൾക്കും അവർ നഹ്സ്‌ (അവലക്ഷണം) സങ്കൽപ്പിക്കുന്നു. പക്ഷികളുടെ ശബ്ദങ്ങൾ, മാസം മറഞ്ഞുകാണൽ, ഒരു സംഗതിക്ക്‌ വേണ്ടി പുറപ്പെടുമ്പോൾ വീണ്ടും തിരിച്ചു വരാൻ കാരണം ഉണ്ടാവൽ, എന്തെങ്കിലും ജീവികൾ എതിരെ സഞ്ചരിക്കൽ, കുട്ടികളൊ മറ്റോ വീണു അപകടം ഉണ്ടാവൽ മുതലായവ ശകുനവും അവലക്ഷണവുമായി അവർ കാണുന്നു.

അല്ലാഹു പവിത്രമാസമായി പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ച മുഹറം മാസത്തിലെ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾക്കു വരെ നഹ്സ്‌ സങ്കൽപ്പിക്കാൻ ഇവരുടെ ശിർക്കുപരമായ ഊഹാപോഹങ്ങൾക്ക്‌ സാധിക്കുന്നു! നബി (സ) സുന്നത്താണെന്ന് പ്രഖ്യാപിച്ച വിവാഹങ്ങൾ നടത്താനും മതം അനുവദിക്കുകയും പുണ്യകർമ്മമായി പ്രോൽസാഹിപ്പിക്കുകയും ചെയ്ത കച്ചവടവും മറ്റും തുടങ്ങാനും ഈ ദിവസങ്ങളിൽ അവർ ഭയപ്പെടുന്നു! മതപണ്ഡിതർ എന്ന് പറയപ്പെടുന്നവർ ഇത്തരം ശിർക്കുപരമായ വിശ്വാസങ്ങൾക്കു നേരെ കണ്ണടക്കുകയും അജ്ഞത നടിക്കുകയും ചെയ്യുന്നു.

 അല്ലാഹു പറയുന്നു : "എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു : 'നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌.' ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ 'അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്' എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 7 അഅ്റാഫ്‌ 131]. മനുഷ്യർക്ക്‌ എന്തെങ്കിലും തിന്മ സംഭവിക്കുന്നുണ്ടെങ്കിൽ അത്‌ കാലത്തിന്റേയോ മറ്റു ഏതെങ്കിലും വ്യക്തികളുടേയോ ദുശ്ശകുനം കൊണ്ടോ നഹ്സ്‌ കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച്‌, അവന്റെ കർമ്മഫലമായി അല്ലാഹുവിൽ നിന്ന് സംഭവിക്കുന്നതാണ്. ഈ യാഥാർത്ഥ്യമാണ് അല്ലാഹു ഇവിടെ പറയുന്നത്‌.

"വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ (ആദ്‌ സമുദായം) നേര്‍ക്ക് അയക്കുക തന്നെ ചെയ്തു." [അദ്ധ്യായം 54 ഖമർ 19]. ദിവസങ്ങൾക്കല്ല നഹ്സ്‌, മറിച്ച്‌ മനുഷ്യന്റെ കർമ്മങ്ങൾക്കാണെന്ന് ഈ ആയത്ത്‌ വ്യക്തമാക്കുന്നു. കാരണം ഈ ദിവസം തന്നെയാണ് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്തത്‌. അതിനാൽ ഈ ദിവസം അവരെ സംബന്ധിച്ച്‌ നന്മയായിരുന്നു. തഫ്സീറുൽ സ്വാവിയിൽ എഴുതുന്നു : "സത്യനിഷേധികളുടെ മേൽ ആ ദിവസം നഹ്സിന്റെ ദിവസവും സത്യവിശ്വാസികൾക്ക്‌ ബർക്കത്തിന്റെ ദിവസവുമായിരുന്നു." (സ്വാവി 4:148)

അബുഹുറൈറ (റ) നിവേദനം : നബി (സ) അരുളി : "അല്ലാഹു പറയുന്നു : 'ആദമിന്റെ മക്കൾ എന്നെ ഉപദ്രവിക്കുന്നു. അവർ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. രാപകലുകൾ മാറ്റി മറിക്കുന്നത്‌ ഞാനാണ്'." മറ്റൊരു നിവേദനത്തിൽ നബി (സ) ഇങ്ങനെ പറഞ്ഞു : "നിങ്ങൾ കാലത്തെ ശകാരിക്കരുത്‌. നിശ്ചയം കാലം അല്ലാഹുവാണ്." [ബുഖാരി, മുസ്‌ലിം]. അപ്പോൾ ഏതെങ്കിലും ദിവസങ്ങൾക്കും മാസങ്ങൾക്കും നഹ്സും ദുശ്ശകുനവും സങ്കൽപ്പിക്കൽ അല്ലാഹുവിനെ ശകാരിക്കലും അവനെ ഉപദ്രവിക്കലുമാണ്. ഒരു ദിവസത്തിനും ഒരു മാസത്തിനും യാതൊരുവിധ കുറവോ ന്യൂനതയോ നഹ്സോ ദുശ്ശകുനമോ ഇല്ല. ഇവയെല്ലാം ഏതെങ്കിലും മനുഷ്യന് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്‌ അവന്റെ സ്വന്തം കർമ്മഫലമാണ്. അല്ലാതെ, മാസം കാരണമോ ദിവസം കാരണമോ സമയം കാരണമോ സംഭവിക്കുന്നതല്ല.

ഇബ്നു ഹജറുൽ ഹൈതമി (റ)യോട്‌ നഹ്സിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ : "നഹ്സിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവയെക്കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ അവൻ ചെയ്യുന്നതിനെ വിഢ്ഡിത്തമാക്കിയും അവനിൽ നിന്ന് പിന്തിരിഞ്ഞും അതിന്റെ തിന്മ വ്യക്തമാക്കിയുമല്ലാതെ മറുപടി പറയുന്നതല്ല. തീർച്ചയായും അത്‌ ജൂതന്മാരുടെ സുന്നതാണ്. അല്ലാതെ, തങ്കളുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുന്ന മുസ്‌ലിംകളുടെ ചര്യയിൽ പെട്ടതല്ല." [ഫതാഫൽ ഹദീസിയ്യ].

By അബ്ദുസ്സലാം സുല്ലമി @ തൗഹീദ്‌ : ഒരു സമഗ്ര വിശകലനം