ഭരണവും സ്ത്രീകളും

ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം പരിശുദ്ധ ഖുർആനാണ്. മനുഷ്യന്റെ കൈകടത്തലുകൾക്ക്‌ അതീതമായ ഗ്രന്ഥമാണത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിൽ നബി (സ) പറഞ്ഞതും നബിയുടെ പേരിൽ നിർമ്മിച്ചതുമുണ്ട്‌. ഒരു ഹദീസ്‌ ഗ്രന്ഥവും സംശയത്തിൽ നിന്ന് പൂർണ്ണമായി സുരക്ഷിതമല്ലെന്ന് ഇമാം ഗസ്സാലി (റ) ഇഹ്‌യാ ഉലൂമുദ്ദീനിൽ സ്ഥാപിച്ചിട്ടുണ്ട്‌. സ്ത്രീകൾ ഭരണം നടത്തുന്നതിനെ പരിശുദ്ധ ഖുർആൻ വിമർശ്ശിക്കുന്നില്ല, വിലക്കുന്നുമില്ല. പുറമേ പുരുഷന്മാരേക്കാൾ നല്ല രീതിയിൽ ഭരണം നടത്തുവാൻ സ്ത്രീകൾക്ക്‌ സാധിക്കുമെന്ന് സബ്ത്ത്‌ രാജ്യത്തിലെ രാജ്ഞിയുടെ ചരിത്രം വിവരിച്ചു കൊണ്ട്‌ ഖുർആൻ പറയുന്നുണ്ട്‌. യുദ്ധത്തിലേക്ക്‌ എടുത്തു ചാടുവാൻ പുരുഷന്മാരായ മന്ത്രിമാർ നിർദേശിച്ചപ്പോൾ രാജ്ഞി ചെയ്ത പ്രസ്താവന ശ്രദ്ധിച്ചാൽ ഇത്‌ ബോധ്യമാകുന്നതാണ് (അദ്ധ്യായം നംല് 34). ഈ രാജ്ഞി മുസ്‌ലിമായപ്പോൾ അവരുടെ ഭരണം അവർക്ക്‌ തന്നെ പ്രവാചകൻ നൽകിയെന്നും ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നുണ്ട്‌ (ജലാലൈനി). എന്നാൽ സ്ത്രീകളെ ഭരണരംഗത്തു നിന്ന് അകറ്റുവാൻ വേണ്ടി ജലാലൈനിയുടെ മലയാള പരിഭാഷയിൽ നിന്ന് ഈ ഭാഗം വിട്ടുകളഞ്ഞിട്ടുണ്ട്‌ (തഫ്സീറുൽ ഖുർആൻ പേജ്‌ 384).

പൂർവ്വിക നബിമാരുടെ മാർഗം സ്വീകരിക്കുവാൻ മുഹമ്മദ്‌ നബി (സ)യോട്‌ പരിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്‌ കാണാം. പ്രത്യേക നിർദേശമില്ലാത്ത വിഷയങ്ങളിൽ ഈ നിർദേശം പാലിക്കുവാൻ അദ്ദേഹം കടപ്പെട്ടവനാണ്. അനുയായികളായ മുസ്‌ലിംകളും. പ്രവാചകൻ യുദ്ധരംഗത്തു പോലും പല വകുപ്പുകളും സ്ത്രീകളെ ഏൽപ്പിച്ചിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണാം. പല പ്രശ്നങ്ങളിലും അവിടുന്ന് സ്ത്രീകളോട്‌ അഭിപ്രായം ചോദിച്ചു നടപ്പിലാക്കിയത്‌ ബുഖാരിയിൽ കാണാം. പ്രവാചക പത്നി ആയിശ (റ) ഒരു യുദ്ധത്തിന് നേതൃത്വം നൽകുക പോലുമുണ്ടായി. സ്ത്രീകൾ ഭരണം നടത്താൻ പാടില്ലെന്ന് നബി (സ) വ്യക്തമായ ഭാഷയിൽ പറഞ്ഞ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെടുന്നില്ല. ഒരു ഹദീസാണ് അതിനു വേണ്ടി ചിലർ ദുരുപയോഗപ്പെടുത്താറുള്ളത്‌. ആ ഹദീസ്‌ ഇങ്ങനെ : പേർശ്യയിലെ കിസ്‌റാ രാജാവ്‌ വധിക്കപ്പെട്ടപ്പോൾ ആരാണ് ഭരണം ഏറ്റെടുത്തതെന്ന് നബി (സ) ചോദിച്ചു. കിസ്‌റയുടെ പുത്രിയാണെന്ന് മറുപടി നൽകിയപ്പോൾ 'തങ്ങളുടെ കാര്യം ഒരു സ്ത്രീയെ ചുമതലപ്പെടുത്തിയ ജനത വിജയിക്കുകയില്ല' എന്ന് നബി (സ) പറഞ്ഞു (ബുഖാരി).

ഈ ഹദീസ്‌ പിടിച്ച്‌ മതേതര സ്വഭാവമുള്ള ഒരു രാഷ്ട്രത്തിൽ സ്ത്രീകൾക്ക്‌ ഭരണത്തിൽ പങ്കുവഹിക്കാൻ പാടില്ലെന്ന് പറയുന്നത്‌ തനി വിഡ്ഢിത്തവും സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കലുമാണ്. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ പോലുള്ള രാജ്യത്ത്‌ ഭരണ-ഉദ്യോഗ രംഗങ്ങൾ സ്ത്രീകൾക്ക്‌ നിഷേധിക്കുന്നത്‌ ഒട്ടും ശരിയല്ല. കാരണം വ്യക്തമാക്കാം :-

ഒന്ന് : ഖുർആനിന്റെ പ്രസ്ഥാവനയെ മറികടന്ന് മതവിധി നൽകുവാൻ മാത്രം ശക്തമായ തെളിവല്ല ഈ ഹദീസ്‌. കാരണം, ഈ ഹദീസിൽ സ്ത്രീകളുടെ നേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത്‌ പേർശ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ അതല്ല സ്ത്രീ നേതൃത്വത്തെ തത്വത്തിൽ തന്നെ എതിർക്കുകയാണൊ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്‌. ഇമാം ത്വബ്‌രി (റ), ഇമാം മാലിക്‌ (റ) മുതലായവർ ആദ്യത്തെ അഭിപ്രായത്തെ പിന്തുണക്കുകയും സ്ത്രീകൾക്ക്‌ അധികാരം മുഴുവൻ ഒരാളിൽ നിക്ഷിപ്തമായ ഭരണകൂടത്തിന്റെ നേതൃത്വം പോലും ഏറ്റെടുക്കാമെന്ന് പറയുകയും ചെയ്തിരിക്കുന്നു.

രണ്ട്‌ : സ്ത്രീകൾ ഭരണം ഏറ്റെടുക്കുന്നത്‌ നിഷിദ്ധമാക്കുന്ന ശൈലി മേൽ ഹദീസിൽ കാണാനാവുന്നില്ല. മറിച്ച്‌ ഒരു വിമർശന ശൈലി മാത്രമാണത്‌. അധികാരം നേടാൻ ശ്രമിക്കുന്നതിനെ പൊതുവായി വിമർശിക്കുന്ന ശൈലി ഹദീസുകളിലുണ്ട്‌. ഒരു മതേതര രാഷ്ട്രത്തിൽ ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി, പാർലമന്റ്‌ പോലുള്ള ഭരണതലങ്ങളിൽ ഏതെങ്കിലും ഒരു വകുപ്പ്‌ സ്ത്രീ ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല ഹദീസിൽ പറയുന്നത്‌. മറിച്ച്‌ ഭരണാധികാരം ഒരാളിൽ നിക്ഷിപ്തമായ ഭരണരീതിയെ സംബന്ധിച്ചാണ്. ഇബ്നു ഹജർ (റ) ഇസ്വാബ എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലയുടെ പുത്രിയായിരുന്ന ശിഫാഅ് (റ) എന്ന സഹാബി വനിതയെക്കുറിച്ച്‌ എഴുതിയത്‌ ഇങ്ങനെ : 'ഖലീഫ ഉമർ (റ) ഭരണകാര്യത്തിൽ ഈ മഹതിയുടെ അഭിപ്രായങ്ങൾ അന്വേഷിക്കുകയും അവരുടെ അഭിപ്രായത്തിന്ന് മുൻഗണന നൽകുകയും പരിഗണിക്കുകയും ചെയ്തിരുന്നു. ചില സമയങ്ങളിൽ അങ്ങാടികളുടെ ഭരണ നേതൃത്വം അവരെ ഏൽപ്പിക്കാറുമുണ്ടായിരുന്നു.' 

മുഗളന്മാരുടേയും മറ്റും ഭരണകാലത്ത്‌ എല്ലാ അധികാരവും ഒരാളിൽ നിക്ഷിപ്തമായ ഭരണം മുസ്‌ലിം സ്ത്രീകൾ ഏറ്റെടുത്ത്‌ നടത്തിയത്‌ ചരിത്രത്തിലുണ്ട്‌. ഇത്‌ നിഷിദ്ധമായിരുന്നുവെന്ന് പറയുവാൻ യാതൊരുവിധ തെളിവും ഖുർആനിലോ നബിചര്യയിലോ കാണാൻ സാധ്യമല്ല. നിഷിദ്ധമായി പ്രഖ്യാപിക്കാത്തിടത്തോളം എല്ലാ സംഗതിയും എല്ലാ വ്യക്തികൾക്കും അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. 'ബറാഅതുൽ അസ്വ്‌ലിയ്യ' എന്ന് ഇതിനെ പറയുന്നു. ഇന്നത്‌ നിഷിദ്ധമാണെന്ന് അല്ലാഹുവിന്റെ നിർദ്ദേശം വന്നാൽ അത്‌ നിഷിദ്ധമായി. അനുവദനീയമാണ് എന്നതിന് പ്രത്യേകം തെളിവിന്റേയൊ മാതൃകയുടേയൊ ആവശ്യമില്ല. നിഷിദ്ധമാണെന്ന് തെളിയിക്കുന്ന തെളിവിന്റെ അഭാവം ഉണ്ടായാൽ തന്നെ മതിയാകുന്നതാണ്. മതവിധികൾ കണ്ടുപിടിക്കുമ്പോൾ മുസ്‌ലിം പണ്ഡിതന്മാർ അടിസ്ഥാനമാക്കാറുള്ള ഒരു കാര്യമാണിത്‌.

By അബ്ദുസ്സലാം സുല്ലമി @ സ്ത്രീകളുടെ അവകാശങ്ങൾ പ്രമാണങ്ങളിൽ, ചരിത്രത്തിൽ (യുവത ബുക്സ്‌)