സഹായം കാത്തുകഴിയുന്നവർ

സമ്പത്തും ജീവിതസൗകര്യങ്ങളും വർദ്ദിച്ചുവരുമ്പോൾ മറ്റുള്ളവന്റെ നേരെ കണ്ണു തുറക്കാനാണ് നാം മനസ്സു വെക്കേണ്ടത്‌. തനിക്കു ലഭിച്ച ദൈവികാനുഗ്രഹങ്ങളെ ചുറ്റുവട്ടത്തെ ദുരിതമനുഭവിക്കുന്നവർക്കായി പങ്കുവെക്കാൻ മനസ്സിനെ പാകപ്പെടുത്തണം. പ്രയാസമനുഭവിക്കുന്നവന്റെ ജീവിതാവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയണം. ഒരിക്കൽ പ്രവാചക സന്നിദാനത്തേക്ക്‌ ഒരുപറ്റം പാവങ്ങൾ കയറിവന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരുന്ന അവരുടെ ദുരിതങ്ങൾ ആ മുഖങ്ങളിൽ പ്രകടമായിരുന്നു. പ്രവാചകൻ (സ) അവിടെയുള്ളവരുമായി ഇപ്രകാരം പറഞ്ഞു : "ദീനാറൊ, ദിർഹമോ, വസ്ത്രമോ, ഈത്തപ്പഴമോ എന്തും ഓരോരുത്തരും കൊണ്ടു വരിക." സഹാബികൾ തങ്ങളുടെ വീടുകളിൽ പോയി കിട്ടിയ വസ്തുക്കളുമായി തിരിച്ചു വന്നു. പ്രതിസന്ധികളിൽ ജീവിതം വഴിമുട്ടിപ്പോയ പട്ടിണിപ്പാവങ്ങളെ എങ്ങനെയാണു പ്രവാചകൻ (സ) പരിഗണിച്ചത്‌ എന്നതിനു ഇത്തരം നിരവധി സംഭവങ്ങൾ നമുക്ക്‌ കാണാവുന്നതാണ്.

ക്രിയാത്മകമായ ഇടപെടലുകളാണ് നബിയിൽ നമുക്ക്‌ കാണാവുന്നത്‌. നമുക്ക്‌ ചുറ്റും ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. വിവരസാങ്കേതികവിദ്യയുടെ ഉന്നതിയിലെത്തിയ IT സിറ്റിയെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈ നഗരത്തിൽ ഈയിടെയുണ്ടായ പ്രളയം എത്രപെട്ടെന്നാണ് മനുഷ്യജീവിതത്തെ മാറ്റിമറിച്ചത്‌! ആർത്തലച്ചുയരുന്ന വെള്ളത്തിനു നടുവിൽ ഒരു തുള്ളി കുടിനീരിനായ്‌ കൈ നീട്ടേണ്ടി വരുന്ന നിസ്സഹായാവസ്ഥ! ആർക്കും വന്നു പെട്ടേക്കാവുന്ന ദുരന്തങ്ങൾ! ഇത്തരത്തിൽ വെള്ളപ്പൊക്കം, വരൾച്ച, ഭൂചലനങ്ങൾ, രോഗം, പട്ടിണി, കടബാധ്യതകൾ, അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മനസ്സുനീറുന്നവർ നിരവധി! ഇത്തരം ആളുകൾക്ക്‌ നേരെ നാം കണ്ണുതുറക്കണം. സമ്പാദിക്കാനും കരുതിവെക്കാനും കൊതിയുള്ളപ്പോഴാണ് നാം മറ്റുള്ളവർക്ക്‌ വേണ്ടി എഴുനേറ്റു നിൽക്കേണ്ടത്‌.

 ഒരാൾ തിരുനബി (സ)യോട്‌ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരേ, ഏതുതരം ദാനമാണു കൂടുതൽ പ്രതിഫലം നേടിത്തരുക?" പ്രവാചകൻ (സ) പറഞ്ഞു : "നിങ്ങൾ ആരോഗ്യവാനും പണത്തിനു ആവശ്യമുള്ളവനുമായിരിക്കെ നൽകുന്ന ദാനം. അപ്പോൾ ദാരിദ്ര്യത്തെ നിങ്ങൾ ഭയക്കുന്നുണ്ടാവാം. ധനികനായിത്തീരണമെന്ന ആഗ്രഹവും പ്രതീക്ഷയും നിങ്ങൾക്കുണ്ടാവാം. മരണം ആസന്നമാകുന്നതുവരെ ദാനം ചെയ്യാനുള്ളത്‌ നിങ്ങൾ നീട്ടിവെക്കരുത്‌......" (ബുഖാരി) യുവത്വത്തെ സക്രിയമായി ഉപയോഗിക്കാനുള്ള ആഹ്വാനമാണ് ഈ പ്രവാചകവചനം നമ്മെ പഠിപ്പിക്കുന്നത്‌. ജീവിതം ഇരുളടഞ്ഞു പോയവർക്ക്‌ മുമ്പിൽ ഒരു മെഴുകുതിരിയായ്‌ ജ്വലിച്ചു നിൽക്കാൻ നമുക്ക്‌ കഴിയണം. 'ഭൂമിയിലുള്ളവർക്ക്‌ നേരെ കണ്ണ് തുറക്കുന്നവർക്ക്‌ മാത്രമേ ആകാശത്തുള്ളവൻ കണ്ണ് തുറക്കുകയുള്ളൂ' എന്ന മതത്തിന്റെ അകപ്പൊരുൾ അന്വർത്ഥമാക്കി കാലത്തിന്റെ മുമ്പിൽ നടക്കാൻ നാം കരുത്തരാവുക.

 By ഇബ്രാഹിം പാലത്ത്‌ @ ISM യൂത്ത്സമ്മിറ്റ് ഉപഹാരം