നിലപാട്‌ നന്നാക്കുക

"ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല." [അദ്ധ്യായം 13 റഅദ്‌ 11]

ഒരു ജനത അവരുടെ സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതു വരെ അല്ലാഹു അവരുടെ സ്ഥിതിയിൽ മാറ്റം വരുത്തുകയില്ല. ഒരു ജനസമൂഹത്തിന്റെ അഭിവൃദ്ധിക്കോ ഭദ്രതക്കോ സമാധാനത്തിനോ തകരാർ ബാധിക്കുന്നുവെങ്കിൽ അത്‌ അവരുടെ തന്നെ ചെയ്തികളുടെ ഫലമായിട്ടായിരിക്കുമെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ആ ചെയ്തികളിൽ പങ്കുണ്ടാകണമെന്നില്ല. ചിലപ്പോൾ അവരിൽപെട്ട ഒരു വിഭാഗത്തിന്റേയോ ചില വ്യക്തികളുടേയോ ചെയ്തികളായിരിക്കും സമൂഹത്തിനു പൊതുവേ നാശകരമായി കലാശിക്കുന്നത്‌.

ഏതെങ്കിലും ഒരു കൂട്ടർക്ക്‌ വല്ല തിന്മയും ബാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ പിന്നെ അതിനു യാതൊരു തടസ്സവും ഉണ്ടാവുകയില്ല. രോഗം, ക്ഷാമം, പരാജയം, ഭയം, ദേഹനഷ്ടം, ധനനഷ്ടം തുടങ്ങിയ എല്ലാതരം തിന്മകളും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ അവരിൽ നിന്നുള്ള ചില പ്രത്യേക കാരണമോ യുക്തമായ ലക്ഷ്യമോ കൂടാതെ അങ്ങിനെ അല്ലാഹു ഉദ്ദേശിക്കുകയില്ലെന്ന് തീർച്ച തന്നെ. അല്ലാഹു അങ്ങനെ ഉദ്ദേശിച്ചു കഴിഞ്ഞാൽ പിന്നെ ഒരാൾക്കും ഒരു കാരണത്താലും അത്‌ തടയുവാൻ സാധിക്കില്ല എന്ന് സാരം.

മനുഷ്യരുടെ കൈകാര്യങ്ങൾ നടത്തുന്ന യഥാർത്ഥ രക്ഷാധികാരി അല്ലാഹുവല്ലാതെ മറ്റാരുമല്ല. മലക്കുകൾക്കോ ജിന്നുകൾക്കോ പുണ്യാത്മാക്കൾക്കോ ദിവ്യന്മാർക്കോ ഒന്നും തന്നെ അതിൽ പങ്കില്ല. മനുഷ്യർക്ക്‌ വല്ല ഗുണമോ ദോഷമോ ചെയ്‌വാനും നന്മയോ തിന്മയോ നൽകുവാനുള്ള യഥാർത്ഥ കഴിവു അല്ലാഹുവിനു മാത്രമേയുള്ളൂ.

By മുഹമ്മദ്‌ അമാനി മൗലവി