സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിൽ

അല്ലാഹു പറയുന്നു : "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ അലങ്കാരങ്ങളിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌." [അദ്ധ്യായം 24 നൂർ 31]

 മേൽ ആയത്തിൽ ഒരു സ്ത്രീക്ക്‌ അന്യപുരുഷന്റെ മുന്നിൽ 'മാളഹറ മിൻഹാ ' (അലങ്കാരങ്ങളിൽ പ്രത്യക്ഷമായവ) എന്ന ആശയം ഉൾക്കൊള്ളുന്നവ പ്രകടിപ്പിക്കാമെന്ന് അല്ലാഹു പ്രസ്താവിക്കുന്നു. എന്താണ് ഇത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന് പരിശോദിക്കാം :

ഇബ്നു അബ്ബാസ്‌ (റ), ഖതാദ (റ), മിസ്‌വർ (റ) തുടങ്ങിയ സഹാബികൾ പറയുന്നു : "(പ്രത്യക്ഷമായ) സൗന്ദര്യം എന്നതിന്റെ ഉദേശ്യം സുറുമ, വളകൾ, ചായം, മുഴങ്കൈയുടെ പകുതി (മുൻകൈ ഉൾപ്പടെ കൈമുട്ടിന്റേയും മണികണ്ഠത്തിന്റേയും ഇടയിലുള്ള ഭാഗത്തിന്റെ പകുതി), കമ്മൽ അല്ലെങ്കിൽ റിങ്‌, മോതിരം എന്നിവയെല്ലാമാണ്." [തഫ്സീർ ഖുർതുബി]. "സൗന്ദര്യത്തിൽ നിന്ന് പ്രത്യക്ഷമായത്‌ എന്നതിന്റെ വിവക്ഷയിൽ ഏറ്റവും ശരിയായത്‌ മുഖവും മുൻ കൈയുമാണ്. സുറുമ, മോതിരം, മൈലാഞ്ചി എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ പെടുന്നു." [ഇബ്നു ജരീർ] 

അന്യ സ്ത്രീ-പുരുഷന്മാർ ധാരാളമായി പങ്കെടുക്കുന്ന രംഗമാണ് ഹജ്ജിന്റേത്‌. ആ സന്ദർഭത്തിൽ പോലും സ്ത്രീയോട്‌ ഇസ്‌ലാം മുഖം മറക്കാനല്ല നിർദ്ദേശിക്കുന്നത്‌. മറിച്ച്‌ ഹജ്ജിൽ മുഖം മറക്കുന്നത്‌ ഹറാമാക്കുകയാണ് ചെയ്യുന്നത്‌. ഇമാം നവവി എഴുതുന്നു : "സ്വതന്ത്ര സ്ത്രീയുടെ മുഖവും കൈപടങ്ങളും നഗ്നതയല്ലെന്ന് അല്ലാഹുവിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നു. ഇബ്നു അബ്ബാസ്‌ (റ) പറയുന്നു : "ഹജ്ജിൽ പ്രവേശിച്ച സ്ത്രീകൾ കൈ ഉറകളും മുഖംമൂടികളും ധരിക്കുന്നത്‌ പ്രവാചകൻ നിഷിദ്ധമാക്കുന്നു." മുഖവും കൈകളും നഗ്നതയായിരുന്നെങ്കിൽ അവ മറക്കുന്നത്‌ നിഷിദ്ധമാക്കുമായിരുന്നില്ല. പുറമേ സ്ത്രീകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവരുടെ മുഖം വെളിവാക്കേണ്ടത്‌ ആവശ്യമാണ്. പിടിക്കുകയും നൽകുകയും ചെയ്യുന്ന സന്ദർഭത്തിൽ കൈ വെളിവാക്കുകയും വേണം. അതിനാൽ അവ നഗ്നതയാക്കിയിട്ടില്ല." [ശർഹുൽ മുഹദ്ദബ്‌]

 സ്ത്രീകളുടെ കാൽപാദങ്ങളും നഗ്നതയല്ല. അവയും സ്ത്രീകൾക്ക്‌ വെളിവാക്കാം. ഇമാം നവവി (റ) ഉദ്ധരിക്കുന്നു : "ഇമാം അബൂഹനീഫ (റ), സൗരി (റ), മുസ്നി (റ) മുതലായവർ സ്ത്രീയുടെ പാദങ്ങൾ നഗ്നതയിൽ ഉൾപ്പെടുകയില്ലെന്ന് പ്രസ്താവിക്കുന്നു."[ശറഹുൽ മുഹദ്ദബ്‌] ഇമാം മാലിക്‌, ഹദീസ്‌ പണ്ഡിതന്മാരുടെ ഇമാമായ സുഹ്‌രി (റ)വിൽ നിന്ന് ഉദ്ദരിക്കുന്നു : "അന്യപുരുഷന്മാരുടെ മുന്നിൽ പ്രകടിപ്പിക്കാമെന്ന് അല്ലാഹു പ്രസ്താവിച്ച പ്രത്യക്ഷമായ സൗന്ദര്യത്തിൽ മോതിരം, കാലിൽ ധരിക്കുന്ന തണ്ട (കാൽത്തള) എന്നിവയും ഉൾപ്പെടുന്നു." [ഇബ്നു കസീർ]. പള്ളി ദർസ്സുകളിൽ പഠിപ്പിക്കുന്ന തഫ്സീർ മദാരിക്കിൽ എഴുതുന്നു :"ബാഹ്യസൗന്ദര്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പതിവും പ്രകൃതിയും വെളിവാക്കുവാൻ ആവശ്യപ്പെടുന്നവയാണ്. അത്‌ മുഖം, കൈപടങ്ങൾ, കാൽപാദങ്ങൾ മുതലായവയാണ്. ഇവ മറക്കൽ ഒരു സ്ത്രീയെ സംബന്ധിച്ച്‌ വളരെ പ്രയാസമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച്‌ സാക്ഷി പറയുകയും കേസ്‌ വാദിക്കുകയും ചെയ്യുമ്പോൾ. വിവാഹ സന്ദർഭങ്ങളിലും യാത്രാവേളയിലുമൊക്കെ കാൽപാദം വെളിവാക്കേണ്ടി വരും." 

 By അബ്ദുസ്സലാം സുല്ലമി @ ഇളവുകൾ ഇസ്ലാമിക വിധികളിൽ (യുവത)

Popular Posts