പ്രവാചക സ്നേഹം

സ്‌നേഹമെന്ന വികാരവും സ്‌നേഹപ്രകടനവും മനുഷ്യസഹജമാണ്‌ എന്നതോടൊപ്പം ഇസ്‌ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. വിശ്വാസികള്‍ എന്ന നിലയില്‍ നാം ഈ പ്രശ്‌നം വിലയിരുത്തേണ്ടതുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : "അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ." [അദ്ധ്യായം 2 ബഖറ 165]. ഉള്ളറിഞ്ഞ്‌ സ്‌നേഹിക്കേണ്ടതും ഇഷ്‌ടപ്പെടേണ്ടതും നമുക്ക്‌ അസ്‌തിത്വം നല്‍കിയ സ്രഷ്‌ടാവിനോടാണ്‌. അതുവഴി അവന്റെ സ്‌നേഹം കരസ്ഥമാക്കുക എന്നതാണ്‌ മുഅ്‌മിന്റെ ലക്ഷ്യം. സ്രഷ്‌ടാവിനെ സ്‌നേഹിക്കുന്നതിന്റെ കൂടെ വിശ്വാസി ഏറ്റവുമധികം കടപ്പെട്ടത്‌ ആ സ്രഷ്‌ടാവിന്റെ ദൂതനായ മുഹമ്മദ്‌ നബി(സ)യോടാണ്‌ എന്നും അല്ലാഹു വ്യക്താക്കുന്നു : "പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു." [അദ്ധ്യായം 33 അഹ്സാബ്‌ 6]. നബി(സ) സ്വന്തം വാക്കുകളില്‍ ഇത്‌ ഒന്നുകൂടി വ്യക്തമാക്കുന്നു : "തന്റെ മാതാപിതാക്കള്‍, മക്കള്‍ എന്നുവേണ്ട സകല മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാന്‍ ആകുന്നതു വരെ അയാള്‍ വിശ്വാസി ആയിത്തീരുകയില്ല". ഇതാണ്‌ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നതിന്റെ മര്‍മം.

 എന്നാല്‍ വിശ്വാസി തന്റെ മനസ്സിലുള്ള ഈ സ്‌നേഹം എങ്ങനെയാണ്‌ പ്രകടിപ്പിക്കേണ്ടത്‌ എന്നുകൂടി നോക്കണം. അല്ലാഹുവിനിഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും അവനിഷ്‌ടമില്ലാത്ത കാര്യങ്ങള്‍ വെടിയുകയും ചെയ്യുക. ഇതാണ്‌ ദൈവപ്രീതി നേടാനുള്ള മാര്‍ഗം. ഇതിനുവേണ്ടി വിശ്വാസി അവലംബിക്കേണ്ട വഴികള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു : " (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌." [അദ്ധ്യായം 3 ആലു ഇംറാൻ 31]. "അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. " [അദ്ധ്യായം 4 നിസാഅ് 8]. എന്തിനാണ്‌ ദൂതനെ അഥവാ മുഹമ്മദ്‌ നബിയെ അനുസരിക്കുന്നത്‌ എന്നും അല്ലാഹു വ്യക്തമാക്കുന്നു : "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌." [അദ്ധ്യായം 33 അഹ്സാബ്‌ 21]. ഇത്രയും വ്യക്തമാക്കിയതില്‍ നിന്ന്‌ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന ഇസ്‌ലാമികാദര്‍ശത്തിന്റെ മര്‍മം നാം മനസ്സിലാക്കി. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന ആദര്‍ശം എക്കാലത്തും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. പ്രവാചകന്‍ ഇവിടെ നമുക്കുവേണ്ടി ബാക്കിവെച്ച വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെപിടിച്ചു ജീവിച്ചുകൊണ്ടാണ്‌ അല്ലാഹുവിന്റെ പ്രീതി നേടേണ്ടത്‌.

എന്നാല്‍ പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ വഴിവിട്ടുപോകുകയും ഇതരമതസ്ഥരെ അനുകരിച്ചുകൊണ്ട്‌ പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ മതത്തില്‍ പുതിയ ആചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ നാടെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്‌. നബി(സ)യുടെ അപദാനങ്ങള്‍ വാഴ്‌ത്തുക എന്ന പേരില്‍ അതിശയോക്തികളും ഭാവനയില്‍ മെനഞ്ഞെടുത്ത സിദ്ധാന്തങ്ങളും ഉള്‍പ്പെട്ട കീര്‍ത്തനങ്ങള്‍ ദിനചര്യയെന്നോണം പാടുക, നബി(സ)യുടെ ജയന്തി ആഘോഷിക്കുക, നബിജനിച്ച മാസമെന്ന നിലയില്‍ റബീഉല്‍ അവ്വലിന്‌ പുണ്യംകല്‌പിച്ച്‌ ആഘോഷിക്കുക, നബിയുടെ പേരില്‍ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിക്കുക, പള്ളികളും മദ്‌റസകളും അലങ്കരിക്കുക തുടങ്ങിയ ജാടകളാണ്‌ പ്രവാചക സ്‌നേഹപ്രകടനങ്ങള്‍ എന്ന പേരില്‍ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത, പ്രവാചകന്‍ പഠിപ്പിക്കാത്ത, സ്വഹാബികള്‍ക്ക്‌ പരിചയമില്ലാത്ത, ആദ്യകാല മഹാന്മാര്‍ ആലോചിക്കാത്ത, മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ലാത്ത തികച്ചും നൂതനമായ സമ്പ്രദായങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇന്ന്‌ ആചാരമായി നടമാടുന്നു. ഇത്‌ സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ ആപത്താണ്‌. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാനാശയത്തില്‍ നിന്നു മാറി, ശരിയായ നിലയില്‍ ജീവിക്കാന്‍ പോലും തയ്യാറാകാത്ത ആളുകള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നതില്‍ വിശ്വാസപരമായ വലിയ അപകടമുണ്ട്‌. മുസ്‌ലിംകള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട്‌ ബിദ്‌അത്തുകളില്‍ നിന്ന്‌ പിന്മാറുകയും സുന്നത്തിന്റെ ശരിയായ പാതയിലേക്ക്‌ നീങ്ങുകയും ചെയ്യണമെന്നുണര്‍ത്തട്ടെ.

 `നബിമാസാചരണ'ത്തിലെ അപകടങ്ങള്‍ എത്ര ഗുരുതരമാണെന്നറിയാമോ? 

ഒന്ന്‌) ജന്മദിനാഘോഷം (ബര്‍ത്ത്‌ഡെ ആചരണം) നബി(സ) പഠിപ്പിച്ചതല്ല. 

രണ്ട്‌) നബിയെ ജീവനു തുല്യം സ്‌നേഹിച്ച സ്വഹാബികള്‍ അങ്ങനെ ചെയ്‌തിട്ടില്ല,

 മൂന്ന്‌) ഉത്തമ നൂറ്റാണ്ടുകളെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാര്‍ക്ക്‌ പരിചയമില്ലാത്ത പുതിയ സമ്പ്രദായങ്ങള്‍ ദീനിന്റെ പേരില്‍ കടന്നുവരുന്നു.

 നാല്‌) `ഈസാ നബിയെ നസാറാക്കള്‍ പുകഴ്‌ത്തിയതു പോലെ എന്നെ നിങ്ങള്‍ പുകഴ്‌ത്തിപ്പറയരുത്‌' എന്ന നബിയുടെ താക്കീത്‌ അവഗണിച്ചുകൊണ്ട്‌ ക്രൈസ്‌തവ സംസ്‌കാരം നാം പിന്‍പറ്റുന്നു.

 അഞ്ച്‌) ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക എന്ന ഇതരമതങ്ങളിലെ ആചാരങ്ങള്‍ നാം സ്വായത്തമാക്കുന്നു.

 ആറ്‌) ഇതിനൊക്കെ പുറമെ നബിചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിനു പകരം ചില ജാട പ്രകടനങ്ങള്‍ കൊണ്ട്‌ മോക്ഷം നേടാമെന്ന തെറ്റായ `മെസ്സേജ്‌' പാമരസമൂഹത്തിലേക്ക്‌ നല്‌കുന്നു.

From ശബാബ്‌ വാരിക