അമാനത്ത്‌ കൃത്യമായി നിർവ്വഹിക്കുക

സ്രഷ്ടാവ് നമ്മെ ഏല്പിക്കുന്നതും നാം ഏറ്റെടുക്കുന്നതുമായ അമാനത്തുകളുണ്ട്. ഭൂമിയിലെ പ്രാതിനിധ്യം നിര്‍വഹിക്കുന്ന ‘ഖിലാഫത്ത്’ (2:30) നമ്മെ നാഥന്‍ ഏല്പിച്ചതാണ്. ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിക്കുക’യെന്ന പ്രവാചകന്റെ (സ) കല്പനയും തഥൈവ. ഏത് വിധേനയാണെങ്കിലും ദൗത്യനിര്‍വഹണത്തില്‍ അണു അളവുപോലും ബോധപൂര്‍വമായ ‘വഞ്ചന’ ഉണ്ടാവാന്‍ പാടില്ല. വ്യക്തികളുടെ ജീവിതം, കഴിവ്, സിദ്ധികള്‍, സാഹചര്യങ്ങള്‍ തുടങ്ങി പലതിലും പ്രകടമാകുന്ന ‘വൈവിധ്യം’ പോലെ (തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു - 92:4) തന്നെയാണ് ദൗത്യ നിര്‍വഹണത്തിന്റെ കാര്യവും. ഞാന്‍ ചെയ്തുതീര്‍ക്കേണ്ടതാവില്ല നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അപ്പോഴാണ് പ്രബോധന ദൗത്യം സര്‍ഗാത്മകവും ക്രിയാത്മകവുമാവുന്നത്. അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗീയാനുഗ്രഹങ്ങളും, നമ്മെ തിരിച്ചറിഞ്ഞും നമ്മളിലുള്ളതിനെ സക്രിയമാക്കിയും നമുക്ക് നേടാനാവണം (അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക - 28:77). അതാണ് യഥാര്‍ഥ വിജയം (ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌ - 3:185).

 തന്റെ കഴിവുകള്‍ എല്ലാം അല്ലാഹു നമുക്ക് തന്ന് അനുഗ്രഹിച്ച ‘ഇഹ്‌സാനു’കളാണ്. അവക്കുള്ള നന്ദിയായി നാം നിര്‍വഹിക്കേണ്ട ദൗത്യത്തില്‍ വരുന്ന അപരാധങ്ങള്‍ ‘ഫസാദുകളാ’ണ് എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല - 28:77). നാം ഏറ്റെടുത്തതും ഏല്പിച്ചതുമായ മതപ്രബോധന പ്രവര്‍ത്തനങ്ങളല്ലാത്ത മിക്ക മേഖലകളിലും നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നാം പ്രവര്‍ത്തിക്കാറുണ്ട്. രാപ്പകലുകള്‍ വ്യത്യാസമില്ലാതെ അധ്വാനിക്കുന്നു. ബന്ധങ്ങളില്‍ പരിക്കു പറ്റാതിരിക്കാന്‍ സന്ദര്‍ശനങ്ങളും യാത്രകളും സജീവമാക്കുന്നു. യോഗങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നു. ചിലര്‍ സ്വയം സന്നദ്ധരായി ‘പണം മുടക്കി’ വിദഗ്ധ പരിശീലനം നേടുന്നു. ഉത്തരവാദിത്വങ്ങള്‍ സ്വയം സന്നദ്ധരായി ഏറ്റെടുക്കുന്നു. തൻ്റെ ഇടം തിരിച്ചറിഞ്ഞ് നല്ല ‘റിസള്‍ട്ട്’ ഉണ്ടാക്കുന്നതിന് വിയര്‍പ്പ് പൊടിഞ്ഞ് അധ്വാനിക്കുന്നു. പ്രാതികൂല്യങ്ങള്‍ വകവെക്കാതെ സധൈര്യം മുന്നോട്ടു കുതിക്കുന്നു. ഇതെല്ലാം തെറ്റായ കാര്യമൊന്നുമല്ല. എന്നാല്‍ ആദര്‍ശപ്രബോധന സംഘടനാ രംഗങ്ങളില്‍ നമ്മുടെ ‘അമാനത്തുകള്‍’ കേവലം അലങ്കാരങ്ങളായി മാറുന്നുവെങ്കില്‍ അത് ശിക്ഷാര്‍ഹമാണ്. അതുകൊണ്ടായിരിക്കണം പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞത്. "നിങ്ങള്‍ അധികാരം കൊതിക്കരുത്. അത് പരലോകത്ത് നിന്ദ്യതയും ദു:ഖവുമായിരിക്കും” (ബുഖാരി). സംഘടനാ പ്രവര്‍ത്തകന്റെ ഉള്ളുണര്‍ത്തേണ്ട ഒരു വചനമാണിത്.

 നേതൃത്വം ദൗത്യനിര്‍വഹണത്തിന്റെ ഉന്നത തലമാണ്. ശാഖ മുതല്‍ സംസ്ഥാന തലം വരെ ഒരേ സമയം അണികളും നേതാക്കളുമാണ് നമ്മള്‍ ഓരോരുത്തരും. അമാനത്തിന്റെ ‘ഭാരം’ നെഞ്ചേറ്റിയ ഭാരവാഹികള്‍ നാഥന്റെ മുന്‍പില്‍ തലയുയര്‍ത്തി നില്ക്കാനുള്ള നെഞ്ചുറപ്പ് നേടിയെടുക്കുക എന്നത് പരിശ്രമം ആവശ്യമുള്ള കാര്യമാണ്. നേതാവായതോടെ ഉറക്കം നഷ്ടപ്പെട്ടവരുടെ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്. സമുദായം ഉല്‍കൃഷ്ടാവസ്ഥ നേടാതെ ഉറക്കം വരില്ലെന്ന് പ്രഖ്യാപിച്ച സമുന്നതരായ നേതാക്കള്‍ കൊണ്ട വെയിലാണ് നാം അനുഭവിക്കുന്ന തണുപ്പ് എന്ന് മറന്നുപോവരുത്. തര്‍ബിയ്യത്ത്, തസ്‌കിയത്ത്, സമകാലിക ബോധനങ്ങള്‍, സമര്‍പ്പണത്തിന് അണികളെ സജ്ജമാക്കല്‍, ഭാഷണങ്ങള്‍, സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെയുള്ള പോരാട്ടം തുടങ്ങി ഒരു ‘വടവൃക്ഷ’ മായി വരുംവിധം കര്‍മങ്ങള്‍ക്ക് കരുത്തുപകരേണ്ടവരാണ് നാം. നമ്മുടെ ഒരു മയക്കം, ക്ഷീണം നവോത്ഥാനത്തിന്റെ വേഗതയും ആവേശവും തണുപ്പിക്കുന്നുവെങ്കില്‍ കാലം മാപ്പു നല്കില്ല. ഒരു വ്യക്തിയെ സജീവനാക്കുന്നത് ദൗത്യനിര്‍വഹണമാണെങ്കില്‍ ഒരു വ്യക്തി ഒരു ഘടകം നിര്‍ജീവമായതിന് ശിക്ഷയും നേരിടേണ്ടി വരും. ഉള്ളുണര്‍ത്തുന്ന ഭീതിയോടെ ഈ വചനം നാം ഗ്രഹിക്കുക. പ്രവാചകന്‍ പറഞ്ഞു: "അമാനത്ത് കൃത്യമായി നിര്‍വഹിക്കാത്തവന് ഈമാന്‍ ഇല്ല. ഏറ്റെടുത്ത കരാറുകള്‍ പാലിക്കാത്തവന് മതവുമില്ല." (അഹ്മദ്‌).

 From ശബാബ്‌ വാരിക