ഭയപ്പെടുക ശിർക്കിനെ

"മനുഷ്യരിൽ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌." [അദ്ധ്യായം 12 യൂസുഫ്‌ 106]

അല്ലാഹുവില്‍ വിശ്വസിക്കുന്നവരില്‍ തന്നെ അധികഭാഗം ആളുകളും – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – ശിര്‍ക്ക് പുലര്‍ത്തിപ്പോരുന്നവരാകുന്നു. അഥവാ ശിര്‍ക്കു കലരാത്ത ശുദ്ധമായ തൗഹീദില്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. അല്ലാഹുവല്ലാത്ത ഒരു വസ്തുവെയും ഒരു മുസ്‌ലിം പ്രത്യക്ഷത്തില്‍ ദൈവമായി അംഗീകരിക്കുകയില്ലെന്നുള്ളതു ശരിയാണെങ്കിലും അല്ലാഹുവിന്‍റെ അധികാരവകാശങ്ങളിലും ഗുണഗണങ്ങളിലും മറ്റുചിലരെ അവനോടു പങ്കുചേര്‍ക്കുന്നതില്‍ നിന്നു ഭൂരിഭാഗവും ഒഴിവല്ല എന്നുള്ളതാണു വാസ്തവം. അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കാതെ സൃഷ്ടികളുടെ പ്രീതിക്കും സല്‍പേരിനും വേണ്ടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക, അല്ലാഹുവല്ലാത്തവരുടെ നാമത്തില്‍ സത്യം ചെയ്യുക, അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി നേര്‍ച്ച നേരുക, പണ്ഡിത പുരോഹിതന്‍മാരുടെ നിയമങ്ങളെ അംഗീകൃത മതനിയമങ്ങളായി സ്വീകരിക്കുക, പുണ്യാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുക, മന്ത്രവാദങ്ങളും ഉറുക്കു കവചാദികളും ഉപയോഗപ്പെടുത്തുക, പ്രശ്നക്കാരെയും ഗണിതക്കാരെയും സമീപിക്കുക, കാര്യസാധ്യങ്ങള്‍ക്കായി മഹാന്മാരുടെ ഖബ്ര്‍ സ്ഥാനങ്ങളെ ആശ്രയിക്കുക മുതലായ പല കാര്യങ്ങളും ശിര്‍ക്കുകളില്‍പ്പെട്ടതാണെന്നു ഖുര്‍ആന്‍റെ അദ്ധ്യാപനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണല്ലോ. എന്നിട്ടും മുസ്‌ലിം സമുദായമദ്ധ്യേ ഇത്തരം കാര്യങ്ങള്‍ക്കുള്ള പ്രചാരവും സ്വീകരണവും എത്ര മാത്രമാണെന്നു ആരെയും പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അല്ലാഹുവില്‍ ശരണം! 

ഇമാം അഹ്മദ് (റ) അബൂമൂസല്‍ അശ്അരീ (അ) യില്‍നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നബി (സ്വ) ഒരു പ്രസംഗത്തില്‍ പറഞ്ഞു: "മനുഷ്യരേ, നിങ്ങള്‍ ഈ ശിര്‍ക്കിനെ സൂക്ഷിക്കുവിന്‍, കാരണം, അതു ഉറുമ്പു അരിച്ചു വരുന്നതിനെക്കാള്‍ ഗൂഢമായി വന്നു ചേരുന്നതാണ്." ഇതു കേട്ടപ്പോള്‍, ഒരാള്‍ ചോദിച്ചു: ‘അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ അതെങ്ങിനെ സൂക്ഷിക്കും?’ തിരുമേനി (സ്വ) പറഞ്ഞു: "നിങ്ങള്‍ ഇങ്ങിനെ പറയുവിന്‍ (പ്രാര്‍ത്ഥിക്കുവിന്‍): അല്ലാഹുവേ, ഞങ്ങള്‍ക്കു അറിയാവുന്ന വല്ലതിനെയും നിന്നോടു ഞങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെക്കുറിച്ചു ഞങ്ങള്‍ നിന്നോടു ശരണം തേടുന്നു. ഞങ്ങള്‍ക്കു അറിയാവതല്ലാത്തതിനെക്കുറിച്ചു ഞങ്ങള്‍ നിന്നോടു പൊറുക്കുവാനപേക്ഷിക്കുകയും ചെയ്യുന്നു.’ (اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ وَنَسْتَغْفِرُكَ لِمَا لَا نَعْلَمُ)". ഈ ഹദീസിലെ ഉള്ളടക്കം അഹ്മദ് (റ) മാത്രമല്ല, മറ്റു ചില ഹദീസു പണ്ഡിതന്‍മാരും വേറെ മാര്‍ഗ്ഗങ്ങളില്‍ കൂടി ഉദ്ധരിച്ചിട്ടുള്ളതാണ്. പ്രസ്തുത ചോദ്യകര്‍ത്താവു അബൂബക്കര്‍ (റ) ആയിരുന്നുവെന്നും അവയില്‍ ചിലതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വളരെ നിഗൂഢമായ മാര്‍ഗ്ഗങ്ങളില്‍ കൂടി മനുഷ്യന്‍ അറിയാതെത്തന്നെ ശിര്‍ക്ക് അവനില്‍ കടന്നു കൂടുമെന്നും, അതിനെക്കുറിച്ചു അവന്‍ സദാ ജാഗരൂകനായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നുമാണ് നബി (സ്വ) ഈ വചനം മൂലം മുസ്‌ലിംകളെ ഉല്‍ബോധിപ്പിക്കുന്നത്. 

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം