കീര്‍ത്തനകാവ്യങ്ങള്‍ ആരാധനയാകുമ്പോള്‍

നബിചര്യയില്‍ യാതൊരു സ്ഥാനവുമില്ലാത്ത റബീഉല്‍അവ്വല്‍ ആഘോഷത്തിന്‌ ന്യായീകരണമായി ചിലയാളുകള്‍ സാധാരണ പറഞ്ഞുവരാറുള്ള ഒരു കാര്യമാണ്‌, തങ്ങള്‍ നടത്തുന്നത്‌ മദ്‌ഹൂര്‍റസൂല്‍ ആണെന്ന്‌. എന്താണ്‌ മദ്‌ഹുര്‍റസൂല്‍? പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പറയുക എന്നര്‍ഥം. നബി(സ)യുടെ ജീവിതകാലം മുതല്‍ ഇന്നോളം ഇവ്വിഷയകമായി വിരചിതമായ കൃതികള്‍ക്ക്‌ കൈയും കണക്കുമുണ്ടാവില്ല.

തന്നെ പുകഴ്‌ത്തിപ്പറയുന്നത്‌ നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. മുഖസ്‌തുതിക്കാരെ അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്ത്‌ തന്നെ പ്രകീര്‍ത്തിച്ച്‌ ഗാനമാലപിച്ചതു പോലും നബി(സ) അംഗീകരിക്കുകയും ചെയ്‌തു. ത്വലഅല്‍ ബദ്‌റു, ബാനത്‌ സൂആദ്‌, ഹസ്സാന്‍(റ) കവിതകള്‍ തുടങ്ങിയവ ഉദാഹരണമാണ്‌. വസ്‌തുതകള്‍ക്കപ്പുറം പുകഴ്‌ത്തിയപ്പോള്‍ തത്സമയം തിരുത്തിയതും (വഫീനാ നബിയ്യുന്‍ യഅ്‌ലമു മാഫീ ഗദി) നാം കാണുകയുണ്ടായി.

പ്രവാചകനെ ഒരിക്കലും നിന്ദിക്കാനോ ഇകഴ്‌ത്താനോ പാടില്ല. പ്രവാചകന്റെ(സ) അനുപമവ്യക്തിത്വത്തില്‍ നിന്ന്‌ ഏതൊരേട്‌ ചീന്തിയെടുത്താലും അതെല്ലാം `മദ്‌ഹുകള്‍' മാത്രമായിരിക്കും. അത്‌ സ്‌മരിക്കുന്നതും പഠിക്കുന്നതും മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുകൊടുക്കുന്നതും പുണ്യകരമാണ്‌. പ്രവാചക വ്യക്തിത്വത്തെയോ ദിവ്യദൗത്യത്തെയോ അവമതിക്കുന്നവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ മഹോന്നത ഗുണങ്ങള്‍ പൊക്കിക്കാണിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു. ഹസ്സാന്റെ(റ) കവിതകള്‍ മുതല്‍ ഇങ്ങേയറ്റം ഡന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെ ലോകത്തുണ്ടായ മുസ്‌ലിം പ്രതികരണങ്ങള്‍ വരെ ആ മാര്‍ഗത്തിലുള്ള നീക്കങ്ങളത്രേ. അത്‌ ഗദ്യമോ പദ്യമോ കാര്‍ട്ടൂണോ ഏത്‌ മാധ്യമം ഉപയോഗിച്ചായാലും ശരി.

എന്നാല്‍ പ്രവാചക കീര്‍ത്തനങ്ങള്‍ പാടി നടക്കല്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു കര്‍മമാണോ? അപദാനങ്ങള്‍ പാടിപ്പറഞ്ഞ്‌ ഊരുചുറ്റുന്നത്‌ സ്‌നേഹപ്രകടനമാണോ? അഭിപ്രായ ഭിന്നതയാല്‍ മറുപക്ഷത്ത്‌ നില്‌ക്കുന്നവരെ പ്രകോപിപ്പിക്കുന്ന ശക്തിപ്രകടനങ്ങള്‍ മദ്‌ഹുര്‍റസൂല്‍ ആയിത്തീരുമോ? ഇത്യാദി കാര്യങ്ങള്‍ മുസ്‌ലിംസമൂഹം ഉറക്കെ ചിന്തിക്കണം.

സമാദരണീയരായ സ്വഹാബിമാര്‍ നബി(സ)യോടു കാണിച്ച സ്‌നേഹപ്രകടനത്തിന്‌ ചരിത്രത്തില്‍ തുല്യതയില്ല. സത്യമതത്തോടുള്ള അടങ്ങാത്ത പക നിമിത്തം ദൈവദൂതനെ സ്വന്തം നാട്ടില്‍ നിന്നു സ്വന്തക്കാരെന്നു പറയാവുന്നവര്‍ ആട്ടിയോടിച്ചുവെങ്കിലും ഒരു നാട്‌ ഒന്നടങ്കം സടകുടഞ്ഞെണീറ്റ്‌ ആ മഹാനുഭാവനെ സ്വീകരിച്ചാനയിച്ച്‌ `സ്വന്ത'മാക്കി. മദീന എന്നറിയപ്പെടുന്ന യഥ്‌രിബുകാര്‍ മുഹമ്മദ്‌ നബിയെ ഏതിരേറ്റത്‌ കീര്‍ത്തനഗാനങ്ങള്‍ (മദ്‌ഹൂര്‍റസൂല്‍) പാടിക്കൊണ്ടായിരുന്നു.

ത്വലഅല്‍ബദ്‌റു അലൈനാമിന്‍ ഥനിയ്യാത്തില്‍ വിദാഇ....
തന്നെ സ്‌തുതിച്ചുകൊണ്ട്‌ പാടിയ പാട്ടിനെയോ പാട്ടുപാടി സ്വീകരിച്ചതിനെയോ നബി(സ) എതിര്‍ത്തില്ല. എന്നാല്‍ ദൈവദൂതരില്‍ നിന്ന്‌ ദീന്‍ പഠിച്ച സ്വഹാബിമാര്‍ പിന്നീട്‌ എപ്പോഴെങ്കിലും ത്വലഅല്‍ബദ്‌റു നബികീര്‍ത്തനമായി ആലപിക്കുക പതിവാക്കിയിരുന്നുവോ? ഏതെങ്കിലും പ്രത്യേക ദിനത്തിലോ മാസത്തിലോ ഈ വരികള്‍ ആവര്‍ത്തിച്ചിരുന്നുവോ? ഹിജ്‌റയ്‌ക്ക്‌ വാര്‍ഷികം ഏര്‍പ്പെടുത്തിയോ? ഇല്ലെന്നാണ്‌ ചരിത്രത്തിന്റെ ഉത്തരം. കാരണം ആ സന്ദര്‍ഭത്തിലെ അനുമോദനമെന്നതിലുപരി നബിയോ സ്വഹാബിമാരോ അതിനെ കണ്ടില്ല. നബി(സ)യുടെ ജന്മദിനമാഘോഷിക്കുന്ന ചിലര്‍ ഇതു പാടിക്കേള്‍ക്കുന്നു!

സ്വദേഹങ്ങളെക്കാളും നബി(സ)ക്കുള്ള സംരക്ഷണം ഉറപ്പുവരുത്തിയ സ്വഹാബിമാര്‍ നബിക്കു നേരെ വന്ന വെട്ടുകള്‍ തടുത്തു. ചീറിവന്ന അമ്പുകള്‍ തടുത്തു. പരിച കൊണ്ടു മാത്രമല്ല, നബിക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്തുകൊണ്ട്‌. ജനമനസ്സുകളിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ ശക്തിയുള്ള കവിത പ്രവാചകനെതിരെ ആയുധമായി പ്രയോഗിക്കപ്പെട്ടപ്പോള്‍ അതേ ആയുധം കൊണ്ട്‌ തിരിച്ചടിച്ചു; സ്വഹാബിമാരിലെ സര്‍ഗപ്രതിഭകള്‍. ഹസ്സാന്‍(റ), അബ്‌ദുല്ലാഹിബ്‌നു റവാഹ(റ), കഅ്‌ബുബ്‌നു മാലിക്‌(റ) തുടങ്ങിയവര്‍ ഇസ്‌ലാമിനെയും പ്രവാചകരെയും പ്രതിരോധിച്ച ഗീതങ്ങള്‍ സ്വഹാബിമാര്‍ പുണ്യമായി ആലപിച്ചുവോ? നിത്യകീര്‍ത്തനങ്ങളില്‍ ആ കവിതകള്‍ ഉള്‍പെടുത്തിയോ? ഇല്ലെന്നാണ്‌ ചരിത്രത്തിന്റെ ഉത്തരം.

തന്റെ അതിശക്തമായ നാവുകൊണ്ട്‌ നിശിതമായ കവിതകള്‍ ആലപിച്ച്‌ നബിയെ നേര്‍ക്കുനേരെ ആക്രമിച്ച കഅ്‌ബുബ്‌നു സുഹൈര്‍ നബി(സ)യുടെ കോപത്തിനു വിധേയനായി. ഏറെക്കഴിഞ്ഞ്‌ താന്‍ ചെയ്‌ത പാതകത്തില്‍ പശ്ചാത്തപിച്ച്‌ പ്രവാചക സന്നിധിയില്‍ പ്രച്ഛന്നനായി പ്രവേശിച്ച്‌ ഏവരെയും ആശ്ചര്യപ്പെടുത്തിപ്പാടിയ മദ്‌ഹുര്‍റസൂല്‍ ആണ്‌ ബാനത്‌ സുആദ്‌. ഉപമകളും ഉല്‍പ്രേക്ഷകളും അലങ്കാരങ്ങളും നിറഞ്ഞ ആ മനോഹര സ്‌നേഹപ്രകടന കാവ്യം മസ്‌ജിദുന്നബവിയില്‍ തിരുസന്നിധിയില്‍ പിറന്നതാണ്‌. കഅ്‌ബിന്റെ മനംമാറ്റത്തില്‍ സന്തോഷിച്ചുകൊണ്ടും അനുചരര്‍ക്കിടയില്‍ കഅ്‌ബിന്‌ സംരക്ഷണം നല്‌കിക്കൊണ്ടും പ്രവാചകന്‍ തന്റെ ഉത്തരീയം അദ്ദേഹത്തിന്‌ സമ്മാനിച്ചു. ഈ മഹോന്നത മദ്‌ഹ്‌ കാവ്യം കീര്‍ത്തനമായി പാടണമെന്ന്‌ സ്വഹാബിമാര്‍ നിശ്ചയിച്ചുവോ? ബാനത്‌ സുആദിന്‌ പുണ്യം കല്‌പിക്കപ്പെട്ടുവോ? ഇല്ലെന്നല്ലേ ചരിത്രം പറയുന്നത്‌!

പ്രവാചകനെ മദ്‌ഹ്‌ ചെയ്യുക (വാഴ്‌ത്തുക) എന്നത്‌ സന്ദര്‍ഭോചിതം ചെയ്യേണ്ട കാര്യമാണ്‌. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ പോലെയോ ഹരിനാമകീര്‍ത്തനം പോലെയോ മുസ്‌ലിംകള്‍ ആചാരമോ ആഘോഷമോ ആയി നടത്തേണ്ട ഒരു കാര്യമല്ല `മദ്‌ഹുര്‍റസൂല്‍' എന്നാണ്‌ മുകളില്‍ പറഞ്ഞ ചരിത്രസംഭവങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. എന്നാല്‍ നിത്യജീവിതത്തിന്റെ ഭാഗമായി നിര്‍വഹിക്കേണ്ടതോ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതോ ആയ സ്‌തോത്രകീര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കുണ്ട്‌. അത്‌ നബികീര്‍ത്തനമല്ല. നബി(സ) പഠിപ്പിച്ചുതന്ന കീര്‍ത്തനങ്ങളാണ്‌. ദിക്‌റുകളും ദുആകളുമാണ്‌. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക, അവനോട്‌ പ്രാര്‍ഥിക്കുക, റസൂലിനു വേണ്ടി പ്രാര്‍ഥിക്കുക (സ്വലാത്തും സലാമും) മുതലായവ നബിചര്യയനുസരിച്ച്‌ ചെയ്യുകയാണ്‌ വേണ്ടത്‌.

മദ്‌ഹ്‌കാവ്യങ്ങള്‍ (നബിയെപ്പറ്റി) എതു ഭാഷയിലും ഏതു കാലത്തും ഉണ്ടായിട്ടുണ്ട്‌. നമ്മുടെ മലയാളത്തിലും സുലഭമാണ്‌. എന്നാല്‍ ഭൗതികമായ ഏതെങ്കിലും വിഷയത്തില്‍ വര്‍ണന നടത്തുന്നതു പോലെ കവിഭാവന സൈ്വരവിഹാരം നടത്താവുന്ന മേഖലയല്ല ദീന്‍. അതിന്റെ അതിര്‍വരമ്പുകള്‍ പാലിക്കുമ്പോള്‍ ഭാവനകള്‍ക്ക്‌ നിയന്ത്രണം വേണ്ടിവരും. സര്‍ഗധനനായ ലബീദുബ്‌നു അബീറബീഅ എന്ന പ്രാചീന അറബിക്കവി ഇസ്‌ലാം സ്വീകരിച്ചതോടെ അദ്ദേഹത്തിലെ കവിത്വം നിഷ്‌പ്രഭമാകുകയായിരുന്നു. സ്വഹാബിമാരായ കവികള്‍ ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്നുകൊണ്ട്‌ പാടി. തെറ്റു കണ്ടപ്പോള്‍ നബി(സ) തത്‌സമയം തിരുത്തി.
ഒരിക്കല്‍ ചില പെണ്‍കുട്ടികള്‍ അവരുടെ പിതാക്കളുടെ മഹത്വം വര്‍ണിച്ച്‌ പാട്ടുപാടുകയായിരുന്നു. അവിടേക്ക്‌ നബി(സ) കടന്നുവന്നു. അവര്‍ പാട്ടു നബിയെപ്പറ്റിയാക്കി. അവര്‍ പാടി: `വഫീനാ നബിയുന്‍, യഅ്‌ലമു മാഫീഗദി'

``നാളെ എന്തു സംഭവിക്കുമെന്നറിയാവുന്ന നബി ഞങ്ങള്‍ക്കിടയിലുണ്ട്‌.'' ഇത്‌ അതിരുവിട്ട വര്‍ണനയായിരുന്നു. നബിക്ക്‌ അദൃശ്യജ്ഞാനമുണ്ട്‌ എന്ന വിശ്വാസം തെറ്റാണ്‌. നബി ആ പാട്ടു വിലക്കി. നിങ്ങള്‍ ആദ്യത്തെ പാട്ടുകള്‍ തന്നെ പാടിക്കൊള്ളൂ എന്നു പറഞ്ഞു.
നബി(സ) കവിതകള്‍ പാടിയിരുന്നു, ആസ്വദിച്ചിരുന്നു, കവികളെ അംഗീകരിച്ചിരുന്നു. തന്നെ സ്‌തുതിച്ചു പാടിയതും അംഗീകരിച്ചു. ആവശ്യമില്ലാത്തത്‌ തിരുത്തി. എന്നാല്‍ ഇതറിയാത്തവരോ ശ്രദ്ധവിട്ടുപോയവരോ ആയവര്‍ നബിയെ പറ്റി പാടിയപ്പോള്‍ തെറ്റും ശരിയുമുണ്ടായി. ത്യാജ്യഗ്രാഹ്യ ബുദ്ധിയില്ലാതെ എല്ലാം എടുക്കുന്നവര്‍ക്ക്‌ അബദ്ധവും പിണയും. കേരളത്തില്‍ മദ്‌ഹുര്‍റസൂല്‍ ആചരിക്കുന്നവര്‍ക്കു പറ്റിയത്‌ ഈ അബദ്ധമാണ്‌. നബിചര്യയെ സ്‌നേഹിക്കുന്നവര്‍ ഇതാണ്‌ പറഞ്ഞത്‌. നബിയെ പുകഴ്‌ത്തരുതെന്നല്ല, മദ്‌ഹുര്‍റസൂല്‍ ആചാരമോ ആഘോഷമോ ആക്കരുത്‌. അത്‌ ബിദ്‌അത്താണ്‌. എന്നാല്‍ പ്രവാചകന്റെ മഹദ്‌വ്യക്തിത്വം ഉയര്‍ത്തിപ്പിടക്കാന്‍ മുന്നില്‍ നില്‌ക്കണം.

കേരള മുസ്‌ലിംകള്‍ പുണ്യകരമായ കര്‍മം എന്ന നിലയില്‍ പാടുന്ന മൗലൂദ്‌ ശരിയല്ല എന്ന്‌ സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍ പറയാന്‍ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌, ഇങ്ങനെ ഒരു പുണ്യം നബി(സ) പഠിപ്പിച്ചിട്ടില്ല. രണ്ട്‌, അതില്‍ നബി വര്‍ണന അതിരുവിടുന്നു. ഉദാഹരണത്തിന്‌ ഒന്ന്‌ മാത്രം പറയട്ടെ:

ഇര്‍തകബ്‌തു അലല്‍ ഖത്വാ ഗൈറ ഹസ്‌രിന്‍ വഅദദ്‌ലക അശ്‌കൂ ഫീഹി യാ സയ്യിദീ ഖൈറന്നബി


പാപമോചനത്തിന്‌ നബിയോട്‌ തേടുകയാണ്‌ ഈ വരികള്‍. അല്ലാഹുവിന്‌ മാത്രമുള്ള അധികാരമാണ്‌ പാപം പൊറുക്കുക എന്നത്‌. അത്‌ പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ ശിര്‍ക്കായിത്തീരുന്നു. ഈ കീര്‍ത്തനകര്‍ത്താവിനെ ആരെങ്കിലും അത്‌ ബോധ്യപ്പെടുത്തിയോ എന്ന്‌ നമുക്കറിയില്ല. ഇത്തരം വരികള്‍ പാടാനേ പറ്റില്ല. ആചാരമാക്കല്‍ പിന്നെയല്ലേ? `പുരുഷാകൃതി പൂണ്ട ദൈവമോ' എന്ന്‌ ശ്രീനാരായണ ഗുരു പാടിയതും മുഹമ്മദ്‌ നബിയുടെ മഹത്വം വര്‍ണിച്ചുകൊണ്ടായിരുന്നു. എത്ര മനോഹര കാവ്യമാണെങ്കിലും വിശ്വാസത്തിനു വിരുദ്ധമായാല്‍ അത്‌ മുസ്‌ലിമിന്നു സ്വീകാര്യമല്ല. ക്രൈസ്‌തവര്‍ യേശു ദൈവപുത്രനാണ്‌ എന്ന്‌ പറഞ്ഞതും മദ്‌ഹ്‌ തന്നെയായിരുന്നു.

പില്‌ക്കാലക്കാരില്‍ പ്രവാചക സ്‌നേഹ കാവ്യങ്ങള്‍ രചിച്ച ഒരാളാണ്‌ ബുസൂരി. അദ്ദേഹത്തിന്റെ ഖസീദത്തുല്‍ ബുര്‍ദ കേരളക്കരയിലെ മതപ്രഭാഷണ വേദികളില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിന്റെ ചരിത്രപശ്ചാത്തലം ഈ ലേഖകനറിയില്ല. ബുര്‍ദ വളരെ മനോഹരമായ ഒരു കാവ്യമാണ്‌. യൂണിവേഴ്‌സിറ്റികള്‍ പാഠപുസ്‌തകമായി അംഗീകരിക്കാന്‍ മാത്രം സാഹിത്യമേന്മ അതിനുണ്ട്‌. എന്നാല്‍ സ്‌നേഹാതിരേകത്താല്‍ അദ്ദേഹത്തിന്റെ വര്‍ണന ചില സ്ഥലങ്ങളില്‍ അതിരുവിടുന്നു. പ്രേമകാവ്യത്തിന്റെ മാതൃകയില്‍ തുടങ്ങിയ ബുര്‍ദ നബിയെപ്പറ്റി നിരവധി മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്‌. അതേസമയം ഈ വരികള്‍ നോക്കൂ:

യാ അക്‌റമല്‍ ഖല്‍ക്വി മാലീമന്‍ അലൂദുബിഹി
സിവാക ഇന്‍ദ ഹുദൂസില്‍ ഹാദിസില്‍ ഇമമി

``സൃഷ്‌ടികളില്‍ ഉത്തമനേ, വ്യാപകമായ വിപത്തുകള്‍ വന്നു ഭവിക്കുമ്പോള്‍ അങ്ങല്ലാതെ ആരുണ്ടെനിക്ക്‌ അഭയമായി!'' വിപത്തുകളില്‍ നിന്ന്‌ രക്ഷ തേടേണ്ടത്‌ അല്ലാഹുവിനോടു മാത്രമാണ്‌. ആ അധികാരം പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ അത്‌ ശിര്‍ക്കായിത്തീരുന്നു.

കാവ്യങ്ങളെ കാവ്യങ്ങളായി കാണാനും ആസ്വദിക്കാനും അവയിലെ സ്‌ഖലിതങ്ങള്‍ തിരിച്ചറിഞ്ഞ്‌ ത്യജിക്കാനും സാധിക്കുക എന്നതാണ്‌ മുസ്‌ലിമിന്റെ മാര്‍ഗം. പ്രവാചകനു ശേഷം ആരുണ്ടാക്കിയ ഗദ്യപദ്യങ്ങള്‍ക്കും വര്‍ണനകള്‍ക്കും ഒരു വ്യക്തിയുടെ രചന എന്നതിലപ്പുറം പ്രാധാന്യം കല്‌പിക്കാന്‍ പാടില്ല എന്നതാണ്‌ മിതമായ സമീപനം. സര്‍ഗാത്മക ആവിഷ്‌കാരം ആത്മനിര്‍വൃതിക്കു വേണ്ടിയാണ്‌. ഒരാള്‍ തന്റെ കവിത്വം പ്രവാചസ്‌നേഹ പ്രകടനത്തിന്‌ വിനിയോഗിക്കുമ്പോള്‍ അത്‌ പുണ്യമായിത്തീരുന്നു. എന്നാല്‍ അതെടുത്ത്‌ ആചാരങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ സ്ഥാപിത താല്‌പര്യക്കാരാണ്‌. മൗലൂദ്‌ ഉള്‍പ്പെടെ ആചാരങ്ങളെല്ലാം സമുദായത്തിലേക്ക്‌ കടന്നുവന്നതിങ്ങനെയാണ്‌.

സ്‌നേഹകാവ്യമെന്ന നിലയില്‍ മലയാളത്തില്‍ വിരചിതമായ കാവ്യങ്ങള്‍ നിരവധിയുണ്ട്‌. മഹാകവി വള്ളത്തോളിന്റെ അല്ലാഹ്‌ (സാഹിത്യ മഞ്‌ജരി) പ്രവാചകജീവിതത്തിലെ വിശ്വാസ ദൃഢതയുടെ ഒരു മുഹൂര്‍ത്തം മലയാളിക്ക്‌ സമര്‍പ്പിക്കുകയാണ്‌. മഹാകവി സെയ്‌ദ്‌ മുഹമ്മദിന്റെ മാഹമ്മദം മലയാളത്തില്‍ അറിയപ്പെടാതെ പോയ ഒരു മഹാ കാവ്യമാണ്‌. പ്രവാചക ചരിത്രമാണ്‌ വിഷയം. നബിപദ്യം മണിപ്രവാളം എന്ന കാവ്യവും അതിമനോഹരമായ നബികീര്‍ത്തനമാണ്‌. ഇത്തരം കൃതികളെക്കാള്‍ യാതൊരു മഹത്വവും മൗലൂദിനോ ബുര്‍ദയ്‌ക്കോ ഇല്ല എന്ന തിരിച്ചറിവാണ്‌ ആദ്യം വേണ്ടത്‌. അല്ലാഹുവിന്റെ വചനങ്ങളോ നബിവചനങ്ങളോ അല്ലാത്ത ഏതു കൃതികള്‍ക്കും ഭാഷ്യങ്ങള്‍ക്കും മനുഷ്യരചനയുടെ പരിഗണന മാത്രമേ ഉള്ളൂ. അവയൊന്നും ആചാരമോ സുന്നത്തോ ആയി ഗണിച്ചുകൂടാ. മലയാളിയായ എഴുത്തച്ഛന്‍ രചിച്ച ആധ്യാത്മ രാമായണം വേദഗ്രന്ഥമായി കാണുന്ന സമൂഹം ഇവിടെയുണ്ട്‌. കവികളുടെ രചനകള്‍ കീര്‍ത്തനമായി ആചരിക്കുന്ന മുസ്‌ലിംകളും ചെയ്യുന്നത്‌ അതുതന്നെയല്ലേ?!

ഖാദി മുഹമ്മദ്‌ രചിച്ച മുഹ്‌യിദീന്‍ മാലയെ (കീര്‍ത്തനകാവ്യം) നബിചര്യയനുസരിച്ചു ജീവിക്കണമെന്നു പറയുന്നവ ര്‍ എതിര്‍ത്തത്‌ ഇതേ കാരണത്താല്‍ തന്നെ. ഒന്ന്‌: മനുഷ്യകൃതി ആചാരമായി കാണാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. രണ്ട്‌: മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന മനുഷ്യനെ `ദൈവതുല്യം' വര്‍ണിച്ച അതിലെ ആശയപ്പിശക്‌. അതേസമയം അറബി മലയാള സാഹിത്യത്തിലെ ഒരു നിലവാരമുള്ള കൃതി എന്ന നിലയില്‍ അതിന്റെ സ്ഥാനവും സാഹിത്യമൂല്യവും നാം നിരാകരിക്കുന്നില്ല. ആ അര്‍ഥത്തിലാണ്‌ ബുര്‍ദ പാഠപുസ്‌തകമാക്കിയതും. മലയാളം ക്ലാസില്‍ രാമായണം പഠിപ്പിക്കുന്നതും ഈ കാഴ്‌ചപ്പാടില്‍ തന്നെ. മദ്‌ഹുര്‍റസൂല്‍ എന്ന ആശയവും ഇന്നത്തെ മൗലൂദ്‌ പാരായണവും അപഗ്രഥിച്ചാല്‍ കിട്ടുന്ന ഉത്തരവും ഇതുതന്നെ.

നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ നടക്കുന്നത്‌ നബിയോടുള്ള സ്‌നേഹപ്രകടനമല്ല. ചിലര്‍ക്ക്‌ ശക്തിപ്രകടനം, ചിലര്‍ക്ക്‌ രോഷപ്രകടനം, ചിലര്‍ക്കെങ്കിലും സാന്നിധ്യപ്രകടനം. ഭക്തിയില്‍ നിന്നുടലെടുക്കുന്ന പ്രവാചക സ്‌നേഹം പ്രകടനപരമല്ല എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി from shabab