ഖുര്‍ആന്‍കൊണ്ട് സന്തോഷിക്കുക

രണ്ടു ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുക :

"മനുഷ്യരെ!, നിങ്ങള്‍ക്കിതാ നിങ്ങളുടെ നാഥനില്‍ നിന്ന് സാരോപദേശവും നിങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ള ശമനൌഷധവും വന്നുലഭിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവുമാണത്. പറയുക : അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും മൂലമാണ് അവര്‍ക്കത്‌ ലഭിച്ചത്. അതിനാലവര്‍ സന്തോഷിച്ചുകൊള്ളട്ടെ." [ഖുര്‍ആന്‍ 10 :57 ,58].

വിവിധങ്ങളായ അനുഗ്രഹങ്ങള്‍ നമുക്കനുഭവപ്പെടുന്നു. നാം സന്തോഷിക്കുന്നു. ആഹ്ലാദിക്കുന്നു. അതിലാനന്ദം കണ്ടെത്തുന്നു. നേട്ടങ്ങള്‍ കൈവരുമ്പോള്‍ , രോഗമുക്തി വരുമ്പോള്‍ , വിജയവാര്‍ത്ത അറിയുമ്പോള്‍ , വിവാഹവേളകള്‍ , ആഘോഷ വേളകള്‍ അങ്ങനെ പലതുകൊണ്ടും.സന്തോഷത്തിന്റെ ഏതാവസരവും നാം നഷ്ട്ടപ്പെടുത്താറില്ല. പരമാവധി ഉത്സാഹത്തോടെ നാമതിനെ വരവേല്‍ക്കുന്നു. തികഞ്ഞ ആഹ്ലാദത്തോടെ നാമതിനെ സ്വീകരിക്കുന്നു. അല്ലാഹുവിനു നന്ദി പറയുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞ സൂക്തങ്ങള്‍ വഴി നാമനുഭവിക്കേണ്ട സന്തോഷം നമുക്കനുഭവപ്പെട്ടുവോ? പരിശുദ്ധ ഖുര്‍ആന്‍ വഴി നമുക്കനുഭവപ്പെടേണ്ട ആനന്ദമാണത്‌; നമ്മുടെ നാഥന്റെ ഉപദേശം കേള്‍ക്കുകവഴി, നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ശമനശാന്തി വഴി, നമുക്കുള്ള കാരുണ്യവും സന്മാര്‍ഗവും വഴി, സര്‍വോപരി സകല സമ്പാദ്യങ്ങളെക്കാളും ഉത്തമമായ സമ്പാദ്യം വഴി. ഇതിലൂടെ കൈവരുന്ന ആനന്ദാനുഭൂതി അര്‍ഥസമ്പൂര്‍ണ്ണമാണ്‌. അതിനെ കണ്ടെത്തുന്ന മനസ്സുകള്‍ ജ്നാനാസ്വാദനത്തിന്റെ പാരമ്യത അനുഭവിക്കും. ഇത്തരത്തില്‍ അനുഭവപ്പെടുന്ന ആഹ്ലാദതലം സകല സമ്പാദ്യങ്ങളെക്കാളും ഉത്തമമത്രെ.

ഇതിനെ പ്രബലപ്പെടുത്തുന്ന ഒരു നബി വചനം ഇപ്രകാരമാണ് : "നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക. തീച്ചയായും ഈ ഖുര്‍ആനിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലാകുന്നു. മറ്റേയറ്റം നിങ്ങളുടെ കൈകളിലുമാണ്‌. നിങ്ങളതിനെ മുറുകെപിടിക്കുക. നിങ്ങള്‍ വഴിപിഴച്ചു പോവുകയില്ല." [ത്വബ്റാനി]

ഖുര്‍ആനിനെ മുറുകെ പിടിക്കുകവഴി, അതിനെ പഠിക്കുകവഴി, ആനന്ദാനുഭൂതി അനുഭവിക്കുവാന്‍ പരമകാരുണികന്‍ നമ്മെ അനുഗ്രഹിക്കട്ടെ. അവന്റെ ഔദാര്യവും കാരുണ്യവും നല്‍കി അവന്‍ നമ്മെ ഇഹത്തിലും പരത്തിലും സന്തോഷിപ്പിക്കുമാറാകട്ടെ.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക്‌ ഹൌസ്