ശിക്ഷ, ശിക്ഷണം, പ്രചോദനം

ശിക്ഷണത്തോടൊപ്പം ഒഴിച്ചുകൂടാത്ത ഒരു കാര്യമായിട്ടാണ്‌ ശിക്ഷയെ ഒരു കാലത്ത്‌ ഗുരുജനങ്ങള്‍ പരിഗണിച്ചിരുന്നത്‌. ശിക്ഷിച്ചു വളര്‍ത്തിയാലേ കുട്ടികള്‍ നന്നാകൂ എന്ന ധാരണ രക്ഷിതാക്കള്‍ക്കിടയിലും പ്രബലമായിരുന്നു. ദുശ്ശീലങ്ങള്‍ മാറ്റാനും അച്ചടക്കം വളര്‍ത്താനും ശിക്ഷ ഒരളവോളം അനുപേക്ഷ്യമാണെന്നു തന്നെയാണ്‌ കാര്യബോധമുള്ള പലരും ഇപ്പോഴും കരുതുന്നത്‌. എന്നാല്‍ അറിവ്‌ പകര്‍ന്ന്‌ നല്‍കുക എന്ന ശ്രേഷ്‌ഠമായ സേവനത്തെ ശിക്ഷകൊണ്ട്‌ നൊമ്പരവും വിഷാദവും കലര്‍ന്നതാക്കണമോ എന്ന പ്രശ്‌നം ലോലമായ ബാലമനസ്സുകളോട്‌ സഹാനുഭാവമുള്ളവരൊക്കെ സജീവ ചര്‍ച്ചയാക്കേണ്ടതുണ്ടെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌.

കളിക്കാനും ഉല്ലസിക്കാനുമുള്ള ത്വര കുട്ടിത്തത്തിന്റെ കൂടപ്പിറപ്പാണ്‌. കുട്ടികളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ വികാസം കളികളിലൂടെ നടക്കണമെന്നാണ്‌ കരുണാവാരിധിയും സ്‌നേഹനിധിയുമായ ലോകരക്ഷിതാവിന്റെ പദ്ധതി. കൂട്ടുകാരുമായുള്ള സല്ലാപങ്ങളിലൂടെയാണ്‌ അവരുടെ സ്വഭാവവും പെരുമാറ്റവും വികാസോന്മുഖമാകേണ്ടത്‌. അതിനാല്‍ കുട്ടികള്‍ കളിക്കുന്നതും ചിരിക്കുന്നതും കലപിലകൂട്ടുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി ഗണിക്കാവുന്നതല്ല. എന്നാല്‍ കുട്ടിത്തത്തിന്റെ മധുരസ്‌മൃതികള്‍ അയവിറക്കാനില്ലാത്തവരോ അതൊക്കെ മറന്നുകളഞ്ഞവരോ ആയ ചില അധ്യാപകര്‍ കുട്ടികളുടെ കളിയും വിനോദവുമൊക്കെ അടിച്ചമര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്‌. ചിലര്‍ സ്വന്തം ബലഹീനതകളെ മറികടക്കാനും വടിയെ ഒരു ഉപകരണമാക്കുന്നു.

കുട്ടികളെ കളിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌തതു കൊണ്ട്‌ മാത്രം അവരുടെ അറിവ്‌ വികസിപ്പിക്കാന്‍ കഴിയുമോ എന്ന്‌ പലര്‍ക്കും സ്വാഭാവികമായി സംശയം തോന്നാം. കുട്ടികളുടെയൊക്കെ മുഖത്ത്‌ ഗൗരവം പടര്‍ത്തിയിട്ടും അവരെ പഠനോത്സുകരാക്കി മാറ്റാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണ്‌ ഈ സംശയം തീരാന്‍ ഒന്നാമതായി വേണ്ടത്‌. കുട്ടികളെ ചിരിപ്പിച്ചും രസിപ്പിച്ചും അവരോട്‌ കലവറയില്ലാത്ത സ്‌നേഹം പ്രകടിപ്പിച്ചും അവരുടെ കൗതുകമുണര്‍ത്തിയും അവരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ്‌ ഒരധ്യാപകന്‍ അവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുകൊടുക്കുന്നതെങ്കില്‍ ഏറെ ഔത്സുക്യത്തോടെ അവരത്‌ പഠിക്കും. ചൂരല്‍കഷായം കൊടുക്കാതെ തന്നെ അവരുടെ ജിജ്ഞാസയുണരും.

ബാലമനസ്സുകളെ സന്തോഷഭരിതമാക്കി ജ്ഞാനോദ്ദീപനം നടത്തുന്ന രീതി ആധുനിക വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാര്‍ഥികളുടെ മനസ്സ്‌ വായിക്കാന്‍ കഴിയാത്ത ചില അധ്യാപകര്‍ മാത്രമാണ്‌ ഇപ്പോള്‍ സ്‌കൂളുകളില്‍ ദണ്ഡനമുറകള്‍ തുടരുന്നത്‌. എന്നാല്‍ മദ്‌റസകളിലും യതീംഖാനകളിലും മറ്റു ചില മതപാഠശാലകളിലും അടിച്ചും ഇടിച്ചും പിച്ചിയും നുള്ളിയും വിവരം തലയില്‍ കയറ്റുന്ന രീതിയില്‍ നിന്ന്‌ മാറാന്‍ പല അധ്യാപകരും കൂട്ടാക്കുന്നില്ല. മതപാഠങ്ങളൊക്കെ ഗൗരവമുള്ള വിഷയങ്ങളായിരിക്കെ രസകരമായി പഠിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്നാണ്‌ പലരും ചിന്തിക്കുന്നത്‌. വളരെക്കുറച്ച്‌ സമയം മാത്രമേ മദ്‌റസയില്‍ കുട്ടികളെ കിട്ടുന്നുള്ളൂ എന്നതിനാല്‍ കളിതമാശകള്‍ക്കൊന്നും സമയം കളയാതെ പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ത്തേ പറ്റൂ എന്ന്‌ കരുതുന്നവരും ഉണ്ട്‌. എന്നാല്‍, പാഠങ്ങളിലൊന്നും കുട്ടികളുടെ ശ്രദ്ധ പതിയുന്നില്ലെങ്കില്‍, അതൊന്നും അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ലെങ്കില്‍, ആ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ പ്രചോദിതരാകുന്നില്ലെങ്കില്‍ പഠിപ്പിച്ചു തീര്‍ക്കുക എന്ന യാന്ത്രിക പ്രവര്‍ത്തനം കൊണ്ട്‌ എന്താണ്‌ പ്രയോജനം?

കളിപ്പിക്കാതെ, രസിപ്പിക്കാതെ പഠിപ്പിക്കുന്ന വിഷയങ്ങളും ചില കുട്ടികള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടല്ലോ എന്നായിരിക്കും ചിലര്‍ക്ക്‌ പറയാനുണ്ടാവുക. അത്‌ ഒട്ടൊക്കെ ശരി തന്നെയാണ്‌. ചില കുട്ടികള്‍ സ്വതവെ തന്നെ ജിജ്ഞാസയും പഠിക്കാന്‍ ഉത്സാഹവും ഉള്ളവരായിരിക്കും. അവരെ പഠിപ്പിക്കാന്‍ ഒട്ടും പ്രയാസമുണ്ടാവുകയില്ല. പക്ഷെ, ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അത്തരക്കാരല്ല. അവരെ മതപാഠങ്ങളോട്‌ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയാണ്‌ പ്രധാനം. അത്‌ അല്‍പസ്വല്‌പം പ്രയാസമുള്ള കാര്യവുമാണ്‌. ബാലമനസ്സുകളോട്‌ സമുചിതമായ രീതിയില്‍ സംവദിച്ചുകൊണ്ട്‌ ആ ദൗത്യം നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വിജയകരമായ മാര്‍ഗം അധ്യയനം ഒരു രസകരമായ അനുഭവമാക്കിത്തീര്‍ക്കുക എന്നതു തന്നെയാണ്‌. ബുദ്ധിയും ഭാവനയുമുള്ള, പരിശീലനം ലഭിച്ച അധ്യാപകര്‍ക്കേ ഈ രംഗത്ത്‌ വിജയിക്കാനാകൂ.

ശിക്ഷ കുറ്റവാളികളെ തിരുത്താനും മെരുക്കാനും സംസ്‌കരിക്കാനും അവരെക്കൊണ്ടുള്ള ശല്യത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കാനും വേണ്ടിയുള്ളതാണ്‌. കുട്ടിത്തത്തിന്റെ ചൈതന്യം ചാലിട്ടൊഴുകുന്ന കുസൃതികള്‍ കുറ്റകൃത്യങ്ങളല്ല. ഓര്‍മക്കുറവോ അശ്രദ്ധയോ സംഭവിച്ചുപോകുന്നതിന്റെ പേരില്‍ പഠിതാക്കളെ കുറ്റവാളികളായി ഗണിക്കാവുന്നതുമല്ല. പിന്നെ നോക്കാനുള്ളത്‌ കുട്ടികള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിന്‌ ശാരീരികമോ മാനസികമോ പാരിസ്ഥിതികമോ മറ്റോ ആയ വല്ല കാരണവും ഉണ്ടോ എന്നാണ്‌. കേള്‍വിക്കുറവ്‌ നിമിത്തം അധ്യാപകര്‍ പറയുന്നത്‌ മുഴുവന്‍ കേട്ടുമനസ്സിലാക്കാത്ത ചില കുട്ടികളുണ്ടാകാം. ബധിരത അത്ര പ്രകടമല്ലാത്തതുകൊണ്ട്‌ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയില്‍ പെടാത്തതാകാം. ചില കുട്ടികളുടെ പ്രശ്‌നം മുന്‍ ബെഞ്ചില്‍ ഇരിന്നതുകൊണ്ട്‌ മാത്രം പരിഹരിക്കാവുന്നതായിരിക്കും. ബോര്‍ഡില്‍ അല്‌പം ചെറിയ അക്ഷരത്തില്‍ എഴുതുന്നത്‌ വായിക്കാന്‍ പ്രയാസമുള്ള വിദ്യാര്‍ഥികളുടെ കാര്യവും ഈ വിധത്തില്‍ തന്നെ പരിഹരിക്കാം. അതിലും കൂടിയ വൈകല്യമുണ്ടെങ്കില്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ ലഭ്യമാക്കണം. ഇത്തരം കുട്ടികളെ അശ്രദ്ധയുടെ പേരില്‍ ശിക്ഷിക്കുന്നത്‌ ഒട്ടും ഗുണം ചെയ്യില്ലെന്ന്‌ മാത്രമല്ല, അവരുടെ വ്യക്തിത്വ വികസനത്തെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

രക്ഷിതാക്കളുടെ നയവൈകല്യങ്ങള്‍ കൊണ്ടോ കുടുംബഛിദ്രത്തിന്റെ ഫലമായോ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസക്കുറവ്‌, അശുഭചിന്തകള്‍, മനസ്സാന്നിധ്യമില്ലായ്‌മ തുടങ്ങിയ മനോദൗര്‍ബല്യങ്ങളുണ്ടാകാം. സംസാരത്തിലോ പെരുമാറ്റത്തിലോ ശ്രദ്ധിക്കപ്പെടാവുന്ന അപാകതകള്‍ ഇല്ലെങ്കിലും പഠനത്തിന്റെ കാര്യക്ഷമതയെ ഇത്തരം ദൗര്‍ബല്യങ്ങള്‍ ബാധിക്കാനിടയുണ്ട്‌. പഠനത്തിലെ ശ്രദ്ധക്കുറവിന്റെ പേരില്‍ ഇത്തരം കുട്ടികളെ ശിക്ഷിക്കുന്നതു കൊണ്ട്‌ വിപരീത ഫലമേ ഉണ്ടാകൂ. മനോഘടന ക്രമപ്രവൃദ്ധമായി കെട്ടുറപ്പുള്ളതാക്കി മാറ്റാന്‍ ഉപകരിക്കുന്ന കൗണ്‍സലിംഗാണ്‌ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്‌. മനോവൈകല്യങ്ങളൊക്കെ പ്രഹരംകൊണ്ട്‌ പരിഹരിക്കാമെന്ന മൂഢവിശ്വാസം വിവേകമുള്ളവരൊക്കെ കയ്യൊഴിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. മതാധ്യാപകര്‍ കാലികമായ അവബോധത്തില്‍ ഏറെ പിന്നാക്കമായിക്കൂടാ.

കൊടുങ്കാറ്റും ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ കുട്ടികളുടെ മാനസിക ഭദ്രതയെ ഗുരുതരമായി ബാധിക്കുന്ന കാര്യം പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. പരിസര മലിനീകരണവും ശബ്‌ദകോലാഹലങ്ങളും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്‌. പാരിസ്ഥിതിക സന്തുലനം നഷ്‌ടപ്പെട്ട പരിസരങ്ങളില്‍ മതവിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളും ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനും ഓര്‍മിക്കാനുമുള്ള കുട്ടികളുടെ ശേഷിയെ ഏറെ ബാധിക്കാനിടയുണ്ട്‌. ശിക്ഷകൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്‌.

ചിന്തിക്കാനും ഓര്‍മിക്കാനുമുള്ള കഴിവ്‌ പടിപടിയായി വികസിപ്പിക്കുക എന്നത്‌ ഏതുതരം വിദ്യാഭ്യാസത്തിലും പ്രധാനമാണെങ്കിലും മതവിദ്യാഭ്യാസത്തില്‍ അതിനേക്കാള്‍ ഊന്നല്‍ നല്‍കേണ്ടത്‌ നല്ല ആശയങ്ങളോടും നല്ല വര്‍ത്തനരീതികളോടും കുട്ടികളുടെ മനസ്സില്‍ ആഭിമുഖ്യമുണ്ടാക്കുന്നതിനാണ്‌. നമസ്‌കാരത്തിന്റെ ശര്‍ത്വുകളും ഫര്‍ദ്വുകളും മതവിദ്യാര്‍ഥികള്‍ ഹൃദിസ്ഥമാക്കുന്നത്‌ അപ്രധാനമല്ല. എന്നാല്‍ മുറപ്രകാരം പതിവായി നമസ്‌കരിക്കാനുള്ള താല്‌പര്യമുണ്ടായാലേ നമസ്‌കാരത്തിന്റെ രൂപഭാവങ്ങളെ സംബന്ധിച്ച അറിവ്‌ പ്രയോജനപ്പെടുകയുള്ളൂ. മതവിജ്ഞാനം പല അളവില്‍ ആര്‍ജിച്ചിട്ടും ശരിയായ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ താല്‌പര്യം കാണിക്കാത്ത ധാരാളമാളുകളുണ്ട്‌. മതാധ്യാപനരീതി ഇളംമനസ്സുകളില്‍ പ്രചോദനമുണര്‍ത്തുന്നതായാലേ ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകൂ.
പ്രചോദനം ശിക്ഷയുടെ ഉപോല്‍പന്നമല്ലെന്ന്‌ മനസ്സിലാക്കാന്‍ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. നല്ല ആശയങ്ങള്‍ ഗ്രഹിക്കാനും അതിലുപരിയായി ഉത്തമഗുണങ്ങള്‍ സ്വാംശീകരിക്കാനുമുള്ള പ്രചോദനം അടിയും ഇടിയും കൊണ്ട്‌ ഉണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പാണ്‌. സ്‌നേഹം പകരുന്ന, നര്‍മം വിളമ്പുന്ന, കളികളിലൂടെ കാര്യബോധമുണ്ടാക്കുന്ന ഗുരുവിന്‌ പ്രചോദനത്തിന്റെ വറ്റാത്ത ഉറവകളൊഴുക്കാന്‍ സാധിക്കും. പല്ലിറുമ്മിയും കണ്ണു ചുവപ്പിച്ചും ഭീഷണിപ്പെടുത്തിയും, വളരുന്ന തലമുറയെ സ്വര്‍ഗകവാടങ്ങളിലേക്ക്‌ ആനയിക്കാന്‍ കഴിയില്ലെന്നും ഇതോടൊപ്പം ഓര്‍ക്കുക.

മുഹമ്മദ്‌ നബി(സ) കുട്ടികളെ ലാളിച്ചതിനും കളിപ്പിച്ചതിനും ഹദീസുകളില്‍ വേണ്ടത്ര തെളിവുകളുണ്ട്‌. നിങ്ങളുടെ സന്തതികളെ നിങ്ങള്‍ ആദരിക്കുകയും അവര്‍ക്ക്‌ നല്ല ശിക്ഷണം നല്‍കുകയും ചെയ്യണമെന്ന്‌ നബി(സ) പറഞ്ഞതായി ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കുട്ടികളെ ആദരിക്കുക എന്നതിന്റെ താല്‍പര്യം കുട്ടിത്തത്തോട്‌ നീതിപുലര്‍ത്തുക എന്നാണ്‌. കുട്ടികള്‍ യുവാക്കളെപ്പോലെയോ വൃദ്ധരെപ്പോലെയോ പെരുമാറണമെന്ന്‌ ശഠിക്കുന്നത്‌ അവരെ ആദരിക്കലാവില്ല. നബി(സ) കുട്ടികളെ അടിച്ചുപഠിപ്പിച്ചതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും തെളിവ്‌ കണ്ടെത്താനാവില്ല. കാരുണ്യം വറ്റാത്ത മനസ്സുമായി അദ്ദേഹം പ്രബോധനം ചെയ്‌ത സത്യമതം കൊച്ചുകുട്ടികളെ പ്രഹരത്തിന്റെ പിന്‍ബലത്തോടെ പഠിപ്പിക്കുന്നത്‌ വിരോധാഭാസമല്ലേ എന്ന്‌ നാം ആദ്യം ആഴത്തില്‍ ചിന്തിക്കുകയും പിന്നീട്‌ ഉറക്കെ ചോദിക്കുകയും ചെയ്യേണ്ടതുണ്ട്‌.

from ശബാബ് എഡിറ്റോറിയല്‍