കള്ളസാക്ഷ്യത്തിന്റെ കെടുതികള്‍

അബൂബറക്കത്ത്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: വന്‍ പാപങ്ങള്‍ ഏതാണെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അതെ, പ്രവാചകരേ. നബി (സ) പറഞ്ഞു: "അല്ലാഹുവില്‍ പങ്കുചേര്‍ക്കലും മാതാപിതാക്കളെ ഉപദ്രവിക്കലും. ഇത്‌ പറയുമ്പോള്‍ നബി(സ) ചാരിയിരിക്കുകയായിരുന്നു. അദ്ദേഹം നേരെ ഇരുന്നുകൊണ്ട്‌ ഇപ്രകാരം കൂടി പറഞ്ഞു: അറിയുക. കള്ള സാക്ഷ്യവും. നബി(സ) ഈ വാചകം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം നിശ്ശബ്‌ദത പാലിച്ചെങ്കില്‍ എന്നുപോലും ഞങ്ങള്‍ ആഗ്രഹിച്ചുപോയി.'' (ബുഖാരി, മുസ്‌ലിം)

 കള്ള സാക്ഷ്യം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, കള്ള സത്യവാങ്‌മൂലം സമര്‍പ്പിക്കല്‍, കളവ്‌ പറയല്‍ എന്നിവ വര്‍ഗസ്വഭാവമുള്ള, പരസ്‌പര ബന്ധിതമായ ദുശ്ശീലങ്ങളും ദുസ്സ്വഭാവങ്ങളുമാണ്‌. സത്യവിശ്വാസികള്‍ ഇവയില്‍ നിന്ന്‌ അകന്നുനില്‌ക്കേണ്ടതാണ്‌. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിര്‍ക്കിനെയും മാതാപിതാക്കളെ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂര മനസ്ഥിതിയെയും വന്‍പാപങ്ങളായി എണ്ണിപ്പറഞ്ഞ കൂട്ടത്തിലാണ്‌ പ്രവാചകന്‍ കള്ളസാക്ഷ്യത്തെയും ഉള്‍പ്പെടുത്തിയത്‌. അല്ലാഹുവിനെ ശരിയായ വിധം മനസ്സിലാക്കി ആരാധനകളുടെ സര്‍വഭാവങ്ങളും അവന്‌ മാത്രം സമര്‍പ്പിക്കുക എന്നതാണ്‌ അല്ലാഹുവില്‍ പങ്കുചേര്‍ക്കാതിരിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. കുടുംബബന്ധങ്ങളുടെ പവിത്രത യഥോചിതം കാത്തുസൂക്ഷിക്കുക എന്നതാണ്‌ മാതാപിതാക്കളെ ഉപദ്രവിക്കാതിരിക്കുക എന്നതുകൊണ്ടര്‍ഥമാക്കുന്നത്‌. ബന്ധങ്ങളില്‍ ഏറ്റവും സുദൃഢവും പരിപാവനവുമായ പ്രഥമ ബന്ധം മാതാപിതാക്കളുമായിട്ടുള്ള ബന്ധമാണ്‌. ഒരു മനുഷ്യന്‍ തന്റെ ബന്ധങ്ങളില്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത്‌ മാതാവിനോടും പിന്നീട്‌ പിതാവിനോടുമാണ്‌ എന്ന്‌ നബി(സ) മറ്റൊരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

 സാമൂഹിക ജീവിത രംഗത്ത്‌ കാത്തുസൂക്ഷിക്കേണ്ട സാംസ്‌കാരിക നിലവാരവും ഔന്നത്യവുമാണ്‌ കള്ളസാക്ഷ്യത്തില്‍ നിന്ന്‌ അകന്നുനില്‌ക്കുക എന്നതിന്റെ താല്‌പര്യം. ഒരു സത്യവിശ്വാസി തന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ തന്റെ സഹോദരനെ വേദനിപ്പിക്കാനോ മുറിവേല്‌പിക്കാനോ പാടില്ല എന്നത്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രത്യേക നിഷ്‌കര്‍ഷകളിലൊന്നാണ്‌. ഇക്കാര്യം വ്യക്തമാക്കുന്ന ധാരാളം പ്രമാണവാക്യങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മാത്രമല്ല സൂചനകളിലൂടെയോ ഭാവഹാനികളിലൂടെയോ പോലും തന്റെ സഹജീവികളും സഹോദരങ്ങളുമായിട്ടുള്ളവരെ ഒരു സത്യവിശ്വാസി നോവിക്കാന്‍ പാടില്ല.

 നബി(സ) പറഞ്ഞു: ``ഒരു മനുഷ്യന്‍ തന്റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്നത്‌ അവന്‌ മതിയായ തിന്മയായിത്തീരുന്നതാണ്‌.'' (അബൂഹുറയ്‌റയില്‍ നിന്ന്‌ മുസ്‌ലിം ഉദ്ധരിച്ചത്‌). ``അധിക്ഷേപിക്കുന്നവനും ശപിക്കുന്നവനും നീചമായും അശ്ലീലതയോടെയും സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല.'' (ഇബ്‌നുമസ്‌ഊദില്‍ നിന്ന്‌ തിര്‍മിദി ഉദ്ധരിച്ചത്‌) ``ആരുടെ നാവില്‍ നിന്നും കരങ്ങളില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരായിട്ടുണ്ടോ അവനാണ്‌ മുസ്‌ലിം.'' (അബ്‌ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്‌) ദൈവ സംപ്രീതരായ ദാസന്മാരുടെ ഉത്തമലക്ഷണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്‌ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ``വ്യാജത്തിന്‌ സാക്ഷി നില്‌ക്കാത്തവരാണവര്‍. അനാവശ്യ വൃത്തികള്‍ നടക്കുന്നേടത്ത്‌ കൂടി പോകുകയാണെങ്കില്‍ മാന്യന്മാരായിക്കൊണ്ടു അവര്‍ നടന്നുപോവുകയും ചെയ്യും.'' (വി.ഖു. 25:72) സത്യവിശ്വാസിയുടെ സംസാര സംസ്‌കാരത്തെ എത്ര വലിയ പ്രാധാന്യത്തോടെയാണ്‌ ഇസ്‌ലാം നോക്കിക്കാണുന്നതെന്ന്‌ ഈ പ്രമാണവാക്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

 കള്ള സാക്ഷ്യവും വ്യാജസത്യവാങ്‌മൂലവും കൊണ്ട്‌ നിരപരാധികളായവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തെറ്റായ വിധി പ്രസ്‌താവത്തിന്‌ അത്‌ കാരണമാവുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, കള്ള സാക്ഷ്യം പറയുന്നവര്‍ക്കും അതിന്‌ കൂട്ടുനില്‌ക്കുന്നവര്‍ക്കും താല്‍ക്കാലികമായ ഭൗതികനേട്ടം അതുകൊണ്ടുണ്ടാക്കുമെങ്കിലും അങ്ങേയറ്റതെ ദുഃഖത്തിനും അസ്വസ്ഥതയ്‌ക്കും അത്‌ കാരണമാവുകയും ചെയ്യും. വ്യക്തികളെ തമ്മില്‍ അകറ്റുക, സമൂഹത്തില്‍ പരസ്‌പരം സംശയവും ഛിദ്രതയുമുണ്ടാക്കുക, നിരപരാധികള്‍ പീഡിപ്പിക്കപ്പെടുക, സമാധാനവും സ്വസ്ഥതയും നഷ്‌ടപ്പെടുക തുടങ്ങിയ ധാരാളം കെടുതികള്‍ ഐഹിക ജീവിതത്തിലും ദൈവിക കോപവും ശിക്ഷയും പാരത്രിക ജീവിതത്തിലും നേടിത്തരുന്ന സംസ്‌കാരശൂന്യമായ ഒരു മഹാ തിന്മയാകുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും കള്ള സാക്ഷ്യം നില്‌ക്കലും. അതിനാല്‍ ആദര്‍ശബോധമുള്ള സത്യവിശ്വാസികള്‍ ഈ ദുസ്സ്വഭാവത്തിന്റെ വാക്താക്കളാകാന്‍ പാടില്ലെന്ന്‌ വ്യക്തം.

 by KPS ഫാറൂഖി @ ശബാബ്