പ്രബോധകന്റെ ജീവിതം

പ്രബോധന രംഗം ഇന്ന് സജീവമാണ്. വിവിധ സംഘടനകളും വ്യക്തികളും ആശയ പ്രചാരണത്തിന്നായി കഴിയുന്നത്ര ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. യോഗങ്ങളും ചര്‍ച്ചകളും മഹാസമ്മേളനങ്ങളും കലാസാഹിത്യ രംഗങ്ങളിലെ എല്ലാ സാധ്യതകളും ആശയ പ്രചാരണത്തിന്റെ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെടുന്നു. ഇതിനു പുറമെ സംഘടനാ സംവിധാനത്തിന്റെ അനിവാര്യതകളായ മീറ്റിങ്ങുകള്‍ ചേരലും റിപ്പോര്‍ട്ട് തയ്യാറാക്കലും സര്‍ക്കുലര്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കലും മറ്റും വേറെയും.

പല സംഘടനാ പ്രവര്‍ത്തകരുടെയും ജീവിതം ഇത്തരം കാര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നിരവധി കമ്മിറ്റികളില്‍ അംഗത്വം,ചെയ്തു തീര്‍ക്കാന്‍ ഏറെ പണികള്‍, രാവും പകലും ഓടി നടന്നു ചെയ്യുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ...സമയത്തിന് നമസ്ക്കരിക്കാനോ സാവകാശത്തില്‍ കുറച്ചുനേരം ഖുര്‍ആന്‍ പാരായണം ചെയ്യാനോ പുതുതായി എന്തെങ്കിലും പഠിക്കാനോ ഇത്തരക്കാര്‍ക്ക് സാധിക്കാതെ പോകുന്നു. ഇതിനെക്കുറിച്ച് പറഞ്ഞാല്‍ ഈ തിരക്ക് പിടിച്ച പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ദീനി പ്രവര്‍ത്തനങ്ങളാണെന്ന് സമാധാനിക്കുകയാണ് പലരുടെയും പതിവ്.

ഇവിടെ ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്ന് : ദീനിന്റെ പ്രചാരണത്തിനു വേണ്ടി ശ്രമിക്കുകയും തന്റെ ജീവിതത്തില്‍ ആ ദീനിന്റെ പ്രകാശം ഉള്‍ക്കൊള്ളാതെ അദ്ധ്വാനിക്കുകയും ചെയ്യുന്നവര്‍ സ്വയം കത്തിനശിച്ചു മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന മെഴുകുതിരിയായി മാറി നഷ്ടമേറ്റു വാങ്ങാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകും.

രണ്ട്: പരലോകത്ത് വെച്ച് വിചാരണ ചെയ്യപ്പെട്ടശേഷം പ്രബോധകന്മാരായിരുന്ന കുറേപേര്‍ നരകത്തില്‍ പ്രവേശിക്കപ്പെടും. ഈ പ്രബോധകന്മാരുടെ ഉപദേശം സ്വീകരിച്ചു സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍ തങ്ങളുടെ ഗുരുക്കന്മാരില്‍ ചിലര്‍ നരകത്തില്‍ എത്തിയതെങ്ങനെ എന്നന്ന്വേഷിക്കും. അപ്പോള്‍ അവരുടെ മറുപടി : 'ഞങ്ങള്‍ നന്മ ഉപദേശിച്ചു, പക്ഷെ ചെയ്തില്ല. തിന്മ വിരോധിച്ചു, അത് ഒഴിവാക്കിയതുമില്ല' എന്നായിരുന്നുവെന്നു നബി (സ) നമ്മെ അറിയിച്ചിട്ടുണ്ട്. ആരാധനകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രബോധകന്റെ ഉപദേശം ഉള്‍ക്കൊണ്ട് സാധാരണക്കാരനായ ഭക്തന്‍ തഹജ്ജുദ് നമസ്ക്കാരവും സുന്നത് നോമ്പും ഖുര്‍ആന്‍ പാരായണവും നടത്തുമ്പോള്‍ ആ പ്രബോധകന്റെ ജീവിതത്തില്‍ ഇതൊന്നുമില്ലെങ്കില്‍ അത് വലിയ നഷ്ടം തന്നെയാണ്.

മൂന്ന് : സ്വന്തം ജീവിതത്തില്‍ സ്വാധീനം ചെലുത്താത്ത ആശയങ്ങളും തത്വങ്ങളും മറ്റുള്ളവരില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ആത്മാര്‍ഥതയില്ലാത്ത പ്രവര്‍ത്തനമാണ്. മാത്രവുമല്ല ഇത്തരം ആശയങ്ങളുടെ മഹത്വം അംഗീകരിക്കേണ്ട സാധാരണക്കാരന്‍ പ്രബോധകന്റെ ആദര്‍ശവും ജീവിതവും തട്ടിച്ചു നോക്കാന്‍ ഇടവന്നാല്‍ ഒരുപക്ഷെ ഈ ആദര്‍ശങ്ങള്‍ തള്ളിക്കളയാനും സാധ്യതയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ പറയരുതെന്നും അങ്ങനെ പറയുന്നത് കുറ്റകരമാണെന്നും അത് അല്ലാഹുവിനു കോപമുണ്ടാക്കുന്ന കാര്യമാണെന്നും ഖുര്‍ആന്‍ പറയുന്നു.

വ്യക്തി ജീവിതത്തില്‍ വിശുദ്ധി' ആരാധനകളിലെ ശുഷ്കാന്തി, ആത്മീയ കാര്യങ്ങളിലുള്ള താല്പര്യം, പഠിച്ചു മനസ്സിലാക്കാനുള്ള ഉത്സാഹം എന്നിവ നമ്മുടെ ചിഹ്നങ്ങളായിരിക്കണം. ഈമാനിന്റെയും തഖ്'വയുടേയും പ്രേരണയായിരിക്കണം നമ്മുടെ സംഘടനാപ്രവര്‍ത്തനവും പ്രബോധന ശ്രമങ്ങളും. സ്വയം സംസ്കരണത്തിന്നാവശ്യമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും നമുക്ക് സാധിക്കണം.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍ from യുവത ബുക്ക്‌സ്