വിനോദവും ഉല്ലാസവും : ഇസ്ലാമിന്റെ വഴി

ചുട്ടുപൊള്ളുന്ന വേനലില്‍ പഠന ചൂടിനു വിരാമം. ഇനി ആശ്വാസത്തിന്റെയും കുളിര്‍മ്മയുടെയും അവധിക്കാലം. സ്കൂള്‍ ബാഗും ഇതരഭാരങ്ങളും ഇറക്കിവച്ചു നമ്മുടെ കുട്ടികള്‍ അവരുടെ ലോകത്തിറങ്ങുന്നു. അവര്‍ക്കിനി രാവിലെ അണിഞ്ഞൊരുങ്ങി സ്കൂള്‍ വണ്ടി കാത്തിരിക്കേണ്ട. ക്ലാസ് മുറിക്കകത്തെ ചൂടേറ്റു ചടഞ്ഞിരിക്കേണ്ട. ഇടംവലം തിരിയാനാവാത്ത അച്ചടക്കത്തിന്റെ ചൂരല്‍ വടികളെ പേടിക്കേണ്ട. ഹോംവര്‍ക്കും ഇമ്പോസിഷനും ഉണ്ടാവില്ല. അവരിനി കാറ്റിനോട് കിന്നാരം ചൊല്ലട്ടെ. പൂന്തോട്ടത്തില്‍ പൂവും പൂന്തേനും തേടി പാറിക്കളിക്കട്ടെ. പൂമ്പാറ്റകളെ കണ്‍നിറയെ കണ്ടും പൂന്തുമ്പികളുടെ പിറകെ വിരല്‍ നീട്ടിപ്പാഞ്ഞും ഒഴിവുകാലം ആസ്വദിക്കട്ടെ. പത്തുമാസത്തെ വിദ്യാര്‍ഥിവേഷം അഴിച്ചുവെച്ച് രണ്ടുമാസം അവര്‍ കുട്ടിവേഷം എടുത്തണിയട്ടെ. പുസ്തകവും പേനയും ചോറ്റുപാത്രവും വെള്ളക്കുപ്പിയും മാറ്റിവെച്ച് അവര്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. ക്ലാസ് മുറിക്കകത്തെ മലിനവായുവിനു പകരം വേനലവധിയുടെ ശുദ്ധവായു ആവോളം ശ്വസിക്കട്ടെ അവര്‍ .

ഒഴിവുകാലത്തിനും അവധിയോ? 

ഒഴിവും ഒഴിവുകാലവും നമുക്ക് ഇല്ലാതാവുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ആരോ പറയുകയോ എവിടെയോ വായിക്കുകയോ ചെയ്യുന്ന പദം മാത്രമായിരിക്കുന്നു ഒഴിവും വിനോദവും. തിരക്കേറിയപ്പോള്‍ നാം ജീവിതത്തിന്റെ വേഗത കൂട്ടി. നടന്നിരുന്നവര്‍ ഓടിത്തുടങ്ങി. ഓട്ടം അതിവേഗമായി. 'അതിവേഗം' എന്നത് നമ്മുടെ മുദ്രയായി. അതിവേഗ ഇന്റര്‍നെറ്റുപോലും നമുക്കായ് ഒരുങ്ങി. ഒഴിവും വിനോദവും നാം വേഗത കുറക്കാന്‍ നോക്കി. പക്ഷെ, കഴിയുന്നില്ല. സ്പീഡ് ബ്രേക്കറും സ്പീഡ് ഗവേര്‍ണറും നമുക്ക് മുന്നില്‍ തോറ്റുപോകുന്നു. ഇതോടെ നമുക്ക് വാശിയായി. പ്രതികാരചിന്തയോടെ നടക്കുന്ന നാം നമ്മുടെ കുട്ടികളുടെ ഒഴിവുകാലം അവര്‍ക്ക് നിഷേധിക്കാന്‍ തുനിയുന്നു. കുടുംബത്തിന്റെ വിനോദവേളകളും നാം മുടക്കുന്നു. എനിക്കൊഴിവില്ലെങ്കില്‍ പിന്നെ ആര്‍ക്കും വേണ്ട ഒഴിവ്, ഞാനില്ലാതെ കുടുംബത്തിനു എന്ത് വിനോദം? ഇത്തരം ചിന്തയെ മനസ്സിലിട്ടു ഹരിച്ചും ഗുണിച്ചും കൊണ്ടുനടക്കുന്ന രക്ഷിതാക്കളാണ് പാവം കുട്ടികള്‍ക്കായി അവധിക്കാലക്കോഴ്സുകളൊരുക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ മെയ്‌ 31വരെ അവരെ അവധിക്കാല കോഴ്‌സുകളില്‍ കുരുക്കിയിടുന്നു. കംപ്യുട്ടര്‍ പഠനം, സ്പെഷ്യല്‍ കോച്ചിംഗ്, നൃത്തം, സംഗീതം, ട്യുഷന്‍ പിന്നെ പലതും. 'അവധിക്കാല വ്യാപാര'ത്തിനിറങ്ങുന്ന സ്വകാര്യ ഏജന്‍സികളുടെ വലയിലേക്ക് സ്വന്തം മക്കളെ തെളിക്കുന്നു ഈ രക്ഷിതാക്കള്‍.

വേനലവധിയിലെ കൊച്ചു കൊച്ചു സ്വപ്നപദ്ധതികളെല്ലാം വേദനയോടെ ഇട്ടെറിഞ്ഞു ഒരു കേന്ദ്രത്തില്‍ നിന്ന് അടുത്ത കേന്ദ്രത്തിലേക്ക് മാറി മാറിപ്പറക്കുന്ന കുരുന്നുകളെ മറ്റുള്ളവര്‍ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു ഇവര്‍ . മക്കള്‍ക്ക്‌ ഒഴിവ് ഇല്ലാതാവുന്നതോടെ കുടുംബിനികളും തിരക്കിലാവുന്നു. കുട്ടികളുടെ സ്കൂള്‍ അടച്ചിട്ടുവേണം സ്വസ്ഥമായൊന്നു വിരുന്നുപോവാന്‍ എന്ന ഉമ്മമാരുടെ കണക്കുകൂട്ടലും ഇവിടെ തെറ്റുന്നു. അടുക്കളയില്‍ ഓടിപ്പാഞ്ഞും അലക്കിയും തേച്ചും അവരും സമയം സന്ധ്യയാക്കുന്നു. എണ്ണയിട്ടയന്ത്രം പോലെ ഭര്‍ത്താവും കുട്ടികളും പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കെങ്ങനെ നോക്കി നില്‍ക്കാനാവും? രാത്രിയില്‍ കൂടിയിരിക്കുമ്പോള്‍ 'ഒന്ന് കളിക്കാന്‍ പോലും കഴിയാതെയുള്ള ഈ പഠനം വെറുത്തു' എന്ന കുട്ടികളുടെ പരാതിയും 'വേനലവധിയില്‍ പോലും ഒഴിഞ്ഞിരിക്കാന്‍ നേരമില്ല' എന്ന കുടുംബിനിയുടെ പരിഭവം കേള്‍ക്കുന്ന കുടുംബനാഥന്‍ അകമേ ചിരിക്കുകയും സമാധാനിക്കുകയും ചെയ്യുന്നു. പക്ഷെ, പരാതിക്കും പരിഭവത്തിനും ചെവി കൊടുക്കാതെ കുടുംബത്തിന്റെയും കുട്ടികളുടെയും ഒഴിവും വിനോദവും നിഷേധിക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തലാണ്.

വിനോദത്തിനു വിലക്കില്ല 

''ആകയാല്‍ ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക" [ശര്ഹ 7]. ഈ വിശുദ്ധവാക്യം അധ്വാനമോ ത്യാഗപരിശ്രമങ്ങളോ ഇല്ലാത്ത ഒരു ദിവസം പോലും വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്ന നിര്‍ദേശമാണോ നല്‍കുന്നത്? ഒഴിവുകാലവും വിനോദവേളകളും വിശ്വാസിക്ക് സംഗതമല്ലെന്ന സന്ദേശം ഇസ്‌ലാം മുന്നോട്ടുവെക്കുന്നില്ല. "നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞ നിലയിലായിരിക്കും വിശ്വാസി മരിക്കുക" എന്ന തിരുവചനവും ഉല്ലാസവേളകളെയും വിനോദങ്ങളെയും വിലക്കുന്നില്ല. വിനോദവും കളിചിരിയും തമാശയും ആവശ്യത്തിനു ആവാമെന്ന് തന്നെയാണ് നബി (സ) പഠിപ്പിക്കുന്നത്‌. ഖുര്‍ആനിക സമീപനവും ഇത് തന്നെയാണ്. ആരാധനയില്‍ കഴിഞ്ഞുകൂടി ഭൌതികജീവിതത്തെ പള്ളിയില്‍ തള്ളിയിടാണോ മന്ത്രങ്ങളില്‍ നാവിനെയും ജപമാലകളില്‍ കൈകളെയും സദാ നിരതമാക്കാനോ ഇസ്‌ലാം ശ്രമിക്കുന്നുമില്ല. തിന്നുകയും കുടിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്തിരുന്ന പ്രവാചകന്‍ (സ) സന്തോഷിക്കുകയും ചിരിക്കുകയും കളി തമാശകളില്‍ ഏര്‍പ്പെടുകയും ചെയ്തതായി അവിടുത്തെ ചര്യകള്‍ പറയുന്നു.

തിരുനബി (സ) ദു:ഖങ്ങളെയും കഷ്ടപ്പാടുകളെയും വെറുത്തു. ആനന്ദത്തെയും സന്തോഷങ്ങളെയും ഇഷ്ടപ്പെട്ടു. ഭയഭക്തി നിറഞ്ഞ ഹൃദയത്തോടെയും നനവാര്‍ന്ന കണ്ണുകളോടെയും നിശാവേളയില്‍ നിന്ന് നമസ്ക്കരിച്ച നബി (സ) ആയിശ (റ)യോടൊപ്പം ഓട്ട മത്സരത്തില്‍ ഏര്‍പ്പെട്ടു ജയിക്കുന്നതും തോല്‍ക്കുന്നതും നാം കാണുന്നു. വിശപ്പിന്റെ വിഷമം മറക്കാന്‍ വയറില്‍ കല്ലുവെച്ച്‌ കെട്ടി യുദ്ധത്തിനായി കിടങ്ങ് നിര്‍മ്മാണത്തിലലിഞ്ഞ തിരുനബി (സ) തന്നെയാണ് സഹാബികളുടെ പ്രോത്സാഹനത്തിനു നടുവില്‍ നടന്ന ഗുസ്തി മത്സരത്തില്‍ റുകാന എന്ന മല്ലനെ മൂന്നുതവണ മലര്‍ത്തിയടിച്ചത്. പള്ളിയില്‍ കൂടിയിരിക്കുന്ന അനുചരന്മാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുത്തിരുന്ന പ്രവാചകന്‍ (സ), 'നബിയെ, എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും' എന്ന അപേക്ഷയുമായി വന്ന കിഴവിയോടു 'വൃദ്ധകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല' എന്ന ഫലിതം പറഞ്ഞു ചിരിക്കുന്നു. കണ്ണും ചിന്തയും പരലോകത്തേക്കു തിരിച്ചുവച്ച് ഐഹിക വിരക്തിയില്‍ ജീവിതം കെട്ടിയിടണമെന്ന ധാരണ നബി (സ) തിരുത്തിയതാണ്. കളിവിനോദങ്ങളില്‍ അലിഞ്ഞു ദൈവസ്മരണകളും ആരാധനയും പരലോക ചിന്തയുമില്ലാതെയുള്ള ജീവിതം അവിശ്വാസികളുടെതാണെന്നും നബി (സ) മുന്നറിയിപ്പ് നല്‍കി. ആരാധനയ്ക്ക് അതിരുവച്ച ഇസ്‌ലാം ആഘോഷത്തിനും പരിധി നിശ്ചയിച്ചു. ഭക്ഷണത്തിലെ ഉപ്പു പോലെയാണ് വിശ്വാസിയുടെ ജീവിതത്തിലെ കളിവിനോദങ്ങള്‍ . ഉപ്പ് ഇല്ലെങ്കില്‍ വിരസം, അധികമായാല്‍ അരുചി. അലി (റ)യുടെ വാക്ക് ഇങ്ങനെ : "നിങ്ങള്‍ മനസ്സിന് ആശ്വാസം നല്‍കുക. അത് മടുത്താല്‍ അന്ധമായിത്തീരും."

വിനോദം ഭക്തിക്കു തടസ്സമോ? 

ചിലരുടെ ധാരണ ഇതാണ്. കളിതമാശയും വിനോദവും എന്തിന്‌? ഭാര്യയുമായുള്ള സല്ലാപവും കുട്ടികളോടൊത്തുള്ള കളിയും ദൈവസ്മരണയില്‍ നിന്നും തെറ്റിക്കില്ലേ? ദൈവബോധമില്ലാത്ത നിമിഷങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാകുമോ? ഈ ധാരണ തെറ്റാണെന്ന് മാത്രമല്ല, നബിചര്യക്ക്‌ വിരുദ്ധവുമാണ്. പേരമക്കളായ ഹസനെയും ഹുസൈനെയും (റ) മുതുകിലിരുത്തി ആന കളിച്ച തിരുനബി (സ) ദൈവബോധമില്ലാത്ത നിമിഷങ്ങളിലായിരുന്നോ? "ഭാര്യമാരുമായി തനിച്ചായാല്‍ നബി (സ) ധാരാളമായി ചിരിക്കുന്ന സൌമ്യനായ പുരുഷനായിരുന്നു" എന്ന് അവിടുത്തെ യുവതിയായ പത്നി ആയിശ (റ)യാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. "വിനോദപ്രേമികളും ചെറുപ്പക്കാരികളുമായ സ്ത്രീകള്‍ക്ക് ആവശ്യമായത് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുക" എന്ന് നബി (സ) അനുചരന്മാരെ ഉപദേശിച്ചിട്ടുമുണ്ട്. ഭാര്യയുമൊത്തുള്ള സല്ലാപത്തെ ദൈവസ്മരണയുള്ള വിനോദമായാണ് നബി (സ) വിശേഷിപ്പിച്ചിട്ടുള്ളത്‌.[നസാഈ] ഒരിക്കല്‍ പ്രമുഖ സഹാബി ഹന്‍ളല (റ) തിരുമുമ്പില്‍ ചെന്ന് പറഞ്ഞു : "ദൂതരെ, ഞാന്‍ കപടനായിരിക്കുന്നു." നബി (സ) ചോദിച്ചു : എങ്ങനെ? ഹന്‍ളല വിശദീകരിച്ചു : "ഞങ്ങള്‍ താങ്കളുടെ മുന്നിലാവുമ്പോള്‍ അവിടുന്ന് സ്വര്‍ഗ്ഗ നരകങ്ങളെപ്പറ്റി പറയുകയും അത് നേര്‍ക്കുനേര്‍ കാണുന്നതുപോലെ ഞങ്ങള്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ പിരിഞ്ഞുപോയി ഭാര്യയോടും കുട്ടികളുമൊത്ത് വിനോദിക്കുമ്പോള്‍ ഞങ്ങള്‍ അതെല്ലാം മറക്കുകയും ചെയ്യുന്നു. ഇത് കാപട്യമല്ലേ?" അപ്പോള്‍ നബി (സ) പറഞ്ഞു : "ഹന്‍ളലാ, നിങ്ങള്‍ എന്റെ മുന്നിലാവുന്നത് ഒരു സമയം, കുടുംബത്തിന്റെ മുന്നിലാവുന്നത് മറ്റൊരു സമയം." ഇത് മൂന്നു തവണ നബി (സ) ആവര്‍ത്തിക്കുകയും ചെയ്തു.

വിനോദവും സല്ലാപവും ഒഴിവുവേളയുമില്ലാത്ത ജീവിതം വിരസവും ഉന്മേഷരഹിതവുമാകും. ആരാധനകളിലും പള്ളിയിലും സദാ ചടഞ്ഞിരിക്കുന്നത് മടുപ്പുളവാക്കുകയും ചെയ്യും. വിശ്വാസിയുടെ സുദീര്‍ഘമായ കര്‍മ്മമാര്‍ഗ്ഗത്തില്‍ മനസ്സിന്റെ വിശ്രമ വേളകളാണ് ഉപദ്രവകാരിയല്ലാത്ത വിനോദങ്ങള്‍ . ഇവ മനുഷ്യപ്രകൃതിയുടെയും ശരീരത്തിന്റെയും താല്പര്യമാണ്. വിനോദത്തിനു മാത്രമായി ഒരവധിക്കാലം ഇസ്ലാമിലില്ല. അവധിക്കാലമുള്ളത് വിദ്യാര്‍ഥികള്‍ക്കാണ്. നിരന്തര പഠനത്തിനും പരിശീലനത്തിനും ശേഷം വരുന്ന ഒഴിവുകാലം അവര്‍ക്കുള്ളത് തന്നെ. ആ ഒഴിവുകാലം അവര്‍ക്ക് നാം നിഷേധിക്കാതിരിക്കുക. അവരുടെ വിനോദങ്ങളില്‍ കുടുംബത്തോടൊപ്പം വല്ലപ്പോഴുമൊക്കെ പങ്കുചേരുക. തിരക്കുകളില്‍ നിന്ന്മാറി അവര്‍ക്കായി അല്‍പ്പനേരം ഒഴിഞ്ഞു കൊടുക്കുക. നമ്മെക്കാളും തിരക്ക്പിടിച്ച ജീവിതമായിരുന്നു നബി (സ)യുടേത്. എന്നാല്‍ മക്കളോടൊപ്പം കളിച്ചു അവിടുന്ന് മാതൃക കാട്ടി. നമ്മെക്കാളധികം ഭാര്യമാരുണ്ടായിരുന്നു നബിക്ക്. ഭര്‍ത്താവെന്ന നിലക്ക് ഒരു ഭാര്യയും അദ്ധേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. പത്നി ആയിഷയുടെ പാവ കൊണ്ടുള്ള കളി അദ്ദേഹം ആസ്വദിച്ചു. അവരുമായി ഓട്ടമത്സരം നടത്തി. അവരുടെ അടുത്തിരുന്നു കുട്ടികളുടെ ദഫ്ഫും പാട്ടും കേട്ടു. എത്യോപ്യക്കാരുടെ കളി ഇരുവരും കണ്ടാസ്വദിച്ചു. അനുചരന്മാരോടൊപ്പം ഗുസ്തി പിടിച്ചു തിരുനബി (സ). ചാട്ടൂളി കളി പ്രോത്സാഹിപ്പിച്ചു. കുതിരപ്പന്തയം നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി. നിബന്ധനയോടെ വേട്ടയാടാന്‍ അനുവാദം നല്‍കി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പാട്ടും സംഗീതവും അനുവദിച്ചു. ആരാധനകള്‍ കൃത്യമായി പഠിപ്പിച്ചു തന്നു. നബി (സ)യുടെ ജീവിതത്തില്‍ ഇപ്പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. അത് നാമെന്തിനു അവഗണിക്കണം? യൂസുഫ് നബി (അ)യെ തങ്ങളോടൊപ്പം അയക്കണമെന്നാവശ്യപ്പെട്ടു സഹോദരങ്ങള്‍ യഅ'ഖൂബ് നബി (അ)യോട് പറയുന്ന കാര്യം ഖുര്‍ആന്‍ പറയുന്നുണ്ട്. "അവനെ ഞങ്ങളോടൊപ്പം അയക്കുക. അവന്‍ ഉല്ലസിച്ചു നടന്നു കളിക്കട്ടെ." [യൂസുഫ് 12]. അതെ, നമ്മുടെ കുട്ടികളെയും നാം വിടുക. അവര്‍ കളിച്ചുല്ലസിക്കട്ടെ.

by വി എസ് എം കബീര്‍ @ പുടവ കുടുംബമാസിക