അല്ലാഹു കൂടെയുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല

"നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല". [അദ്ധ്യായം 2 ബഖറ 38]

 മാനവവംശത്തിന്റെ മാതാപിതാക്കളായ ആദം (അ)നെയും ഹവ്വാ ബീവിയും അല്ലാഹു ആദ്യം പാര്‍പ്പിച്ചത്‌ സ്വര്ഗ്ഗത്തിലായിരുന്നു. ഒരു പരീക്ഷണാര്‍ത്ഥമായിരുന്നു ഈ താമസം. പിശാചിന്റെ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍ക്കുമെതിരെ സൃഷ്ടാവിന്റെ കല്പന അനുസരിക്കുന്നതില്‍ മനുഷ്യന്‍ എത്രത്തോളം അടിയുറച്ചുനില്‍ക്കും എന്ന പരീക്ഷണമായിരുന്നു അത്. അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച് ജീവിച്ചാല്‍ ശാശ്വതമായ സുഖങ്ങള്‍ നിലനിര്‍ത്താമെന്നും ഇബലീസിന്റെ പിന്നാലെയാണ് പോകുന്നതെങ്കില്‍ സ്വര്‍ഗ്ഗീയസുഖം നഷ്ടമാകുമെന്നും അവരെ ബോധ്യപ്പെടുത്തലായിരുന്നു പരീക്ഷണം. പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണു പോയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അല്ലാഹു അവരോടു പറഞ്ഞു. എന്നാല്‍ കാരുണ്യവാനായ നാഥന്‍ അവരെ ശാശ്വതമായി കഷ്ടപ്പെടുത്താനല്ല ഉദ്ദേശിച്ചത്. നന്മയുടെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്കും പശ്ചാത്താപ മനസ്ഥിതിയുള്ളവര്‍ക്കും രക്ഷാമാര്‍ഗ്ഗവും അവന്‍ വിവരിച്ചു കൊടുത്തത് അവന്റെ കാരുണ്യത്തിന്റെ ഭാഗമായാണ്.

 ചിന്താശക്തിയും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കിയ ശേഷം മനുഷ്യന്റെ മുമ്പില്‍ നന്മതിന്മകളുടെ വഴികളും അവന്‍ തുറന്നു കൊടുത്തു. നന്മകളിലൂടെ മുന്നേറിയാല്‍ ലഭിക്കുന്ന നേട്ടങ്ങളുടെ പട്ടികയും തിന്മയിലുറച്ചു നില്‍ക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളും അല്ലാഹു മനുഷ്യനെ അറിയിച്ചു. ഇനി സദ്‌പാന്ധാവിലൂടെ സഞ്ചരിച്ചു സമാധാനചിത്തരാവാനും ദുര്‍വഴി തിരഞ്ഞെടുത്തു ദുരിതക്കയത്തിലെത്താനും അവനു സ്വാതന്ത്ര്യമുണ്ട്. അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് വലിയ രണ്ടു നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നു.

ഒന്ന് : അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. 
രണ്ട് : അവര്‍ക്ക് ദുഖിക്കേണ്ടിവരികയെ ഇല്ല. 

വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് മനുഷ്യന് ഭയമുണ്ടാവുക. കഴിഞ്ഞുപോയ കാര്യങ്ങളായിരിക്കും ദുഖത്തിന്റെ കാരണങ്ങള്‍ . ഭാവിയെക്കുറിച്ച് ആശങ്കയും ഭയവുമില്ലാത്ത ജീവിതം സന്തോഷം നിറഞ്ഞത്‌ തന്നെയാണ്. കഴിഞ്ഞകാര്യങ്ങളിലൊന്നും ദുഖിക്കെണ്ടതില്ലാത്തവന്റെ സന്തോഷവും വലുത് തന്നെ. മരണാനന്തര ജീവിതത്തിലാണ് യഥാര്‍ത്ഥ സുഖവും ദുഖവും അനുഭവിക്കാന്‍ പോകുന്നത്. സൃഷ്ടാവ് കാണിച്ചു തരുന്ന വഴിയിലൂടെ നടന്നു നീങ്ങിയവനാണെങ്കില്‍ പരലോകത്ത് അവനു യാതൊരു ആശങ്കകള്‍ക്കും ആകുലതകള്‍ക്കും സ്ഥാനമില്ല. മറിച്ച് പിശാചിന്റെ പ്രേരണകള്‍ക്കൊത്തു ജീവിച്ചാല്‍ അവന്റെ ജീവിതം ഭയപ്പാടിന്റെയും ദുഖത്തിന്റെയും ലോകമാവും. സൃഷ്ടാവ് കാണിച്ചു തന്ന ഹിദായത്തിന്റെപാത സ്വീകരിക്കല്‍ മാത്രമാണ് വിജയത്തിന്റെയും സമാധാനത്തിന്റെയും ഏക വഴി.
by അബ്ദു സലഫി @ പുടവ മാസിക